ഇടുക്കി: അഞ്ചേരി ബേബിവധക്കേസില്‍ ജില്ലാക്കോടതിയുടെ നടപടികള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ ജയചന്ദ്രന് നല്കിയ ഹര്‍ജിയില്‍ തീരുമാനമായില്ല. ഹൈക്കോടതി ഹര്‍ജി വേഗത്തില്‍ പരിഗണിച്ച് ജില്ലാ കോടതിയുടെ നടപടികള്‍ സ്റ്റേ ചെയ്യുമെന്നാണ് സിപിഎം നേതാക്കള്‍ പ്രതീക്ഷിച്ചിരുന്നത്. ഹര്‍ജി പരിഗണിക്കുന്നത് അടുത്ത മാസം എട്ടിലേക്ക് മാറ്റുകയായിരുന്നു.
അഞ്ചേരി ബേബി വധക്കേസില്‍ ഹൈക്കോടതിയില്‍ നിന്നും കിട്ടുന്ന ആദ്യ പ്രഹരമാണ് ഹര്‍ജി മാറ്റിയത്. കേസില്‍ ഇന്നലെ സ്റ്റേ ലഭിക്കാതെ വന്നതോടെ തൊടുപുഴ ജില്ലാ കോടതിയില്‍ ഇന്ന് നടക്കുന്ന കേസിന്റെ വിചാരണയില്‍ മന്ത്രി എം.എം മണിയും സിപിഎം ജില്ലാ സെക്രട്ടറി കെ.കെ ജയചന്ദ്രനും എത്തണം. തൊടുപുഴ കോടതി ഇന്ന് കേസ് പരിഗണിക്കുന്നുണ്ട്.
അതിനിടെ ബേബി വധക്കേസില്‍ തൊടുപുഴ ജില്ലാ കോടതിയുടെ നടപടി സ്റ്റേചെയ്യണമെന്നും കുറ്റപത്രം റദ്ദാക്കണമെന്നുമുള്ള കെ.കെ ജയചന്ദ്രന്റെ ഹര്‍ജിയില്‍ കക്ഷി ചേരാന്‍ അഞ്ചേരി ബേബിയുടെ സഹോദരന് ഹൈക്കോടതിയില്‍ അപേക്ഷ നല്കി. ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന് ബെച്ചു കുര്യന് തോമസ് മുഖേനയാണ് ഇത് സംബന്ധിച്ച നടപടി കൈക്കൊണ്ടിരിക്കുന്നത്.
പ്രതികള്‍ക്കെതിരെയുള്ള കേസിന്റെ സാക്ഷിമൊഴിയും തെളിവുകളും അപൂര്‍വ്വതയും കോടതിയെ ബോധ്യപ്പെടുത്തുന്നതിനാണ് ശ്രമമെന്ന് ബേബിയുടെ സഹോദരന് അഡ്വ. ജോര്‍ജ് ജന്മഭൂമിയോട് പറഞ്ഞു. കേസിന്റെ കാലപ്പഴക്കം മൂലം ജില്ലാ കോടതിയിലെ നടപടികള്‍ തുടരുന്നതിന് സാഹചര്യമൊരുങ്ങുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: