കളമശ്ശേരി: എച്ച്എംടിയിലുള്ള മെട്രോ യാര്‍ഡില്‍ നിന്ന് ലക്ഷക്കണക്കിന് രൂപ വില വരുന്ന നിര്‍മാണ സാമഗ്രികള്‍ മോഷ്ടിച്ച ആറുപേര്‍ പിടിയില്‍. മോഷണത്തിന് ക്രെയിനും മറ്റു സൗകര്യങ്ങളും ഉപയോഗപ്പെടുത്തുന്നതായി നേരത്തെ പോലീസിന് വിവരം ലഭിച്ചിരുന്നു. വാഹനപരിശോധനയ്ക്കിടെ കളമശ്ശേരി തോഷിബ ജംഗ്ഷനില്‍ വച്ച് ഇരുമ്പ് ഉള്‍പ്പെടെയുള്ള നിര്‍മ്മാണ സാമഗ്രികള്‍ ലോറിയില്‍ കടത്തുകയായിരുന്ന 6 പേരെയാണ് പിടികൂടിയത്.
മോഷ്ടിച്ച മുതലെന്ന് സംശയം തോന്നി വാഹനം തടഞ്ഞാണ് ഇവരെ കുടുക്കിയത്. പ്രതികള്‍ സഞ്ചരിച്ചിരുന്ന കെഎല്‍ 17 ഡി 3003-ാം നമ്പര്‍ ടിപ്പര്‍ ലോറിയും കെഎല്‍ 05 ജെ 7772-ാ നമ്പര്‍ ബോലെറോ ജീപ്പും പോലീസ് കസ്റ്റഡിയിലെടുത്തു. കൊച്ചി മെട്രോ നിര്‍മ്മാണത്തിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ കോണ്‍ട്രാക് എടുത്തിട്ടുള്ള എല്‍ ആന്‍ഡ് ടി നിര്‍മ്മാണക്കമ്പനിയുടെ എച്ച്എംടി മെട്രോയാഡില് നിന്നുമാണ് മോഷ്ടിച്ചത്. മുമ്പും ഇവിടെ നിന്ന് മോഷ്ടിച്ചിട്ടുള്ളതായി പ്രതികള്‍ സമ്മതിച്ചു. കൊച്ചി മെട്രോ യാര്‍ഡില്‍ മോഷണം പോയിട്ടുള്ളതായി പരാതിയുള്ളതിനാല്‍ പോലീസ് ഈ പ്രദേശത്ത് നിരീക്ഷണം ശക്തിപ്പെടുത്തി അന്വേഷണം നടത്തിവരികയായിരുന്നു. പ്രതികളെ റിമാന്‍ഡ് ചെയ്തു.
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് കളമശ്ശേരി ഇന്‍സ്പെക്ടര്‍ ഇ.വി.ഷിബു, എസ്സിപിഒ സുരേഷ്, സിപിഒ സജിലാല്‍, താജ്ജുദ്ദീന് എന്നിവരുടെ പരിശോധനയിലാണ് മുഹമ്മദ് യാസീര്‍ (35), അബൂബക്കര്‍ (34), അനീഷ് (23), ബിജു കെ.എ (43), റോണി.കെ.എ (25), ലനീഷ് (26) എന്നിവര്‍ പിടിയിലായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: