ആലപ്പുഴ: ജില്ലയിലെ മുഴുവന്‍ ഓരുമുട്ടുകളും സ്ഥാപിക്കുന്നതിനും സ്ഥാപിച്ചിട്ടുള്ളതില്‍ മണ്ണ്, ചെളി നിറയ്ക്കുന്നതിന് ഉടന്‍ നടപടി സ്വീകരിക്കാനും ജില്ലാ കളക്ടര്‍ വീണ എന്‍. മാധവന് നിര്‍ദ്ദേശം നല്കി. ഇതു സംബന്ധിച്ച് ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍.
എന്‍ടിപിസി ഓരുമുട്ടുകള്‍ സ്ഥാപിക്കാറുള്ള പുത്തനാറ്, മുട്ടം എന്നിവിടങ്ങളില്‍ അടിയന്തരമായി ഓരുമുട്ടുകള്‍ സ്ഥാപിക്കണമെന്ന് യോഗം നിര്‍ദ്ദേശിച്ചു. എന്‍ടിപിസി മുട്ടത്തുള്ള ഓരുമുട്ട് സ്ഥാപിച്ചു. ഗ്രാമപഞ്ചായത്തിന്റെയും പാടശേഖരസമിതിയുടെയും ആഭിമുഖ്യത്തില്‍ പുത്തനാറില്‍ ഓരുമുട്ടു സ്ഥാപിക്കുന്നതിന് തയ്യാറാണെങ്കില്‍ അത് പരിശോധിച്ച് മേലധികാരികളില്‍ നിന്ന് അനുമതി വാങ്ങി ഓരുമുട്ട് സ്ഥാപിക്കുന്നതിനുള്ള ചെലവ് വഹിച്ചുകൊള്ളാമെന്നും എന്‍ടിപിസി വ്യക്തമാക്കി. തൃക്കുന്നപ്പുഴ പഞ്ചായത്തിലെ പുളിക്കിയില്‍ ഉള്ള ഓരുമുട്ട് ഇറിഗേഷന്‍ വകുപ്പ് അടിയന്തരമായി സ്ഥാപിക്കും.
ചെങ്ങന്നൂര്‍ മൈനര്‍ ഇറിഗേഷന്‍ ഡിവിഷന്റെ കീഴില്‍ 17 വര്‍ക്കുകളിലായി 45 ഓരുമുട്ടുകള്‍ സ്ഥാപിക്കാനുള്ളതില്‍ ഒമ്പതെണ്ണം മാത്രമാണ് പൂര്‍ത്തീകരിച്ചത്. പുളിക്കിയില്‍ ഓരുമുട്ടു സ്ഥാപിക്കുന്നതിനാവശ്യമായ മണ്ണിന്റെ ലഭ്യതക്കുറവ്മൂലം പ്രവര്‍ത്തി പൂര്‍ത്തീകരിച്ചിട്ടില്ല. തൃക്കുന്നപ്പുഴ പഞ്ചായത്തിലെ പുളിക്കിയില്‍ ഉള്ള ബണ്ടിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അടിയന്തരമായി പൂര്‍ത്തീകരിക്കാന്‍ മൈനര്‍ ഇറിഗേഷന്‍ എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ക്ക് നിര്‍ദ്ദേശം നല്കി. പുത്തനാറില്‍ ഓരുമുട്ട് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ടിപിസിക്ക് കത്ത് നല്കാന് തീരുമാനമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: