ന്യൂദല്‍ഹി: ഇന്ത്യയും യുഎഇയും തന്ത്രപ്രധാനമായ പതിനാല് കരാറുകളില്‍ ഒപ്പുവെച്ചു. റിപ്പബ്ലിക് ദിനാഘോഷത്തിലെ മുഖ്യാതിഥിയായെത്തിയ യുഎഇ കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ സയിദ് അല്‍ നഹ്യാനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും നടത്തിയ കൂടിക്കാഴ്ചയിലാണ് കരാറുകള്‍ യാഥാര്‍ത്ഥ്യമായത്. പ്രതിരോധ, സുരക്ഷാ, വ്യാപാര, വാണിജ്യ മേഖലകളില്‍ വന്‍കുതിച്ചുചാട്ടത്തിന് വഴിവെയ്ക്കുന്നതാണ് കരാറുകള്‍.
ഇരുരാജ്യങ്ങളിലെയും പ്രതിരോധമേഖലയിലെ പൊതു-സ്വകാര്യ കമ്പനികള്‍ തമ്മിലുള്ള സഹകരണ കരാറും ഒപ്പുവെച്ചു. സാങ്കേതികവിദ്യയുടെ കൈമാറ്റവും പ്രതിരോധ വ്യവസായസഹകരണവും യുദ്ധോപകരണങ്ങളുടെ നിര്‍മ്മാണവും കരാര്‍ വഴി യാഥാര്‍ത്ഥ്യമാകും.
സമുദ്രം വഴിയുള്ള വ്യാപാരവാണിജ്യ ഇടപാടുകള്‍ ലളിതമാക്കാനുള്ള കരാറും ഒപ്പുവെച്ചു. റോഡ് ഗതാഗത മേഖലയില്‍ നിര്‍മ്മാണ സാങ്കേതിക വിദ്യകളുടെ കൈമാറ്റം, സ്ത്രീകളുടേയും കുട്ടികളുടേയും മനുഷ്യക്കടത്ത് തടയാനും അവരെ രക്ഷിക്കാനുമുള്ള കരാര്‍, ചെറുകിട ഇടത്തരം വ്യാവസായിക സംരംഭങ്ങള്‍ സംയുക്തമായി ആരംഭിക്കാനുള്ള തീരുമാനം, കാര്‍ഷിക വിപണന സാങ്കേതികവിദ്യകളുടെ കൈമാറ്റം എന്നിവയും യാഥാര്‍ത്ഥ്യമായി.
പ്രസാര്‍ഭാരതിയും എമിറേറ്റ്സ് ന്യൂസ് ഏജന്‍സിയും തമ്മില്‍ വിവരങ്ങള്‍ കൈമാറാനും പരിപാടികള്‍ പങ്കിടാനും നയതന്ത്രപാസ്പോര്‍ട്ട് ഉള്ളവര്‍ക്ക് ഇരുരാജ്യങ്ങളിലും വിസകൂടാതെ യാത്രചെയ്യാനും കരാറുകള്‍ ഒപ്പിട്ടിട്ടുണ്ട്. വ്യാപാര സാധ്യതകള്‍ തിരിച്ചറിയാന്‍ സെമിനാറുകളും വിവര കൈമാറ്റവും സാധ്യമാക്കുന്നതാണ് മറ്റൊരു കരാര്‍.
അബുദാബി നാഷണല്‍ ഓയില്‍ കമ്പനിയുടെ ക്രൂഡ് ഓയില്‍ സംഭരണ കേന്ദ്രം ഇന്ത്യയില്‍ തുടങ്ങാനുള്ള കരാറിലും ഒപ്പുവെച്ചു. ഊര്‍ജ്ജ സംരക്ഷണ,സൈബര്‍മേഖലയിലെ സാങ്കേതികവിദ്യാ വികസനത്തിനും കരാറുകളുണ്ട്. 2015 ആഗസ്റ്റില്‍ മോദി നടത്തിയ യുഎഇ സന്ദര്‍ശന വേളയില്‍ മുന്നോട്ടുവെച്ച ആവശ്യങ്ങളാണ് ഇരുരാജ്യങ്ങളും ഒപ്പുവെച്ച കരാറുകളില്‍ ഭൂരിപക്ഷവുമെന്നത് ശ്രദ്ധേയമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: