കോട്ടയം: എസ്എംഇ വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രതിഷേധ സമരത്തില്‍ രക്ഷിതാക്കളും പങ്കുചേര്‍ന്നതോടെ കോട്ടയം നഗരം നിശ്ചലമായി. ഇന്നലെ ഗാന്ധിപ്രതിമയ്‌ക്ക് മുന്നില്‍ നടത്തിയ ധര്‍ണ്ണയ്‌ക്ക് പിന്തുണയുമായി നൂറുകണക്കിന് വിദ്യാര്‍ത്ഥികളാണ് സമരത്തില്‍ പങ്കെടുത്തത്. വിദ്യാര്‍ത്ഥികളുടെ സമരാവേശത്തില്‍ പൊതുജനങ്ങളും പങ്കെടുത്തതോടെയാണ് നഗരം നിശ്ചലമായത്.
പ്രതിഷേധ പരിപാടികളുടെ ഭാഗമായി വിദ്യാര്‍ത്ഥി രക്ഷാകര്‍തൃ സംയുക്ത സമിതി ഇന്നലെ രാവിലെ പോലീസ് പരേഡ് ഗ്രൗണ്ടിനു സമീപത്തുനിന്ന് കളക്ടറേറ്റിലേക്കു മാര്‍ച്ച് നടത്തി. തുടര്‍ന്ന് ഒന്നു വരെ കളക്ടറേറ്റ് പിക്കറ്റിംഗും പിന്നീട് അഞ്ചു വരെ ഗാന്ധിസ്‌ക്വയറില്‍ ധര്‍ണയും നടത്തി. സമരത്തിന് അഭിവാദ്യം അര്‍പ്പിച്ച് യുവമോര്‍ച്ച ജില്ലാപ്രസിഡന്റ് അഖില്‍ രവീന്ദ്രന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ എന്നിവര്‍ പങ്കെടുത്തു. അനിശ്ചിതകാല’ ധര്‍ണാസമരമാണ് പ്രഖ്യാപിച്ചിരുന്നതെങ്കിലും രക്ഷാകര്‍ത്താക്കളുടെ യോഗം ചേര്‍ന്ന് വൈകുന്നേരം മൂന്നരയോടെ സമരം പിരിച്ചുവിടാന്‍ തീരുമാനിക്കുകയായിരുന്നു. സമരത്തേക്കാള്‍ പ്രായോഗികം നിയമ നടപടികള്‍ സ്വീകരിക്കുകയാണെന്ന ജസ്റ്റിസ് കെ ടി തോമസിന്റെ അഭിപ്രായം യോഗത്തില്‍ ചര്‍ച്ച ചെയ്തതിനെത്തുടര്‍ന്നാണ് തീരുമാനമെടുത്തതെന്ന് രക്ഷകര്‍തൃ പ്രതിനിധി സുരേഷ് തൂമ്പുങ്കല്‍ പറഞ്ഞു. ഇന്ന് ജനറല്‍ കമ്മിറ്റി യോഗം ചേര്‍ന്നു അന്തിമ തീരുമാനമെടുക്കും. 30ന് സെക്രട്ടേറിയറ്റ് മാര്‍ച്ച് അടക്കമുള്ള സമരപരിപാടികളെക്കുറിച്ച് ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, സമരം പിരിച്ചുവിട്ടതായി പ്രഖ്യാപിച്ചുവെങ്കിലും പുതുപ്പള്ളി, പത്തനംതിട്ട എസ്എംഇകളിലെ വിദ്യാര്‍ഥികള്‍ പിരിഞ്ഞ് പോകാന്‍ കൂട്ടാക്കിയില്ല. ഇതോടെ നേരിയ വാക്കുതര്‍ക്കവുമുണ്ടായി. തീരുമാനമുണ്ടായാല്‍ മാത്രം സമരം അവസാനിപ്പിച്ചാല്‍ മതിയെന്നായിരുന്നു ഇവരുടെ നിലപാട്. എട്ടോളം സ്ഥാപനങ്ങളിലായി പാരാമെഡിക്കല്‍ കോഴ്‌സുകള്‍ പഠിപ്പിക്കുന്ന ഈ സ്ഥാപനം ആരോഗ്യസര്‍വകലാശാലയുടെ ചട്ടങ്ങള്‍ക്കു വിരുദ്ധമണെന്ന് ചൂണ്ടിക്കാട്ടി അടുത്ത വര്‍ഷം മുതല്‍ പ്രവേശനം നിഷേധിച്ചിരിക്കുകയാണ്. കുറഞ്ഞ ചെലവില്‍ പഠനം സാധ്യമായ ഈ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുന്നതിന് പിന്നില്‍.
സ്വകാര്യ സ്വാശ്രയ ലോബിയാണെന്നാണ് സമരക്കാര്‍ ചൂണ്ടിക്കാട്ടുന്നത്.
നിലവിലുള്ള കോഴ്‌സുകളുടെ അംഗീകാരവും പുതിയ ബാച്ചുകളുടെ പ്രവേശനവും സംബന്ധിച്ച ആശങ്കകള്‍ അകറ്റണെന്ന് ആവശ്യപ്പെട്ടാണ് വിദ്യാര്‍ത്ഥികളുടെ സമരം. വിദ്യാര്‍ത്ഥികളുടെ ഭാവിയെ സംബന്ധിച്ച ആശങ്ക നിലനില്‍ക്കുമ്പോഴും സര്‍വ്വകലാശാലയും സര്‍ക്കാരും തുടരുന്ന അനാസ്ഥയാണ് പ്രക്ഷോഭത്തിന് പ്രേരണയായത്.
സര്‍വ്വകലാശാലയ്‌ക്കു പ്രതിവര്‍ഷം എട്ടു കോടി രൂപ വരുമാനമുണ്ടാക്കുന്ന എസ്എംഇ സ്ഥാപനങ്ങളെ തകര്‍ക്കാന്‍ ഗൂഢശ്രമം നടന്നുവരികയാണെന്നു വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ആരോപിക്കുന്നത്. സ്വാശ്രയ ലോബികളാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് ആരോപണം.. എസ്എംഇയിലെ പഠിച്ചിറങ്ങുന്നവര്‍ക്കു ലോകത്തെവിടെയും ലഭിക്കുന്ന സ്വീകാര്യത അന്യസംസ്ഥാനങ്ങളിലേതുള്‍പ്പെടെയുള്ള സ്വാശ്രയ മേഖലയുടെ കണ്ണിലെ കരടായി എസ്എംഇയെ മാറ്റി.
സമരത്തിന് വിദ്യാര്‍ത്ഥി പ്രതിനിധികളായ ആദില്‍, ഹൗസിയ കെ. കാസിം, അനന്തു കൃഷ്ണന്‍, അനുരാജ്, രക്ഷാകര്‍ത്തൃ പ്രതിനിധികളായ സുരേഷ് തൂമ്പുങ്കല്‍, രാജേന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
















