തിരുവനന്തപുരം: അണ്ടല്ലൂരില്‍ ബിജെപി പ്രവര്‍ത്തകനായ സന്തോഷിനെ കൊലപ്പെടുത്തിയ പ്രതികള്‍ക്ക് സിപിഎം നേതാക്കളുമായി അടുത്ത ബന്ധമുണ്ടെന്ന് മാര്‍ക്സിസ്റ്റ് അക്രമവിരുദ്ധ ജനകീയ സമിതി കണ്‍വീനര്‍ എം.ടി. രമേശ്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ജില്ലാ സെക്രട്ടറി പി. ജയരാജനും വ്യക്തിപരമായി അറിയുന്നവരാണ് പ്രതികളെന്നും രമേശ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കൊലപാതകം നടത്തിയശേഷം കൊല്ലപ്പെട്ടയാളെപ്പറ്റി അപവാദം പ്രചരിപ്പിക്കാനാണ് സിപിഎം നേതാക്കള്‍ ശ്രമിച്ചത്. മരിച്ചയാളെപ്പറ്റി കള്ളപ്രചാരണം നടത്തിയതിന് സിപിഎം ജില്ലാ സെക്രട്ടറിക്കെതിരെ കേസെടുക്കണം. കേരളത്തില്‍ ഇപ്പോള്‍ നടക്കുന്നത് സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് അക്രമമാണ്. ഭരണകക്ഷി തന്നെ പോലീസ്സ്റ്റേഷന് അക്രമിക്കുന്ന സംഭവം ഇതാദ്യമാണ്. ആഭ്യന്തരവകുപ്പിന്റെ മൗനാനുവാദത്തോടെയുള്ള അക്രമമാണ് കേരളത്തില്‍ ഇപ്പോള്‍ നടക്കുന്നത്. അതിനാല്‍ ഇരകളായവര്‍ക്ക് നഷ്ടപരിഹാരം നല്കാന് സര്‍ക്കാരിന് ബാധ്യതയുണ്ട്. മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വ്വകക്ഷി യോഗ തീരുമാനം അട്ടിമറിച്ചത് സിപിഎമ്മാണ്. അതുകൊണ്ട് മറ്റുള്ളവര്‍ യോഗതീരുമാനങ്ങള്‍ അനുസരിക്കണമെന്ന് സര്‍ക്കാരിന് ശാഠ്യം പിടിക്കാനാകില്ല.
സ്വന്തം ജീവന് സംരക്ഷിക്കാന്‍ ജനങ്ങള്‍ തെരുവിലിറങ്ങേണ്ട സാഹചര്യമാണ് സംസ്ഥാനത്തുള്ളത്. ജനകീയ പ്രതിരോധത്തിന്റെ ഭാഗമായി ജനങ്ങള്‍ തെരുവിലിറങ്ങിയാല്‍ അവരെ കുറ്റം പറയാനാകില്ല. സിപിഎം അതിക്രമത്തിനെതിരെ രംഗത്തു വരാന്‍ എല്ലാവര്ക്കും ബാധ്യതയുണ്ട്. കൊലപാതക രാഷ്ട്രീയത്തിനെതിരെ അക്രമവിരുദ്ധ സമിതിയുടെ നേതൃത്വത്തില്‍ വിവിധ പ്രക്ഷോഭ പരിപാടികള്‍ നടത്തും. ആദ്യഘട്ടമായി രക്തസാക്ഷി ദിനമായ ജനുവരി 30 ന് ജില്ലാ കേന്ദ്രങ്ങളില്‍ ബഹുജന സത്യഗ്രഹസമരം സംഘടിപ്പിക്കും. രണ്ടാംഘട്ടത്തില്‍ ഫെബ്രുവരി ഒന്നുമുതല്‍ 10 വരെ സംസ്ഥാനത്തെ മുഴുവന്‍ വീടുകളും സമ്പര്‍ക്കം ചെയ്ത് സിപിഎം അക്രമത്തിനെതിരെ ബോധവത്കരണം നടത്തുമെന്നും രമേശ് അറിയിച്ചു.
ഹിന്ദു ഐക്യവേദി സംസ്ഥാനസെക്രട്ടറി കിളിമാനൂര്‍ സുരേഷ്, ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന സെക്രട്ടറി ജി. അഞ്ജനാദേവി എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: