തൊടുപുഴ: വിവാഹത്തലേന്ന് വീട്ടില്‍ മോഷണം. എട്ട് പവന് തൂക്കം വരുന്ന മാല കവര്‍ന്നു. തൊണ്ടിക്കുഴ ക്ഷേത്രത്തിന് സമീപം വെട്ടിയാംകുന്നേല്‍ അബ്ദുള്‍ ഖാദറിന്റെ വീട്ടിലാണ് മോഷണം നടന്നത്. ഇന്ന് വിവാഹം നടക്കാനിരിക്കെ നടന്ന മോഷണത്തില്‍ ദുരൂഹതയുണ്ട്. തുറന്നിട്ടിരുന്ന ജനാലയിലൂടെയാണ് മാല കവര്‍ന്നത്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
സംഭവം ഇങ്ങനെ: വിവാഹത്തോടനുബന്ധിച്ച് പള്ളിയില്‍ നടന്ന ചടങ്ങിന് ശേഷം കുടുംബസമേതം ഇന്നലെ പുലര്‍ച്ചെ 12.30 ഓടെയാണ് വീട്ടില്‍ എത്തുന്നത്. 12.45 ഓടെ എല്ലാവരും ഉറങ്ങിയതായാണ് ഗൃഹനാഥന് പറയുന്നത്. 2 മണിയോടെ എണീറ്റപ്പോഴാണ് മാല മോഷണം പോയ വിവരം അറിയുന്നതെന്ന് നവവധു പറയുന്നു. മൂന്ന് പാളിയുള്ള ജനലില്‍ കാലിന്റെ ഭാഗത്തെ കുറ്റിയിട്ടതായി പറയുമ്പോഴും തലയുടെ ഭാഗത്തേത് ഇട്ടതായി ഓര്‍മ്മയില്ലെന്നാണ് യുവതി പോലീസിനോട് പറഞ്ഞത്.
ബന്ധുക്കളായ രണ്ട് പെണ്‍കുട്ടികളും ഇതേ കട്ടിലില്‍ ഉറങ്ങുന്നുണ്ടായിരുന്നു. ഇന്നലെ പുലര്‍ച്ചെ നാല് മണിയോടെ പോലീസ് എത്തി അന്വേഷണം നടത്തി. വിവാഹത്തിനോടനുബന്ധിച്ച് വരന്റെ വീട്ടുകാര്‍ അണിയിച്ച 65 ഗ്രാം തൂക്കം വരുന്ന മാലയും ലോക്കറ്റുമാണ് മോഷണം പോയത്. പ്രതികളെ ഉടന്‍ പിടികൂടുമെന്നും അന്വേഷണം ഊര്‍ജ്ജിതമാക്കിയതായും എസ്ഐ ജോബിന് ആന്റണി പറഞ്ഞു. വീടിന് തൊട്ടടുത്ത് കുന്നുംപുറം-മുതലക്കോടം റൂട്ടില്‍ പരിസരവാസികളല്ലാത്തവര് പോലും എത്തി മദ്യപാനം ഉള്‍പ്പെടെ ഉള്ളവ രാത്രി വൈകിയും നടത്തുന്നതായി നാട്ടുകാര്‍ പറയുന്നു.
വാഹനത്തില്‍ എത്തുന്ന ഇവരെപ്പറ്റി പോലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചതായും ഇവിടെ ഉണ്ടായ അടിപിടി കേസുകള്‍ ഉള്‍പ്പെടെ ഇതില്‍ ചിലര്‍ പ്രതികളാണെന്നും നാട്ടുകാര്‍ പറയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: