എരുമേലി: തീര്‍ഥാടനകാലം കഴിഞ്ഞ് ഡോക്ടര്‍മാര്‍ പോയതോടെ എരുമേലി സര്‍ക്കാര്‍ ആശുപത്രിയില്‍ രാത്രി ചികിത്സ നിലച്ചു.
തീര്‍ഥാടനകാലം അവസാനിച്ച തൊട്ടടുത്ത ദിവസം തന്നെ ഡോക്ടര്‍മാരില്ലാത്തതിന്റെ പേരില്‍ ആശുപത്രി അടച്ചു പൂട്ടിയതില്‍ വ്യാപക പ്രതിഷേധമുയരുന്നു.
സീസണ് കാലത്ത് സ്പെഷ്യല്‍ ഡിസ്പെന്‍സറി പ്രവര്‍ത്തിച്ച് ആരോഗ്യ വകുപ്പ് പ്രവര്‍ത്തനം മെച്ചപ്പെടുത്തിയിരുന്നെങ്കിലും തീര്‍ഥാടനകാലം അവസാനിച്ചതോടെ എല്ലാം തകിടം മറിഞ്ഞു. സീസണ് കാലത്ത് മാത്രം കൂടുതല്‍ ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും സേവനം എരുമേലിയില്‍ ലഭ്യമാകും. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ നാല് ഡോക്ടര്‍മാരുടെ സേവനമാണുള്ളത്. ഏഴ് തസ്തികയുള്ള ആശുപത്രിയില്‍ വേണ്ടത്ര ഡോക്ടര്‍മാരെ നിയമിച്ച് 24 മണിക്കൂര്‍ സേവനം ലഭ്യമാക്കുമെന്ന് അധികൃതര്‍ ഉറപ്പ് നല്കിയിട്ടുള്ളതാണ്. എന്നാല്‍ ഇനി മുതല്‍ ഒ.പി. മാത്രമാക്കി സേവനം ചുരുക്കാനാണ് ആലോചന.
രാത്രി കാല ചികിത്സ നിര്‍ത്തലാക്കുന്നതോടെ നിരവധി രോഗികളാണ് ബുദ്ധിമുട്ടുന്നത്. യാതൊരു മുന്നറിയിപ്പുമില്ലാതെ ചികിത്സ അവസാനിപ്പിച്ചതോടെ രാത്രിയില്‍ എത്തിയ രോഗികള്‍ നിരാശരായി മടങ്ങി. സമീപത്തുള്ള സ്വകാര്യ ആശുപത്രികളിലാകട്ടെ അമിത ചാര്‍ജും ഈടാക്കും. മലയോര മേഖലയിലെ സാധാരണക്കാരായ ജനങ്ങളുടെ അശ്രയമാണ് എരുമേലി സര്‍ക്കാര്‍ ആശുപത്രി . തുലാപ്പള്ളി, കിസുമം, നാറാണം തോട്, ഇടകടത്തി, എലിവലിക്കര , വെച്ചൂച്ചിറ , തു ടങ്ങിയ സ്ഥലങ്ങളില്‍ നിന്നും നൂറുകണക്കിന് രോഗികളാണ് ഇവിടെയെത്തുന്നത്.
മതിയായ സേവനം ലഭ്യമാകാതെ വരുന്നതോടെ 20 കിലോ മീറ്റര്‍ അകലെയുള്ള ജനറല്‍ ആശുപത്രിയെ ആശ്രയിക്കേണ്ടതായി വരും. രാത്രി കാലങ്ങളില്‍ അത്യാസന്ന നിലയിലെത്തുന്ന രോഗികള്‍ ബുദ്ധിമുട്ടിലാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: