കൊച്ചി: ബ്ലോഗുകളിലൂടെ താന്‍ പറയുന്ന അഭിപ്രായങ്ങള്‍ തന്റേതു മാത്രമാണെന്നും തനിക്ക് പക്ഷപാതമില്ലെന്നും മോഹന്‍ലാല്‍. ദ കംപ്ലീറ്റ് ആക്ടര്‍ എന്ന തന്റെ ബ്ലോഗിലാണ് അദ്ദേഹം മനസ്സു തുറന്നെഴുതിയിരിക്കുന്നത്.
‘ഞാന്‍ ബ്ലോഗുകള്‍ എഴുതാന്‍ തുടങ്ങിയതില്‍ പിന്നെ പല വിഷയങ്ങളിലും അഭിപ്രായം പറഞ്ഞിട്ടുണ്ട്. അവയെല്ലാം ഞാന്‍ എന്ന മനുഷ്യന്റെ മധ്യത്തില്‍ നിന്നാണ് എഴുതിയത്. എങ്ങോട്ടും ചായ്വുകളില്ലാത്ത എന്റെ അഭിപ്രായങ്ങള്‍ ആളുകള്‍ അവര്‍ക്കാവശ്യമുളള രീതിയില്‍ വ്യാഖ്യാനിക്കുകയാണ്’, ലാല്‍ എഴുതുന്നു. ബുദ്ധാവസ്ഥയിലേക്ക് ഉയരണമെങ്കില്‍ പക്ഷമോ മറുപക്ഷമോ ഇല്ലാതെ മദ്ധ്യമപാതയില് നില്‍ക്കണം. അപ്പോള്‍ ജീവിതത്തില്‍ ആനന്ദം തിരിച്ചറിയാനാകുമെന്നും പറയുന്നു ലാല്‍.
അടുത്തിടെ നോട്ടു നിരോധനത്തെക്കുറിച്ചെഴുതിയ ബ്ലോഗിനെ കുറിച്ചുളള വിവാദം കെട്ടടങ്ങിയതിനു ശേഷമുളള മോഹന്‍ലാലിന്റെ ബ്ലോഗാണിത്. തന്നെ ഏറെ ആകര്‍ഷിച്ച വിയറ്റ്നാമില്‍ നിന്നുളള സെന്‍ ബുദ്ധ സന്ന്യാസിയായ തിച്ച് നാത് ഹാനിന്റെ’അറ്റ് ഹോം ഇന്‍ ദ വേള്‍ഡ്’ എന്ന പുസ്തകത്തെ കുറിച്ചാണ് ലാല്‍ പറയുന്നത്. ജീവിതത്തോടുളള അതിന്റെ പ്രസാദാത്മകമായ സമീപനമാണ് തന്നെ ഈ പുസ്തകം ആകര്ഷിച്ചതിനു കാരണമെന്ന് ലാല്‍. ‘ജീവിതത്തെ ഏറ്റവും പ്രസാദാത്മകമായി കാണാനും ചെയ്യുന്ന എല്ലാ ജോലികളേയും ഉള്‍ക്കൊണ്ടു കൊണ്ട് ചെയ്യാനും അത് പഠിപ്പിക്കുന്നു.
‘മൈന്‍ഡ് ഫുള്നെസിനെക്കുറിച്ചാണ് പുസ്തകം പ്രധാനമായും പറയുന്നത്. ഏതുകാര്യവും മനസ്സു നിറഞ്ഞ് ചെയ്യുമ്പോള്‍ അത് യഥാര്‍ത്ഥ ധ്യാനമാകും. ഏതുകാര്യവും ഒരു പരിധി വരെ ഇങ്ങനെ ചെയ്യാന്‍ താന്‍ ശ്രമിക്കാറുണ്ടെന്നും ലാലിന്റെ വാക്കുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: