തിരുവനന്തപുരം: ലോ അക്കാദമി വിഷയത്തില്‍ എബിവിപി സംസ്ഥാന ജോയിന്റ് സെക്രട്ടറി ആര്.രേഷ്മാബാബു ആരംഭിച്ച നിരാഹാരസമരം മൂന്നാം ദിവസത്തിലേക്ക്. പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരുടെ വിദ്യാര്‍ത്ഥി ദ്രോഹ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ എബിവിപി അക്കാദമിയില്‍ ആരംഭിച്ച സമരം 14 ദിവസം പിന്നിട്ടു. രണ്ടു ദിവസം മുമ്പാണ് ജോയിന്റ് സെക്രട്ടറി രേഷ്മാബാബു സമരത്തിന് പിന്തുണ പ്രഖ്യാപിച്ചത്.
രേഷ്മയുടെ ആരോഗ്യനില വഷളായിട്ടുണ്ട്. രേഷ്മാബാബു നിരാഹാരം കിടക്കുന്ന പശ്ചാത്തലത്തില്‍ സംസ്ഥാന വ്യാപകമായി എബിവിപി സമരപരിപാടികള്‍ നടത്തും. ഇന്ന് കേരളത്തിലെ എല്ലാ നിയമകലാലയങ്ങളിലും വിദ്യാഭ്യാസ ബന്ദ് നടത്തും. അക്കാദമിയിലെ ഭൂമി ഇടപാടുകള്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് എബിവിപി വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി നല്കി. കോളേജിലെ ദളിത് പീഡനങ്ങള്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് എബിവിപി സംസ്ഥാന സെക്രട്ടറി പി.ശ്യാംരാജിന്റെ നേതൃത്വത്തില്‍ ദേശീയ പട്ടികജാതി കമ്മീഷന് പരാതി നല്‍കും.
ഇന്നലെ എബിവിപി ദേശീയ സെക്രട്ടറി ഒ.നിധീഷ് സമരപന്തല്‍ സന്ദര്‍ശിച്ചു. ലാ അക്കാദമി കേരള സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന് വിഷയത്തിലുള്ള മൗനം ഭജ്ജിക്കണമെന്നും നിധീഷ് ആവശ്യപ്പെട്ടു.
കേരളത്തില്‍ മറ്റ് സംസ്ഥാനങ്ങളിലൊന്നും പറഞ്ഞുകേള്ക്കാത്തതിനപ്പുറത്തുള്ള പീഡനമാണ് ക്യാമ്പസില്‍ നടന്നിട്ടുള്ളത്. പെണ്‍കുട്ടികളെ അവഹേളിക്കുന്നതും ദുരിതപീഡനവും ഇന്റേണല്‍ അസസ്മെന്റിന്റെ കാര്യത്തിലെല്ലാം പരാതികളാണ് വന്നുകൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ലക്ഷ്മി നായര്‍ പ്രിന്‍സിപ്പല്‍ സ്ഥാനം രാജിവയ്ക്കാന്‍ തയ്യാറാകണം, നിധീഷ് ആവശ്യപ്പെട്ടു. എബിവിപി സംസ്ഥാന സെക്രട്ടറി പി.ശ്യാംരാജ് ദേശീയ നിര്‍വ്വാഹകസമിതി അംഗം ആര്.അശ്വിന് എന്നിവര്‍ ലോ അക്കാദമിസമരത്തെ അഭിസംബോധന ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: