ജസ്നിയ കെ ജയദീഷ്.
തൃശൂര്‍: ദുബായിയില്‍ നിന്നും നാട്ടിലേക്ക് പഠനം മാറ്റുമ്പോള്‍ ജസ്നിയയുടെ മനസില്‍ ഒരു ലക്ഷ്യം കൂടിയുണ്ടായിരുന്നു.ഏഷ്യയിലെ ഏറ്റവും വലിയ കലാമേളയായ സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെ ഭാഗമാകണം. ആ ലക്ഷ്യം നിറവേറ്റാനായതിന്റെ സന്തോഷത്തിലാണ് പാവറട്ടി സികെസിജി എച്ച് എസ്സിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ജസ്നിയ കെ ജയദീഷ്. പങ്കെടുക്കുക മാത്രമല്ല എല്ലാ ഇനത്തിലും എ ഗ്രേഡും കരസ്ഥമാക്കുമ്പോള്‍ സന്തോഷം ഇരട്ടിയായി.
മോഹിനിയാട്ടം, ഭരതനാട്യം, കുച്ചുപ്പുടി എന്നിവയിലാണ് ജസ്നിയ മത്സരിച്ചത്. ഇതില്‍ കുച്ചുപ്പുടിയില്‍ മൂന്നാംസ്ഥാനവും ഭരതനാട്യത്തില്‍ നാലാംസ്ഥാനവും നേടി. കുച്ചുപ്പുടിയുടെ ഫലം വന്നപ്പോള്‍ ആദ്യം പതിനേഴാം സ്ഥാനത്തായിരുന്നു. ഹയര്‍ അപ്പീല്‍ നല്‍കിയതിനെത്തുടര്‍ന്ന് പുനര്‍ മൂല്യ നിര്‍ണയം നടത്തിയപ്പോള്‍ മൂന്നാം സ്ഥാനത്തെത്തുകയായിരുന്നു. ജില്ലാ കലോത്സവത്തില്‍ മോഹിനിയാട്ടത്തില്‍ മാത്രമായിരുന്നു സംസ്ഥാനതലത്തിലേക്ക് യോഗ്യത നേടിയത്. മറ്റ് രണ്ടിനങ്ങളിലും അപ്പീല്‍ നേടിയാണ് മത്സരിക്കാന്‍ എത്തിയത്. കഴിഞ്ഞ വര്‍ഷം ജില്ലാ കലോത്സവത്തില്‍ മോഹിനിയാട്ടത്തിലും ഭരതനാട്യത്തിലും ഒന്നാം സ്ഥാനവും ഏകാഭിനയത്തില്‍ മൂന്നാംസ്ഥാനവും ജസ്നിയ നേടിയിരുന്നു. എന്നാല്‍ യുപി വിഭാഗമായതിനാല്‍ സംസ്ഥാനകലോത്സവത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല.
പാവറട്ടി സ്വദേശിയായ ജയദീഷിന്റെയും അമ്പിളി ജയദീഷിന്റെയും മകളായ ജസ്നിയ ആറാം തരം വരെ പഠിച്ചത് ദൂബായിലെ സിബിഎസ്ഇ സ്കൂളിലായിരുന്നു. ദുബായ് ആള് യുഎഇ കലോത്സവത്തില്‍ നാല് തവണ കലാതിലകമായിരുന്നു. ഇന്ത്യക്കകത്തും പുറത്തുമായി നിരവധി മത്സരങ്ങളിലും കലാമേളകളിലും വിജയിയായിട്ടുണ്ട്. മിനിസ്ക്രീനിലും ഈ കൊച്ചുകലാകാരി കഴിവുതെളിയിച്ചിട്ടുണ്ട്. അമൃത ടിവിയിലെ സൂപ്പര്‍ ഡാന്‍സര്‍ ജൂനിയറില്‍ വിജയിയായ ജസ്നിയ കൊച്ചുടിവിയിലെ അവതാരകയുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: