തിരുവനന്തപുരം: പ്രധാനമന്ത്രിയെ സന്ദര്‍ശിക്കുന്നതിനായി മുഖ്യമന്ത്രി നടത്തിയ ദല്‍ഹി യാത്ര കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കാനുള്ള നാടകം മാത്രമായിരുന്നുവെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്. കേന്ദ്രത്തിന്റെ അടിയന്തിര ഇടപെടല്‍ ആവശ്യമില്ലാത്ത വിഷയത്തില്‍ തെറ്റിദ്ധാരണ പരത്തുന്നരീതിയില്‍ പ്രചാരണം നടത്തിയാണ് മുഖ്യമന്ത്രി ദല്‍ഹി യാത്ര സംഘടിപ്പിച്ചതെന്ന് സുരേന്ദ്രന് പത്രസമ്മേളനത്തില്‍ പറഞ്ഞു.
2 ലക്ഷം മെട്രിക് ടണ്‍ അരി കൂടുതല്‍ വേണമെന്നാണ് പ്രാധാനമന്ത്രിയോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടത്. 14.25 ലക്ഷം മെട്രിക് ടണ്‍ അരിയാണ് കേന്ദ്രത്തിന്റെ ക്വാട്ടയായി കേരളത്തിന് ലഭിക്കുന്നത്. കഴിഞ്ഞ മാസം അത് 15 ലക്ഷം മെട്രിക് ടണ്‍ അരിയായി അധികം നല്കി. ഇപ്പോള്‍ 16.2 ലക്ഷം മെട്രിക് ടണ്‍ അരി വേണമെന്നാണ് മുഖ്യമന്ത്രിയുടെ ആവശ്യം. എന്നാല്‍ കഴിഞ്ഞ 3 മാസമായി 14.25 ലക്ഷം മെട്രിക് ടണ്‍ അരിയില്‍ നിന്ന് എത്ര അരി കേരളത്തിലെ റേഷന്‍ ഉപഭോക്താക്കള്‍ക്ക് നല്കി എന്നത് മുഖ്യമന്ത്രി മറച്ചുവെക്കുകയാണ്. ലഭിച്ച അരിയുടെ 40% മാത്രമാണ് കേരളത്തില്‍ വിതരണം ചെയ്തത്.
കേന്ദ്രത്തില്‍ നിന്നും കേരളത്തിനു ലഭിച്ച അരി, ഗോതമ്പ്, പഞ്ചസാര, മണ്ണെണ്ണ എന്നിവയില്‍ നിന്നും എത്ര ശതമാനം കേരളത്തില്‍ കഴിഞ്ഞ മൂന്നു വര്‍ഷമായ് വിതരണം ചെയ്തിട്ടുണ്ട് എന്ന് വ്യക്തമാക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണം. കേരളത്തില്‍ വലിയ തോതിലുള്ള റേഷന്‍ കരിഞ്ചന്തയും മറിച്ചു വില്‍ക്കലുമാണ് നടക്കുന്നത്. വലിയ തോതിലുള്ള റേഷന്‍ മാഫിയ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. സര്‍ക്കാര്‍ അതിനു ഒത്താശ ചെയ്യുകയാണ്. കേരളത്തിലെ പൊതുവിതരണ സമ്പ്രദായം മുഴുവന്‍ തകരാറിലായതില്‍ കേന്ദ്ര സര്‍ക്കാരിനെ ഒരു തരത്തിലും കുറ്റപ്പെടുത്തണ്ട കാര്യമില്ല.
ഭക്ഷ്യ ഭദ്രതാ നിയമം പാസായാല്‍ മുഴുവന്‍ ആനുകൂല്യവും യഥാര്‍ത്ഥ ഗുണഭോക്താവിനു തന്നെ ലഭിക്കും. അതു കൊണ്ടാണു സിപിഎമ്മിനും കോണ്‍ഗ്രസിനും ആ നിയമം കേരളത്തില്‍ നടപ്പാക്കാന്‍ താല്പര്യമില്ലാത്തത്. കേരളത്തിലെ എപിഎല്‍, ബിപിഎല്‍ ലിസ്റ്റില്‍ വ്യാപക തട്ടിപ്പുകള്‍ ഉണ്ട്. ഇത്തരത്തില്‍ ലിസ്റ്റ് അട്ടിമറിച്ചതിന്റെ ഉത്തരവാദിത്വം മാറി മാറി ഭരിച്ച കോണ്‍ഗ്രസിനും സിപിഎമ്മിനുമാണ്
ഭക്ഷ്യഭദ്രതാ നിയമം പാസാക്കാതിരുന്നിട്ടും കേന്ദ്രം കേരളത്തിനുള്ള ഭക്ഷ്യധാന്യ വിഹിതം വെട്ടിക്കുറച്ചിട്ടില്ല കേരളത്തിലെ പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസ് ഇതിനെതിരെ സംസാരിക്കുകയോ പ്രക്ഷോഭം നടത്തുകയോ ചെയ്യാത്തത് കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്തും ഇതേ തട്ടിപ്പ് തന്നെയാണ് നടന്നു കൊണ്ടിരുന്നതുകൊണ്ടാണ്. പിണറായി വിജയന് ദല്‍ഹിയില്‍ പോയത് വസ്തുതാ വിരുദ്ധമായ കാര്യങ്ങള്‍ പ്രധാനമന്ത്രിയെ ധരിപ്പിക്കാനാണ്. കേരളത്തില്‍ തിരിച്ചു വന്നിട്ട് പോലും എത്ര മാസത്തിനുള്ളില്‍ ഭക്ഷ്യ ഭദ്രതാ നിയമം നടപ്പാക്കും എന്ന കാര്യത്തില്‍ യാതൊരു വ്യക്തതയും വരുത്താന്‍ പിണറായി വിജയനു കഴിഞ്ഞിട്ടില്ല. കെ. സുരേന്ദ്രന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: