തൊടുപുഴ: കണ്ണൂരില്‍ നടന്ന സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ അപ്പീലിലൂടെ ഒന്നാമതെത്തി ജില്ലയുടെ അഭിമാനമായിരിക്കുകയാണ് ശ്രീലക്ഷ്മി. എച്ച്എസ്എസ് വിഭാഗം കഥകളി സംഗീതത്തിലാണ് കുമാരമംഗലം എംകെഎന്‍എം എച്ച്എസ്എസിലെ 12-ാം തരം വിദ്യാര്‍ത്ഥിയായ ഈ മിടുക്കി ഒന്നാം സ്ഥാനം നേടിയത്. മത്സരഫലം വന്നപ്പോള്‍ നാലാം സ്ഥാനത്തായിരുന്നെങ്കിലും വിധിയിലെ അപാകത ചൂണ്ടികാട്ടി അപ്പീല്‍ നല്‍കുകയായിരുന്നു. തുടര്‍ന്നാണ് ഇന്നലെ വൈകിട്ടോടെ നാടിന് അഭിമാനകരമായ നിമിഷങ്ങള്‍ സമ്മാനിച്ച് ഫലം വന്നത്.
ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ അഞ്ച് ഇനങ്ങളിലാണ് തൊടുപുഴ ഏറത്ത്വാര്യത്തെ എ.സി സാജന്- ശാരദ ദമ്പതികളുടെ മകള്‍ ശ്രീലക്ഷ്മി മാറ്റുരച്ചത്. ശാസ്ത്രീയ സംഗീതം, സംഘഗാനം, കന്നഡ പദ്യം ചൊല്ലല്‍, ദേശഭക്തിഗാനം എന്നിവയ്ക്ക് എ ഗ്രേഡ് ലഭിച്ചു. കഴിഞ്ഞ വര്‍ഷവും സംസ്ഥാന കലോത്സവത്തില്‍ അഞ്ച് ഇനങ്ങളില്‍ എ ഗ്രേഡ് ലഭിച്ചിരുന്നു.
കഴിഞ്ഞ അഞ്ച് വര്‍ഷമായി ജില്ലയെ പ്രതിനിധീകരിച്ച് കഥകളി സംഗീതം, ശാസ്ത്രീയ സംഗീതം എന്നിവയ്ക്ക് ശ്രീലക്ഷ്മി തന്നെയാണ് മത്സരിക്കുന്നത്. ആലുവ കലാനിലയം രാജീവാണ് ഗുരു.
പിതാവിന്റെ സഹോദര പുത്രിയായ ഗോപിക ജയചന്ദ്രനും മൂന്നിനങ്ങളില്‍ എ ഗ്രേഡ് നേടി. ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിയായ ഗോപിക കഥകളി സംഗീതം, മദ്ദളം, തിരുവാതിര എന്നീ ഇനങ്ങളിലാണ് എ ഗ്രേഡ് നേടിയത്. 2012 ല്‍ ശ്രീലക്ഷ്മിയുടെ ജേഷ്ഠന് കൃഷ്ണചന്ദ്രനും കഥകളി സംഗീതത്തില്‍ സംസ്ഥാന തലത്തില്‍ ഒന്നാം സ്ഥാനം ലഭിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: