2012ല്‍ അഖിലേഷ് മുഖ്യമന്ത്രിയായപ്പോള്‍ മുലായം സിംഗ് യാദവ് ഇങ്ങനെ പറഞ്ഞു: ”ഞാന്‍ ഒരു മുഖ്യമന്ത്രിയുടെ അഭിമാനിക്കുന്ന പിതാവാണ്. ഇന്ത്യയില്‍ മറ്റെങ്ങുമില്ലാത്ത തരത്തില്‍ മാതൃകാപരമായ ഭരണം നടത്താന്‍ അഖിലേഷിന് സാധിക്കും”. കഴിഞ്ഞ നാലഞ്ച് മാസമായി സമാജ്വാദി പാര്‍ട്ടിയില്‍ അധികാരത്തിനായി അഛനും മകനും അമ്മാവനുമൊക്കെ നടത്തിയ തമ്മില്‍ത്തല്ലില്‍ അഖിലേഷ് മുലായത്തെ തോല്‍പ്പിച്ചപ്പോള്‍ അഛന്റെ അഭിമാനമൊക്കെ പോയെന്ന് കരുതുന്നവരുണ്ടാകാം. അവര്‍ക്ക് അരനൂറ്റാണ്ടായി അധികാര രാഷ്ട്രീയത്തെ നിയന്ത്രിക്കുന്ന മുലായത്തെ അറിയില്ലെന്നതാണ് വാസ്തവം.
യാദവ കുടുംബത്തിലെ കലഹത്തിന്റെ ഉപജ്ഞാതാവ് ഇന്ത്യക്കാരനല്ല, വിദേശിയാണ്-ലോകത്തെ അറിയപ്പെടുന്ന തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സ്റ്റീവ് ജാര്‍ഡിംഗ്.
ജൂണില്‍ അഖിലേഷുമായി കൂടിക്കാഴ്ച നടത്തിയ ഹാര്‍വാര്‍ഡ് പ്രൊഫസറായ സ്റ്റീവ് കഴിഞ്ഞ സപ്തംബറിലാണ് ഔദ്യോഗികമായി എസ്പിയുടെ രാഷ്ട്രീയ ഉപദേശക സ്ഥാനത്തെത്തിയത്. മുന്‍ യുഎസ് വൈസ് പ്രസിഡണ്ട് അല്‍ ഗോര്‍, സ്പാനിഷ് പ്രധാനമന്ത്രി മരിയാനോ രജോയ്, ഹിലരി ക്ലിന്റണ് എന്നിവര്‍ക്കൊപ്പം പ്രവര്‍ത്തിച്ച സ്റ്റീവിന് ഇന്ത്യയിലെ ആദ്യ പരീക്ഷണമാണിത്.
സഹപ്രവര്‍ത്തകനായ അദ്വൈത് സിങ്ങിന് സ്റ്റീവ് അയച്ച ഇ മെയിലില്‍ എസ്പിയിലെ ഭിന്നതയുടെ ആകെത്തുകയുണ്ടായിരുന്നു. മാധ്യമങ്ങളില്‍ മുന്നിലെത്താന്‍ കുടുംബത്തില്‍ കൃത്രിമമായി കലഹം സൃഷ്ടിക്കണമെന്ന് താന്‍ മുലായത്തെ ഉപദേശിച്ചതായി ഇ മെയിലില്‍ സ്റ്റീവ് പറയുന്നു. അമ്മാവനെ (രാംഗോപാല്‍ യാദവ്) കരുവാക്കി അഖിലേഷിന്റെ പ്രതിഛായ വര്‍ദ്ധിപ്പിച്ച് പാര്‍ട്ടിയുടെ ഭാവി നേതാവായി ഉയര്‍ത്തിക്കാട്ടണമെന്നും നിര്‍ദ്ദേശിച്ചതായി സ്റ്റീവ് സൂചിപ്പിക്കുന്നു.
ജൂലൈ 24നാണ് സ്റ്റീവിന്റെ മെയില്‍. അഖിലേഷും മുലായത്തിന്റെ സഹോദരന് ശിവ്പാലുമായുള്ള സൗന്ദര്യപ്പിണക്കം കടുത്ത ഭിന്നതയിലേക്കെത്തിയത് ആഗസ്റ്റിലാണ്.
തിരക്കഥ രചിക്കാന്‍ ധാരാളം സമയം അഛനും മകനും ലഭിച്ചു. യാദവ കുടുംബം തമ്മില്‍ത്തല്ലി ചാകാന്‍ പോകുന്നുവെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രവഹിച്ച സമയത്തും അഖിലേഷും മുലായവും പരസ്പരം കുറ്റപ്പെടുത്തിയില്ല. സഹോദരനായ രാംഗോപാല്‍ യാദവ് അഖിലേഷിനെ വഴിതെറ്റിക്കുന്നതായി മുലായം വിമര്‍ശിച്ചപ്പോള്‍ അഖിലേഷ് ശിവ്പാലിനെയും അമര്‍ സിങ്ങിനെയും ലക്ഷ്യമിട്ടു. കണ്വെന്ഷന് വിളിച്ച് തന്നെ മാറ്റി അഖിലേഷിനെ അധ്യക്ഷനാക്കിയതിന് രാംഗോപാലിനെ പുറത്താക്കിയ മുലായം അഖിലേഷിനെ തൊട്ടില്ല.
തര്‍ക്കം തെരഞ്ഞെടുപ്പ് കമ്മീഷനിലെത്തിയപ്പോള്‍ ജനപ്രതിനിധികളുടെ സത്യവാങ്മൂലം ഹാജരാക്കാതെ മുലായം ഒളിച്ചുകളിച്ചു. മകനെതിരെ മത്സരിക്കുമെന്ന് ഭീഷണി മുഴക്കി അവസാന നിമിഷം വരെ അഭിനയത്തില്‍ മുലായം പുലര്‍ത്തിയ സത്യസന്ധത പ്രശംസിക്കാതെ വയ്യ. അതേ മുലായം ഏതാനും ചിലരെ മത്സരിപ്പിക്കണമെന്ന പട്ടിക അഖിലേഷിന് തന്നെ നല്കി.
തെരഞ്ഞെടുപ്പ് കമ്മീഷന് തീരുമാനത്തിനെതിരെ കോടതിയെ സമീപിക്കാനും അദ്ദേഹം ഒരുക്കമല്ല. അഖിലേഷ് മുസ്ലിം വിരുദ്ധനെന്ന കടുത്ത വിമര്‍ശനം മുലായം ഏറ്റവുമൊടുവില്‍ നടത്തിയിരുന്നു. ‘നേതാജി’യെന്നറിയപ്പെടുന്ന മുലായത്തിന് ‘മൗലാന മുലായം’ എന്നൊരു വിശേഷണവുമുണ്ട്. ‘മുസ്ലിം അജണ്ടയുള്ള യാദവ പാര്‍ട്ടി’യെന്ന് എസ്പിയും അറിയപ്പെടുന്നു. ദളിത് ഉള്‍പ്പെടെയുള്ള ഭൂരിപക്ഷം ഹിന്ദു വിഭാഗങ്ങളും പാര്‍ട്ടിക്ക് എതിരാണ്. ഇത് മറികടക്കാനാണ് മുലായം മകനെതിരെ ആഞ്ഞടിച്ചത്. മുസ്ലിങ്ങള്‍ക്ക് വോട്ടുചെയ്യാന്‍ അവര്‍ക്ക് വേണ്ടി ജീവിക്കുകയും മരിക്കുകയും ചെയ്യാന്‍ തയ്യാറാണെന്ന് പ്രഖ്യാപിക്കുന്ന മുലായമുണ്ട്. ഹിന്ദുക്കള്‍ക്ക് വോട്ടുചെയ്യാന്‍ മുസ്ലിം വിരുദ്ധനായ അഖിലേഷുമുണ്ട്. അത്രയേ മുലായവും ഉദ്ദേശിക്കുന്നുള്ളൂ.
നാടകത്തില്‍ ആരൊക്കെ എന്തൊക്കെ വേഷമിട്ടുവെന്ന് വ്യക്തമല്ലെങ്കിലും വില്ലനായി ചിത്രീകരിക്കപ്പെട്ട ശിവ്പാല്‍ യാദവിനാണ് ഏറെ നഷ്ടമുണ്ടായത്. മുലായത്തിന്റെ സര്‍വ്വ സൈന്യാധിപനായിരുന്ന ശിവ്പാല്‍ കാലാള്‍പ്പടയെ നഷ്ടപ്പെട്ട അവസ്ഥയിലാണിപ്പോള്‍. അഖിലേഷ് പാര്‍ട്ടി പിടിച്ചതോടെ സീറ്റ് മോഹികള്‍ക്ക് പോലും ശിവ്പാലിനെ വേണ്ടാതായി. പാര്‍ട്ടിയും കുടുംബത്തിലും അഖിലേഷിനെതിരെ ഉയരുന്ന എതിര്‍പ്പ് തടയുക. അഞ്ച് വര്‍ഷത്തെ ഭരണ പരാജയത്തില്‍ നിന്നും ജനങ്ങളുടെ ശ്രദ്ധ തിരിക്കുക.
ഈ രണ്ട് ലക്ഷ്യങ്ങളാണ് മുലായത്തിനുണ്ടായിരുന്നത്. മാസങ്ങളോളം സംസ്ഥാനത്തെ ചൂടുപിടിപ്പിച്ച രാഷ്ട്രീയ പോരില്‍ ഭരണപരാജയം ചര്‍ച്ചയല്ലാതായി. പാര്‍ട്ടിയില്‍ അഖിലേഷ് ജയിച്ചതോടെ അരാജക ഭരണത്തിന്റെ ഉത്തരവാദികള്‍ മുലായവും ശിവ്പാലും മാത്രമായി. അവര്‍ ശിക്ഷിക്കപ്പെട്ടുകഴിഞ്ഞു. സ്വന്തം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തില്ലെന്ന് മുലായം വ്യക്തമാക്കിയതോടെ നാടകത്തിന് എന്നന്നേക്കുമായി തിരശ്ശീല വീണു. ‘വര്‍ഗ്ഗീയ ശക്തിക’ളില്‍ നിന്നും ഉത്തര്‍ പ്രദേശിനെ രക്ഷിക്കാനെന്ന പ്രസ്താവന കൂടിയിറക്കിയാല് അഖിലേഷിന് വേണ്ടി മുലായത്തിന് പ്രചാരണത്തിനുമിറങ്ങാം.
കുടുംബത്തിലെ എതിര്‍പ്പാണ് അഖിലേഷിന് പാര്‍ട്ടിയിലും നേരിടേണ്ടി വന്നത്. മുലായത്തിന്റെ ആദ്യ ഭാര്യ മാലതി ദേവിയിലുള്ള മകനാണ് അഖിലേഷ്. മാലതി നേരത്തെ മരിച്ചു. രണ്ടാം ഭാര്യ സാധന അഖിലേഷിനെതിരാണ്. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സാധനയെ ഭാര്യയായി മുലായം അംഗീകരിച്ചത്. കുടുംബത്തിന്റെ ബിസിനസ് നോക്കി നടത്തുന്ന മകന് പ്രതീകിനെയും ഭാര്യ അപര്‍ണയെയും അഖിലേഷിന് പകരം നേതാവാക്കാനാണ് സാധനയുടെ ശ്രമം. ഇതിന് അവരെ ശിവ്പാല്‍ സഹായിക്കുന്നു. ഇത്തവണ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ശിവ്പാലും അവകാശവാദം ഉന്നയിച്ചിരുന്നു. ഒടുക്കം പാര്‍ട്ടി അഖിലേഷിന്റെതാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് വ്യക്തമാക്കിയതോടെ എതിര്‍പ്പുകള്‍ക്ക് പ്രസക്തിയില്ലാതായി. മുലായത്തിന്റെ തന്ത്രം മനസിലാക്കാന്‍ ശിവ്പാലിന് സാധിച്ചില്ല.
നാടകങ്ങള്‍ മതിയാകില്ല
അമ്പത് വര്‍ഷത്തിലേറെയായി രാഷ്ട്രീയ രംഗത്ത് നിറഞ്ഞു നില്ക്കുന്ന മുലായം നിരവധി പരീക്ഷണങ്ങള്‍ക്കുശേഷം 1192ലാണ് സമാജ്വാദി പാര്‍ട്ടി സ്ഥാപിച്ചത്. പാര്‍ട്ടിയുടെ സില്‍വര്‍ ജൂബിലി ആഘോഷവേളയിലാണ് അസാധാരണ സംഭവങ്ങള്‍ അരങ്ങേറിയത്. കാല് നൂറ്റാണ്ട് പാര്‍ട്ടിയിലെ അവസാന വാക്കായിരുന്ന മുലായത്തിന് എളുപ്പം പരിഹരിക്കാവുന്ന വിഷയമായിരുന്നു ശിവ്പാലും അഖിലേഷും തമ്മിലെ തര്‍ക്കം. സമവായത്തിന് ഇടനല്‍കാതെ ശിവ്പാലിനൊപ്പം ചേര്‍ന്ന് മകനെ നേരിട്ട മുലായം ഏവരെയും അമ്പരപ്പിച്ചു. പാര്‍ട്ടിയിലെ പിളര്‍പ്പ് ഒത്തുകളിയാണെന്ന്് ആദ്യം മുതല്‍ ബിജെപി ആരോപിച്ചിരുന്നു.
സാധ്യതയുടെ കലയാണ് രാഷ്ട്രീയം. ഇത് തിരിച്ചറിഞ്ഞ രാഷ്ട്രീയ നേതാവാണ് മുലായം. അനിശ്ചിതത്വത്തെ മുലായം അവസരങ്ങളാക്കി മാറ്റി. സോഷ്യലിസ്റ്റ് ആചാര്യന് രാം മനോഹര്‍ ലോഹ്യക്കൊപ്പമായിരുന്നു തുടക്കം. അന്ന് രാഷ്ട്രീയത്തിലെ നിഷ്കളങ്ക മുഖമായിരുന്ന മുലായത്തെ നിരവധി പേരുടെ ഭാവി തീരുമാനിക്കുന്ന ചെറുപ്പക്കാരനെന്ന് ലോഹ്യ വിശേഷിപ്പിച്ചു. ഇന്ദിരയുടെ അടിയന്തരാവസ്ഥക്കാലത്ത് ജയിലില്‍ കിടന്നു. ലോക്ദളില്‍ തന്റെ രാഷ്ട്രീയ പിന്‍ഗാമിയായി ചൗധരി ചരണ്‍ സിംഗ് മുലായത്തെ പ്രഖ്യാപിച്ചു. എന്നാല്‍ വിദേശത്തായിരുന്ന ചരണ്‍ സിങ്ങിന്റെ മകന് അജിത് സിംഗ് തിരിച്ചെത്തി മുലായത്തിനെതിരെ പടനയിച്ചു. ഒടുവില്‍ ലോക്ദളിനെ പിളര്‍ത്തിയ മുലായം ലോക്ദള്‍ (ബി) അധ്യക്ഷനായി. ഈ പാര്‍ട്ടിയെ പിന്നീട് ജനതാദള്‍ (പീപ്പിള്‍സ് പാര്‍ട്ടി) യില്‍ ലയിപ്പിച്ചു. 1989ല്‍ മുഖ്യമന്ത്രിയായെങ്കിലും അല്‍പ്പായുസ്സായിരുന്നു. 1991ലെ തെരഞ്ഞെടുപ്പില്‍ ബിജെപിയോട് തോറ്റു.
ജനതാദള്‍ ദേശീയ രാഷ്ട്രീയത്തില്‍ അപ്രസക്തമായി. തുടര്‍ന്നാണ് സമാജ്വാദി പാര്‍ട്ടിയുടെ പിറവി. അജിത് സിംഗ് ഇപ്പോള്‍ മുലായത്തെ തിരിച്ചു വിളിക്കുന്നുവെന്നതാണ് രാഷ്്ട്രീയത്തിലെ തമാശ. ആര്‍എല്‍ഡിയുടെ അധ്യക്ഷ സ്ഥാനം നല്‍കാമെന്നാണ് അജിത് സിങ്ങിന്റെ വാഗ്ദാനം.
ദേശീയ രാഷ്ട്രീയം മുലായത്തെയും പ്രലോഭിപ്പിച്ചിരുന്നു. യുപിയില്‍ ഒതുങ്ങിയിരുന്ന മുലായത്തിന് ദല്‍ഹിയിലെ അധികാര കേന്ദ്രങ്ങളെ പരിചയപ്പെടുത്തിയത് അറിയപ്പെടുന്ന രാഷ്ട്രീയ ഇടനിലക്കാരനായ അമര്‍ സിങ്ങാണ്. 1998ല്‍ വാജ്പേയ് സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ടപ്പോള്‍ പ്രധാനമന്ത്രിയാകാന്‍ സോണിയ മുലായത്തിന്റെ സഹായം തേടി.
സിപിഎമ്മായിരുന്നു അന്നത്തെ ഇടനിലക്കാര്‍. എന്നാല്‍ മന്ത്രി സ്ഥാനം വേണമെന്ന മുലായത്തിന്റെ ആവശ്യത്തില്‍ ഇത് പൊളിഞ്ഞു. പത്ത് വര്‍ഷത്തിന് ശേഷം ആണവ കരാറിന്റെ പേരില്‍ സിപിഎം യുപിഎ സര്‍ക്കാരിന് പിന്തുണ പിന്‍വലിച്ചപ്പോള്‍ ഇതേ മുലായം രക്ഷകനായി. അമര്‍ സിങ്ങായിരുന്നു ചരടുവലിച്ചത്. പ്രതിഫലമായി കോടികള്‍ക്ക് പുറമെ മുലായത്തെ സിബിഐ അന്വേഷണത്തില്‍ നിന്നും കോണ്‍ഗ്രസ് രക്ഷിച്ചു. ഇതോര്‍ത്താണ് അമര്‍ സിംഗ് ഇല്ലായിരുന്നുവെങ്കില്‍ താന്‍ ജയിലില്‍ കിടക്കേണ്ടി വരുമായിരുന്നുവെന്ന് പരസ്യമായി മുലായം പറഞ്ഞത്. മോദിക്കാലത്ത്, രാഷ്ട്രീയം പുനര്‍ നിര്‍വ്വചിക്കപ്പെടുകയും പരിഷ്കരിക്കപ്പെടുകയും ചെയ്യുന്ന കാലത്ത് പഴയ തന്ത്രങ്ങള്‍ മതിയാകില്ലെന്ന് മുലായവും അഖിലേഷും തിരിച്ചറിയുന്ന തെരഞ്ഞെടുപ്പാകും ഇത്. ജനങ്ങള്‍ വിഢികളല്ലെന്ന് ഉത്തര്‍ പ്രദേശ് തെളിയിക്കും.
(നാല് പതിറ്റാണ്ട് ഉത്തര്‍ പ്രദേശ് അടക്കി ഭരിച്ച കോണ്‍ഗ്രസ് ഇന്ന് നിവര്ന്നുനില്ക്കാന് ഊന്നുവടി അന്വേഷിക്കുന്നു. അതേക്കുറിച്ച് നാളെ)
പ്രതികരിക്കാൻ ഇവിടെ എഴുതുക: