ചങ്ങനാശേരി: കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചെറുകിട കച്ചവടക്കാര്‍ക്ക് കഞ്ചാവ് എത്തിച്ചു നല്കുന്ന രണ്ട് മൊത്തവ്യാപാരികള്‍ ചങ്ങനാശേരി എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ ബിജു വര്‍ഗീസിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം പിടികൂടി. എറണാകുളം കുന്നക്കാട് ഭാഗത്തുള്ള സുധീര്‍ എം.എച്ച് (28), എറണാകുളം പെരുമ്പാവൂര്‍ ഭാഗത്തുള്ള ഷിഹാബ് (28) എന്നിവരാണ് എക്സൈസിന്റെ പിടിയിലായത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ കഞ്ചാവ് എത്തിക്കുന്ന ഇവര്‍ കോട്ടയം ജില്ലയിലും കഞ്ചാവ് എത്തിക്കുന്നതായി ചങ്ങനാശേരി എക്സൈസ് റേഞ്ച് ഇന്സ്പെക്ടറിനു ലഭിച്ച രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മാസങ്ങളോളം നീണ്ടുനിന്ന അന്വേഷണങ്ങള്‍ക്കും പരിശ്രമങ്ങള്‍ക്കും ഒടുവിലാണ് ഇവര്‍ ചങ്ങനാശേരി ടൗണിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പിടിയിലാകുന്നത്. 12 വര്‍ഷങ്ങളായി കഞ്ചാവ് വില്‍പ്പനയില്‍ ഏര്‍പ്പെട്ടിട്ടുള്ളതായും കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ കഞ്ചാവ് എത്തിച്ചു കൊടുക്കുന്നതായും എക്സൈസിന്റെ ചോദ്യം ചെയ്യലില്‍ പ്രതികള്‍ സമ്മതിച്ചു. സോഷ്യല്‍ മീഡിയകള്‍ ഉപയോഗിച്ചാണ് ഇവര്‍ കഞ്ചാവിന്റെ വില്‍പ്പനകള്‍ നടത്തിയിരുന്നത്.
ആന്ധ്ര പ്രദേശങ്ങളില്‍ നിന്നുമാണ് കഞ്ചാവ് കേരളത്തിലേക്ക് എത്തിക്കുന്നതെന്നും, ഒരുവട്ടം പോകുമ്പോള്‍ 15 കിലോ കഞ്ചാവ് വരെ എത്തിക്കാറുണ്ടെന്നും, കൂടുതലും ട്രയിന്‍ മാര്‍ഗ്ഗമാണ് കഞ്ചാവ് കേരളത്തില്‍ എത്തിക്കുന്നത് എന്നും എക്സൈസിന് ഇവര്‍ മൊഴി നല്കി. ഇവരുടെ പിന്നില്‍ കഞ്ചാവ് വില്‍പ്പനയുടെ വലിയ ശൃംഖല പ്രവര്‍ത്തിക്കുന്നതായി ഇവരുടെ മൊബൈല്‍ ഫോണില്‍ നിന്നും മനസിലായതായും താമസിക്കാതെ തന്നെ മറ്റുള്ളവരെ പിടികൂടുമെന്നും ഇന്‍സ്പെക്ടര്‍ അറിയിച്ചു. ഇവര്‍ സഞ്ചരിക്കുന്ന സ്കൂട്ടറിന്റെ രഹസ്യ അറയിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. വണ്ടികളുടെ നിര്‍മ്മാണ രീതികള്‍ അറിയാവുന്ന സുധീര്‍ തന്നെയാണ് രഹസ്യ അറ നിര്‍മ്മിച്ചതെന്ന് സമ്മതിച്ചിട്ടുണ്ട്. കഞ്ചാവ് കൈമാറ്റത്തിന് കൂടുതലായും ആരാധനാലയങ്ങളുടെ പരിസരങ്ങളാണ് ഇവര്‍ തിരഞ്ഞെടുക്കാറുള്ളത്.
പോലീസിനും എക്സൈസിനും സംശയം തോന്നാതിരിക്കാനാണ് ഇങ്ങനെയുള്ള സ്ഥലങ്ങള്‍ തിരഞ്ഞെടുക്കുന്നത്. ആന്ധ്രാ പ്രദേശില്‍ നിന്നും തുച്ഛമായ വിലക്ക് കൊണ്ടുവരുന്ന കഞ്ചാവ് 15 ഇരട്ടി വിലക്കാണ് കേരളത്തില്‍ വില്‍പ്പന നടത്തുന്നത്. പ്രിവന്റീവ് ഓഫീസറുമാരായ ശ്രീകുമാര്‍, സജികുമാര്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ കെ.ഷിജു, പി.സജി, ഉണ്ണികൃഷ്ണന് എ.എസ്, ഡി.ഷൈജു, ആന്റണി സേവ്യര്‍, ഡബ്ല്യൂ.സി.ഒ അമ്പിളി, മോളി എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: