ചേര്‍ത്തല: കണ്ടമംഗലം ശ്രീരാജരാജേശ്വരി മഹാദേവി ക്ഷേത്രത്തില്‍ പ്രതിഷ്ഠാ ചടങ്ങുകളുടെ ഭാഗമായി ഇന്ന് (22.01) കലശങ്ങളില്‍ വെച്ച് ഏറ്റവും ശ്രേഷ്ഠമായ സഹസ്രകലശം നടക്കും.
ദേവസാന്നിദ്ധ്യവും ചൈതന്യവും വര്‍ദ്ധിക്കുന്നതിനും അനുഗ്രഹ കലാവിശേഷം ചൊരിയുന്നതിനും വേണ്ടി ചെയ്യുന്ന ഒരു സുപ്രധാന കര്‍മ്മമാണ് കലശാഭിഷേകം. ഇതിലൂടെ നാടിനും നാട്ടാര്‍ക്കും വിശിഷ്യ ഭക്തജനങ്ങള്‍ക്കും സര്‍വ്വ ജീവജാലങ്ങള്‍ക്കുപോലും സര്‍വ്വവിധ ഐശ്വര്യങ്ങളും സമൃദ്ധിയും പ്രധാനം ചെയ്യുമെന്നാണ് ആചാര്യമതം.
1001 കലശങ്ങളാണ് വേതമന്ത്രങ്ങള് ഉരുവിട്ട് കണ്ടമംഗലത്തമ്മയുടേയും ഉപദേവതകളുടേയും ശിരസ്സുകളില്‍ അഭിഷേകം ചെയ്യുന്നത്. കേരളത്തില്‍ വിരലിലെണ്ണാവുന്ന ക്ഷേത്രങ്ങളില്‍ മാത്രമേ കലശാഭിഷേകം നടക്കാറുള്ളു.
രാവിലെ പത്തിന് പോലീസ് ഐജി ലക്ഷ്മണ് ഗുലുഗുലോത്ത് ബ്രഹ്മകലശ സമര്‍പ്പണം നിര്‍വഹിക്കും. ഡോ.കാരുമാത്ര വിജയന് തന്ത്രിയും ജിതിന് ഗോപാല്‍ തന്ത്രിയും ചടങ്ങുകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിക്കും.
സഹസ്രകലശത്തില്‍ പങ്കാളികളാകുന്നവര്‍ക്ക് അഭിഷേകം നടത്തിയ കലശകുടം തന്നെ വീട്ടില്‍കൊണ്ടുപോയി പൂജിക്കാന്‍ നല്‍കുമെന്ന് ദേവസ്വം പ്രസിഡന്റ് പി.ഡി ഗഗാറിനും സെക്രട്ടറി രാമചന്ദ്രന് കൈപ്പാരിശ്ശേരിയും പറഞ്ഞു.
ഇന്നലെ മണ്ണും മനുഷ്യനും എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ പരിസ്ഥിതി പ്രവര്ത്തകന് വി.വിദ്യാധരന് ഉദ്ഘാടനം ചെയ്തു. കെ.പുരുഷന് മാന്തറ അധ്യക്ഷനായി. രാജീവ് ആലുങ്കല്‍ മുഖ്യപ്രഭാഷണം നടത്തി. ടി.എസ് വിശ്വന്, കെ.ഡി ജയരാജ്, ഇ.ജി ഹരികൃഷ്ണന് എന്നിവര്‍ സംസാരിച്ചു. മാതൃസങ്കല്പം ഭാരതത്തിലെന്ന വിഷയത്തില്‍ സ്വാമിജി നിഗമാനന്ദ തീര്‍ത്ഥപാദര്‍ പ്രഭാഷണം നടത്തി. മാസ്റ്റര്‍ അനന്തുമണിലാലും സംഘവും അവതരിപ്പിച്ച ഓട്ടന്തുള്ളലും നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: