അറുപതാണ്ടിനു മുന്‍പ് നേടിയ സമ്മാന മധുരം ഓര്‍മ്മകളില്‍ പങ്കുവെക്കാനായി വല്ലി ടീച്ചര്‍ സംസ്ഥാന സ്കൂള്‍ കലോത്സവ നഗരിയിലെത്തി. 1957 ലെ ആദ്യ ജില്ലാ കലോത്സവത്തില്‍ നാടോടി നൃത്തത്തില്‍ പങ്കെടുത്ത ടീച്ചര്‍ക്ക് മത്സരത്തില്‍ ഒന്നാം സമ്മാനം നേടാനായി. കാടാച്ചിറ സ്കൂളില്‍ എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോഴായിരുന്നു ഇത്. എന്നാല്‍ ഇതിനു ശേഷം കലോത്സവങ്ങളില്‍ പങ്കെടുക്കാന്‍ ആയില്ലെങ്കിലും വിവിധ കലാ സാഹിത്യ നാടക രംഗങ്ങളില്‍ ടീച്ചര്‍ ഇന്നും സജീവമാണ്.
പഠനത്തിന് ശേഷം കല്ല്യാട് യുപി സ്കൂളില്‍ ടീച്ചറായി ജീവിതം തുടരുമ്പോഴും വിരമിച്ചതിനു ശേഷവും നിരവധി പേരെ ടീച്ചര്‍ കലാ രംഗത്തേക്ക് കൈപിടിച്ച് കൊണ്ടുവന്നു. നൃത്തം പഠിപ്പിക്കുമ്പോഴും മറ്റും പ്രതിഫലമായി യാതൊന്നും അഭ്യസിക്കാന്‍ എത്തുന്നവരില്‍ നിന്നും വല്ലി ടീച്ചര്‍ വാങ്ങിക്കാറില്ല. ഒരു സേവനം മാത്രമായി ഇത് കരുതിവന്നു. വിവിധ നാടക ട്രൂപ്പുകളുമായി സഹകരിക്കുകയും അഭിനയിക്കുകയും ചെയ്തു. കണ്ണൂരിലെ വിവിധ സാഹിത്യ സംഘടനകളില്‍ ഇപ്പോഴും അംഗമാണ്.
റേഡിയോ നാടകങ്ങളില്‍ അഭിനയിക്കുമ്പോള്‍ തന്നെ റേഡിയോവില്‍ കവിതകളും, സുഭാഷിതങ്ങളും അവതരിപ്പിച്ചു വരുന്നു. സംഗീത നാടക അക്കാദമി മലബാര്‍ മേഖലാതലത്തില്‍ നല്കിയ മൊഴിയാട്ടം പുരസ്കാരം 2010ല്‍ പ്രശസ്ത സിനിമാ നടന് മുകേഷില്‍ നിന്നും സ്വീകരിക്കാനായത് വലിയ ഭാഗ്യമായി ടീച്ചര്‍ കാണുന്നു. തുടര്‍ന്ന് 2011 ല്‍ ഗുരുപൂജ പുരസ്കാരവും 2015 ല്‍ തന്റെ സാഹിത്യ പ്രവര്‍ത്തനത്തിന് നവോത്ഥാന സാംസ്കാരിക സമിതിയുടെ ഡോ. അംബേദ്കര്‍ നാഷണല്‍ ഫെലോഷിപ്പ് അവാര്‍ഡും ടീച്ചര്‍ക്ക് ലഭിച്ചു. എന്നാല്‍ ഇതില്‍ നിന്നൊക്കെ കിട്ടുന്ന തുക പാവപ്പെട്ട കുട്ടികള്‍ക്കുള്ള പഠന ചിലവായും ജീവകാരുണ്യ ട്രസ്റ്റുകള്‍ക്കും മറ്റും നല്‍കുകയാണ് ടീച്ചര്‍ ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: