കേരളത്തിലെ മാര്‍ക്സിസ്റ്റ് ഭീകരതക്കെതിരെ ദല്‍ഹി ജന്തര്‍ മന്ദിറില്‍ സംഘടിപ്പിച്ച പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍
ന്യൂദല്‍ഹി: രാഷ്ട്രീയ എതിരാളികളെ ചുട്ടുകൊല്ലുന്ന മാര്‍ക്സിസ്റ്റ് ഭീകരതക്കെതിരെ രാജ്യതലസ്ഥാനത്ത് ജനാധിപത്യ വിശ്വാസികളുടെ പ്രതിരോധം. കേരള ഹൗസിന് സമീപം ജന്തര്‍ മന്ദിറില്‍ ആയിരങ്ങള്‍ കൈകോര്‍ത്ത പ്രതിഷേധക്കടല്‍ സിപിഎമ്മിന്റെ അക്രമരാഷ്ട്രീയത്തിനെതിരായ ജനമുന്നേറ്റമായി. രാഷ്ട്രീയ നേതാക്കളും കലാ സാംസ്കാരിക രംഗത്തെ പ്രമുഖരും കേരളത്തിലെ ഭരണകൂട ഭീകരതയെ ചെറുത്തുതോല്‍പ്പിക്കാന്‍ ആഹ്വാനം ചെയ്തു.
സര്‍ക്കാരിനോടും സിപിഎമ്മിനോടും യാചിക്കാനില്ലെന്നും പ്രതിരോധമാണ് ഇനിയുണ്ടാവുകയെന്നും ആര്‍എസ്എസ് സഹസര്‍കാര്യവാഹ് ദത്താത്രേയ ഹൊസബൊളെ വ്യക്തമാക്കി. ഭരിക്കാനല്ല, പ്രതികാരം ചെയ്യാനാണ് കേരളത്തില്‍ സര്‍ക്കാര്‍ ഭരണത്തിലേറിയത്. സംഘപ്രവര്‍ത്തകരെ തുടച്ചുനീക്കുമെന്നത് തങ്ങളുടെ നയമാണെന്ന് സിപിഎം പരസ്യമായി പറയണം. അക്രമവുമായി മുന്നോട്ട് പോകാനാണ് സര്‍ക്കാര്‍ തീരുമാനമെങ്കില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താന്‍ ജനങ്ങള്‍ ആവശ്യപ്പെടുന്ന സാഹചര്യമുണ്ടാകും.
ചോരയും കൂട്ടക്കുരുതിയുമാണ് കമ്യൂണിസത്തിന്റെ ചരിത്രം. സര്‍ക്കാരിനെതിരെ സംഘടിച്ചതിന് ചൈനയില്‍ വിദ്യാര്‍ത്ഥികളെ സൈനിക ടാങ്കറുകള്‍ കയറ്റി കൊലപ്പെടുത്തി. ലോകം മുഴുവന്‍ കമ്യൂണിസത്തെ തിരസ്കരിക്കുന്നു. സ്റ്റാലിനാണ് കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് മാതൃക. അഭിപ്രായ സ്വാതന്ത്ര്യം, മനുഷ്യാവകാശം എന്നിവയെക്കുറിച്ച് മറ്റുള്ളവരെ പഠിപ്പിക്കാനിറങ്ങുന്ന സിപിഎം ഇതൊക്കെ ആദ്യം സ്വയം ഉള്‍ക്കൊള്ളണം. കൊലയാളിപ്പാര്‍ട്ടിയായ സിപിഎം ദൈവത്തിന്റെ സ്വന്തം നാട് നശിപ്പിക്കാനിറങ്ങിയിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
ജന്‍ അധികാര്‍ സമിതിയാണ് പരിപാടി സംഘടിപ്പിച്ചത്. ആര്‍എസ്എസ് അഖിലഭാരതീയ സഹപ്രചാര്‍ പ്രമുഖ് ജെ.നന്ദകുമാര്‍, ബിജെപി ദേശീയ സംഘടനാ ജനറല്‍ സെക്രട്ടറി രാംലാല്‍, ദല്‍ഹി അധ്യക്ഷന്‍ മനോജ് തിവാരി, പ്രാന്തസംഘചാലക് കുല്ഭൂഷണ് അഹൂജ, എംപിമാരായ മീനാക്ഷി ലേഖി, ഡോ.ഉദിത് രാജ്, പര്‍വേഷ് വര്‍മ, വിനോദ് സോംഗാര്, നടന് മുകേഷ് ഖന്ന, മൗലാനാ കോകാബ് മുര്‍താസ, വിഎച്ച്പി ജോയിന്റ് ജനറല്‍ സെക്രട്ടറി ഡോ.സുരേന്ദ്ര ജയിന്, സംവിധായിക അദ്വൈത കല എന്നിവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: