ചെന്നൈ: തമിഴ്നാട്ടിലെ ജെല്ലിക്കെട്ട് സമരം കലാപമായി. ചെന്നൈ മറീന ബീച്ചിലെ പ്രതിഷേധക്കാരെ ഒഴിപ്പിക്കാന്‍ പോലീസ് നടത്തിയ ശ്രമം സംഘര്‍ഷത്തില്‍ കലാശിച്ചു. പ്രതിഷേധക്കാര്‍ ചെന്നൈ നഗരത്തിലെ ഐസ് ഹൗസ് പോലീസ് സ്റ്റേഷന് തീയിട്ടു, പരിസരത്ത് പാര്‍ക്ക് ചെയ്തിരുന്ന 50 ബൈക്കുകള്‍ക്കും തീവച്ചു. മധുര, കോയമ്പത്തൂര്‍, ഡിണ്ടിഗല്‍ തുടങ്ങിയ പ്രധാന നഗരങ്ങളിലെല്ലാം പ്രതിഷേധക്കാരും പോലീസും ഏറ്റുമുട്ടി. അതിനിടെ, ഇന്നലെ വൈകിട്ട് തമിഴ്നാട് നിയമസഭ ജെല്ലിക്കെട്ട് ബില്‍ പാസാക്കി.
പോലീസ് സ്റ്റേഷന് തീവച്ച സംഭവത്തില്‍ 25 പേരെ അറസ്റ്റ് ചെയ്തു. പോലീസ് നടപടിയില്‍ ഇടപെടണമെന്ന ആവശ്യം മദ്രാസ് ഹൈക്കോടതി തള്ളി. പ്രക്ഷോഭക്കാര്‍ക്കിടയിലേക്ക് രാജ്യദ്രോഹ ശക്തികള്‍ നുഴഞ്ഞുകയറിയതായി സംസ്ഥാന സര്‍ക്കാരിന് വിവരം ലഭിച്ചു.
ജെല്ലിക്കെട്ടിനായി ഓര്‍ഡിനന്‍സ് ഇറക്കിയതും നിയമസഭ നിയമം പാസാക്കുന്നതും ചൂണ്ടിക്കാട്ടിയാണ് മറീന ബീച്ചിലെ പ്രക്ഷോഭകരോട് ഒഴിഞ്ഞുപോകാന്‍ ഇന്നലെ രാവിലെ ആറു മണിയോടെ പോലീസ് ആവശ്യപ്പെട്ടത്.
സമരനേതാവ് ജെല്ലിക്കെട്ട് പുതുക്കാപ്പ് പേരവൈ സംഘം പ്രസിഡന്റ് പി. രാജശേഖറും പോലീസിനെ പിന്തുണച്ചു. ഇതോടെ, ഒരു വിഭാഗം പിരിഞ്ഞുപോയെങ്കിലും മറ്റുള്ളവര്‍ തയാറായില്ല. തുടര്‍ന്ന് പോലീസ് ഇവരെ ഒഴിപ്പിച്ചു തുടങ്ങി. ഇതോടെയാണ് സംഘര്‍ഷം വ്യാപിച്ചത്. കടലില്‍ച്ചാടുമെന്ന് സമരക്കാര്‍ വ്യക്തമാക്കിയതോടെ നടപടിക്ക് വേഗം കുറഞ്ഞു. പ്രക്ഷോഭകര്‍ക്ക് ഭക്ഷണം കൊണ്ടുവരുന്ന വഴികളെല്ലാം പോലീസ് അടച്ചു. കടല്‍ വഴിയാണ് പിന്നീട് ഭക്ഷണമെത്തിച്ചത്.
സമരക്കാരെ പിരിച്ചുവിടാന്‍ പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. കല്ലേറില്‍ ഒട്ടേറെ പോലീസുകാര്‍ക്കും പരിക്കുണ്ട്. ചെന്നൈ നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളെല്ലാം അടച്ചു. ജീവനക്കാരോട് ഇന്നലെ ജോലിക്ക് ഹാജരാകേണ്ടതില്ലെന്ന് സ്വകാര്യ സ്ഥാപനങ്ങള്‍ നിര്‍ദേശിച്ചിരുന്നു.
മധുരയില്‍ നഗരത്തിലും, അളകനെല്ലൂരുമാണ് സംഘര്‍ഷമുണ്ടായത്. നിരവധി പേര്‍ക്ക് പരിക്ക്. പിരിഞ്ഞു പോകാനുള്ള പോലീസിന്റെ നിര്‍ദേശം പ്രക്ഷോഭകര്‍ ലംഘിച്ചതാണ് ലാത്തിച്ചാര്‍ജില്‍ കലാശിച്ചത്. കോയമ്പത്തൂരില്‍ രാവിലെ സമരം ശാന്തമായിരുന്നെങ്കിലും, ചെന്നൈയിലെ സംഭവങ്ങള്‍ അറിഞ്ഞതോടെ സംഘര്‍ഷമായി. കല്ലേറിലും ലാത്തിച്ചാര്‍ജ്ജിലും പ്രക്ഷോഭകരും പോലീസും ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. ഉച്ചയോടെ നഗരത്തില്‍ കടകള്‍ അടച്ചു തുടങ്ങി.
പോലീസ് നടപടിയില്‍ ഡിഎംകെ വര്‍ക്കിങ് പ്രസിഡന്റ് എം.കെ. സ്റ്റാലിനും ചലച്ചിത്ര താരം കമല്ഹാസനുമുള്പ്പെടെ പ്രതിഷേധിച്ചു. സമാധാനപരമായി സമരം നടത്തിയവരെയാണ് പോലീസ് നേരിട്ടതെന്ന് ഇരുവരും പറഞ്ഞു. ഡിഎംകെ അംഗങ്ങള്‍ രാവിലെ നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. പ്രക്ഷോഭം അവസാനിപ്പിക്കണമെന്ന് രജനീകാന്ത് ആവശ്യപ്പെട്ടു. ”ആവശ്യം നേടിയെടുത്തതിനാല്‍ സമരം അവസാനിപ്പിക്കണം. സമരം വഴിതിരിച്ചുവിടാനുള്ള ശ്രമം നടക്കുന്നു. അതിന്റെ ചീത്തപ്പേര് പ്രക്ഷോഭകര്ക്കാകും” രജനി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: