ആലപ്പുഴ: സാധാരണക്കാരായ ജനങ്ങള്‍ക്ക് അന്നം നിഷേധിക്കുന്ന സമീപനമാണ് സംസ്ഥാനത്തെ ഇടതുപക്ഷ സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന് ആരോപിച്ചു. ചരിത്രത്തിലാദ്യമായി റേഷന്‍ മുടങ്ങിയതോടെ രാജ്യത്തിനു തന്നെ മാതൃകയായിരുന്ന കേരളത്തിലെ പൊതുവിതരണ സമ്പ്രദായം തകര്‍ന്നതിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും ഇരുമുന്നണികള്‍ക്കും ഒഴിഞ്ഞുമാറാന്‍ കഴിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പൊതുവിപണിയില്‍ അരിവില കുതിച്ചു കയറിയിട്ടും വില നിലവാരം പിടിച്ചു നിര്‍ത്താന്‍ തയ്യാറാവാതെ ഇരുമുന്നികളും പരസ്പരം കുറ്റപ്പെടുത്തി രാഷ്ട്രീയ നാടകം കളിക്കുകയാണ്. 2013ല്‍ നടപ്പാക്കിയ ഭക്ഷ്യ ഭദ്രതാ നിയമം സമയ ബന്ധിതമായി പ്രാവര്‍ത്തികമാക്കാന്‍ കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന് കഴിയാത്തതുമൂലം ഉണ്ടായ പ്രതിസന്ധി കേന്ദ്ര സര്‍ക്കാരിനുമേല്‍ അടിച്ചേല്‍പ്പിക്കാനുള്ള കേരളത്തിലെ ഇരുമുന്നണികളുടെയും നീക്കം സാധാരണക്കാരായ ജനങ്ങള്‍ തിരിച്ചറിഞ്ഞതായും എ.എന്‍. രാധാകൃഷ്ണന് പറഞ്ഞു.
കേരളത്തിന് കേന്ദ്ര സര്‍ക്കാര്‍ നല്കുന്ന റേഷന്‍ വിഹിതം കൂട്ടിത്തരണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിയെ കാണാന്‍ മുഖ്യമന്ത്രി പോയപ്പോള്‍ സംസ്ഥാന ഭക്ഷ്യമന്ത്രിയെ കൂട്ടാതിരുന്നത് മുഖ്യമന്ത്രിക്ക് വിശ്വാസമില്ലാത്തതുകൊണ്ടാണോയെന്ന് വിശദീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാന മന്ത്രിസഭയില്‍ ഇപ്പോള്‍ പരസ്പര വിശ്വാസമില്ലായ്മ മൂലം കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ടിരിക്കുകയാണെന്നും തന്മൂലം ജനകീയ വിഷയങ്ങളില്‍ നിന്നും ഒളിച്ചോടി വിവാദങ്ങളും കലാപങ്ങളും സൃഷ്ടിച്ച് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
സംസ്ഥാനത്ത് ജനങ്ങളെ വഞ്ചിക്കുന്ന ഇരുമുന്നണികള്‍ക്കുമെതിരെ അതിശക്തമായ പ്രക്ഷോഭ പരിപാടികള്‍ സാധാരണ ജനങ്ങളോടൊപ്പം ചേര്‍ന്ന് ബിജെപി സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി ജില്ലാ കമ്മറ്റി സമ്പൂര്‍ണയോഗം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് കെ. സോമന് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സഹ സംഘടനാ സെക്രട്ടറി കെ. സുഭാഷ്, സംസ്ഥാന സെക്രട്ടറി സി. ശിവന്‍കുട്ടി, മേഖലാ പ്രസിഡന്റ് വെള്ളിയാകുളം പരമേശ്വരന്, സംഘടനാ സെക്രട്ടറി എന്‍. പത്മകുമാര്‍, ജില്ലാ ജനറല്‍ സെക്രട്ടറി ഡി. അശ്വനിദേവ്, ജില്ലാ വൈസ് പ്രസിഡന്റുമാരായ പി.കെ. വാസുദേവന്‍, ഡി. പ്രദീപ്, പാലമുറ്റത്ത് വിജയകുമാര്‍, സുഷമ വി. നായര്‍, ജില്ലാ ഖജാന്‍ജി കെ.ജി. കര്‍ത്താ, ജില്ലാ സെക്രട്ടറിമാരായ ടി. സജീവ് ലാല്‍, എല്‍.പി. ജയചന്ദ്രന്, സുമി ഷിബു, ശ്യാമള കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: