കണ്ണൂര്‍ സന്ദര്‍ശനത്തിന് അവസരം ലഭിക്കുന്നത് അപൂര്‍വമാണെങ്കിലും ഞാന്‍ എന്നും കാംക്ഷിക്കുന്ന ഒരു കാര്യം തന്നെയാണ്. കഴിഞ്ഞ 12 ന് അവിടെ പ്രശസ്തമായ വിധത്തില്‍ നടന്നുവരുന്ന സര്‍വമംഗള ചാരിറ്റബിള്‍ ട്രസ്റ്റിന്റെ വാര്‍ഷിക പുരസ്കാര സമര്‍പ്പണവേളയില്‍ അങ്ങനെ ഒരവസരം ലഭിച്ചു. അത് ഏതാണ്ട് ആറുപതിറ്റാണ്ട് മുമ്പ് സഹപ്രവര്‍ത്തകരായിരുന്ന പലരേയും കാണാനും ആശയവിനിമയം നടത്താനും അവസരം നല്കി.
11-ാം തീയതി തന്നെ കണ്ണൂരിലെത്തി ട്രസ്റ്റിന്റെ മുന്‍ ചെയര്‍മാനും ബിജെപി ജില്ലാധ്യക്ഷനുമായിരുന്ന ശശി മാസ്റ്ററുടെ വാരത്തെ വീട്ടിലാണ് താമസിച്ചത്. ചെറുകുന്ന് ശ്രീ അന്നപൂര്‍ണേശ്വരീ ക്ഷേത്രദര്‍ശനത്തിന് അവസരമുണ്ടാക്കണമെന്ന് നേരത്തെ തന്നെ തീരുമാനിക്കപ്പെട്ടിരുന്നു. അരനൂറ്റാണ്ടിനുശേഷമാണ് അന്നപൂര്‍ണേശ്വരി ദര്ശനത്തിനവസരമുണ്ടാകുന്നത്. അതിന് മുന്‍പ് കണ്ണൂരില്‍ ജില്ലാ പ്രചാരകനായിരുന്ന കാലത്ത് കണ്ണപുരം ശാഖയില്‍ രണ്ടാഴ്ചയിലൊരിക്കലെങ്കിലും വരുമായിരുന്നു. അവിടെ പി. ശ്രീധരനും രാഘവന് മാസ്റ്ററും മറ്റും സ്വന്തം സഹോദരനെപ്പോലെയാണ് എന്നോട് പെരുമാറി വന്നത്. അവരെയും കാണണമെന്നാഗ്രഹിച്ചുവെങ്കിലും ഇരുവരും ഇന്നില്ല എന്നു മനസ്സിലായി. മാത്രമല്ല ഇന്നത്തെ പ്രവര്‍ത്തകര്‍ക്ക് അവരുമായി ബന്ധവുമില്ല. കണ്ണപുരത്തെ ശാഖ തന്നെയും നിര്ത്തിവെച്ചരിക്കയാണത്രെ. അവിടെ തടിമില്ലില്‍ ജോലി ചെയ്തിരുന്ന സി.എച്ച്. നാരായണന് അക്കാലത്ത് (1960-64) എന്തിനും പോന്നയാളായിരുന്നു. മില്ലിന്റെ ചക്രത്തില്‍പ്പെട്ട് മുറിഞ്ഞ കാല്‍പെരുവിരല്‍, അവിടെത്തന്നെയുള്ള ഒരു സാദാ സര്ജന് തുന്നിച്ചേര്‍ത്തതുമായായിരുന്നു സിഎച്ച് ശാഖാ പരിപാടികളില്‍ പങ്കെടുത്തത്. ഇന്നാണെങ്കില്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി ആസ്പത്രികളില്‍ വിദഗ്ദ്ധര്‍ മാത്രം ചെയ്ത് വന്‍ ഫീസ് വാങ്ങിവരുന്ന ആ ശസ്ത്രക്രിയ നിസ്സാര ചെലവിലാണ് സിഎച്ചിന് സാധ്യമായത്.
രാഘവന് മാസ്റ്ററും കണ്ണപുരത്തെ വളരെ ആദരിക്കപ്പെട്ടിരുന്ന അധ്യാപകനായിരുന്നു. അദ്ദേഹത്തിന്റെ സ്കൂളിലെ ഭിന്നപ്രത്യയ ശാസ്ത്ര വിശ്വാസികളായ അധ്യാപകര്‍ക്കും രാഘവന് മാസ്റ്ററോട് ബഹുമാനമായിരുന്നു. അന്നുതന്നെ 50 വയസ്സു പ്രായമുണ്ടായിരുന്ന അദ്ദേഹത്തെ കണ്ണൂര്‍ ജില്ലയിലെ ഏറ്റവും പ്രായമുള്ള സ്വയംസേവകന് എന്നാണ് വി.പി.ജനാര്ദ്ദനന് എന്നെ പരിചയപ്പെടുത്തിയത്. എല്ലാ കാര്യങ്ങളിലും കര്‍ശനമായും കര്‍ക്കശമായും പെരുമാറി വന്ന ജനേട്ടന് രാഘവന് മാസ്റ്ററുടെ പുഞ്ചിരിക്കു മുന്നില്‍ ശാന്തനാവുമായിരുന്നു. ശ്രീധരനും രാഘവന് മാസ്റ്ററുമാണ് എന്നെ ആദ്യം അന്നപൂര്‍ണേശ്വരി ക്ഷേത്രത്തില്‍ കൊണ്ടുപോയത്. കണ്ണപുരം സ്റ്റേഷനില്‍ നിന്ന് അല്‍പ്പം വടക്കുമാറി നിരത്തിനരികിലുള്ള കതിര്‍വെക്കും തറയില്‍നിന്ന് ക്ഷേത്രത്തിലേക്കുള്ള വഴി ആരംഭിക്കുന്നു. ആ പ്രദേശ പരിസരങ്ങളിലെ നെല്പാടങ്ങളെല്ലാം ക്ഷേത്രത്തിന്റേതായിരുന്നു. കൊയ്തു കഴിഞ്ഞ നെല്‍ക്കറ്റകള്‍ വയ്ക്കുന്ന തറയാണത്.
കാശിയിലെ അന്നപൂര്‍ണേശ്വരി മൂന്ന് പരിചാരികമാരുമൊത്ത് സമുദ്രമാര്‍ഗമായി വരുമ്പോള്‍ കപ്പല്‍ മുങ്ങി കരയ്ക്ക് എത്തിയെന്നും നടന്നുനടന്ന് അവിടെ കണ്ട കൃഷ്ണക്ഷേത്രത്തില്‍ കുടിയിരുന്നുവെന്നുമാണ് ഒരു ഐതിഹ്യം. അവിടത്തെ ഊട്ടുപുരയില്‍ ഉണ്ടായിരുന്നവര്‍ക്ക് ചോറുവിളമ്പിയെന്നും വന്നവരെല്ലാം നിറയെ ഊണുകഴിച്ചുവെന്നും വിശ്വസിക്കപ്പെടുന്നു. അന്നപൂര്‍ണേശ്വരി അവിടെയെത്തിയ വിവരമറിഞ്ഞ് പെരിഞ്ചെല്ലൂരിലെ (തളിപ്പറമ്പ്) രാജരാജേശ്വരന് ചെന്നുകണ്ട് കുറേസമയം അവിടെ കഴിഞ്ഞു. തളിപ്പറമ്പത്തപ്പന് വിശ്രമിച്ച സ്ഥാനം ക്ഷേത്രത്തില്‍ ആരാധിക്കപ്പെടുന്നു.
ബാദരായണ മഹര്‍ഷി ഭാരതത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷ്ഠിച്ച അന്നപൂര്‍ണേശ്വരി വിഗ്രഹങ്ങളിലൊന്നാണ് ചെറുകുന്നിലേതെന്നും പറയപ്പെടുന്നു. പുരാതനമായ രാമഘടമൂഷികന് വിരചിച്ച മൂഷകവംശം കാവ്യപ്രകാരം വലഭ രാജാവാണ് അന്നപൂര്‍ണേശ്വരി ക്ഷേത്രവും കടലായി ക്ഷേത്രവും പണികഴിപ്പിച്ചത്. അദ്ദേഹം ദേവിയുടെ ആഗ്രഹപ്രകാരം പഞ്ചലോഹത്തിലുള്ള കണ്ണാടി വിഗ്രഹം വാര്പ്പിച്ചെങ്കിലും അതിന് സ്വര്‍ണനിറമല്ല, കരിനിറമാണ് ഉണ്ടായത്. അതില്‍ ദുഃഖിതനായി വിലപിച്ച രാജാവിനോട് ഞാന്‍ കാളീശ്വരി ആയതിനാല്‍ അതാണുചിതമെന്ന് അരുളപ്പാടു നല്കിയത്രെ.
അതിമനോഹരമായ വെട്ടുകല്‍ നിര്‍മിതിയാണ് ക്ഷേത്രപ്രാസാദങ്ങള്. കല്ലിന്റെ പ്രകൃതിദത്ത വര്‍ണത്തില്‍ തന്നെ. അതിലെ കൊത്തുപണികളും അദ്ഭുതകരവും മനോഹരങ്ങളുമാകുന്നു. ദാരുശില്‍പ്പങ്ങള്‍ക്ക്, അന്നപൂര്‍ണേശ്വരി ക്ഷേത്രത്തേയും ശ്രീകൃഷ്ണക്ഷേത്രത്തേയും അതിശയിക്കാന്‍ വേറെയുണ്ടെന്നു തോന്നുന്നില്ല. ക്ഷേത്രത്തിലുണ്ടായിരുന്ന ചുവര്‍ചിത്രങ്ങളെല്ലാം തന്നെ നശിച്ചുപോയിരിക്കുന്നു. കലാബോധമോ ചരിത്രബോധമോ ഇല്ലാത്തവര്‍ ചായം തേച്ചും വെള്ളവലിച്ചും അവയെ താറുമാറാക്കിയതാണ്. ശിലാശില്പ്പങ്ങള്ക്കും ദാരുശില്‍പ്പങ്ങള്‍ക്കും ആ അവസ്ഥയുണ്ടാകാതിരിക്കാന് ദേവസ്വം ബോര്‍ഡും പുരാവസ്തുവകുപ്പും കലാസ്നേഹികളും ഭക്തജനങ്ങളും തികഞ്ഞ ജാഗ്രത പാലിച്ചേ പറ്റൂ.
നാട്ടില്‍ ഭക്ഷണം കഴിക്കാതെ ആരുമുണ്ടാകരുതെന്ന് അന്നപൂര്‍ണേശ്വരിക്ക് നിര്‍ബന്ധമാണ്. ഉച്ചപ്പൂജ കഴിഞ്ഞും, അത്താഴപ്പൂജ കഴിഞ്ഞും നടയടയ്ക്കുമ്പോള്‍ ഭക്ഷണം കഴിക്കാത്തവരുണ്ടോ എന്നു വിളിച്ചന്വേഷിക്കുകയും ഭക്ഷണം പൊതിയാക്കി പുറത്തുവയ്ക്കുകയും ചെയ്യുന്ന പതിവ് ഇന്നുമുണ്ടത്രെ. പണ്ട് പത്തായപ്പുര നിറച്ച് നെല്ലുണ്ടായിരുന്നു. ഭൂപരിഷ്കരണ നിയമങ്ങള്‍ വന്നപ്പോള്‍ അത് നിലച്ചു. എന്നാല്‍ ഇപ്പോള്‍ ഭക്തജനങ്ങള്‍ അരിസമര്‍പ്പണം നടത്തുന്നതിനാല്‍ അന്നദാനം സമൃദ്ധമായിത്തന്നെ നടന്നുവരുന്നു.
ക്ഷേത്രത്തിന്റെ ചെങ്കല്ലു പടുത്ത വിശാലമായ തീര്‍ത്ഥക്കുളം ഒരു കേടും കൂടാതെ അഞ്ചേക്കറിലധികം വിസ്തൃതിയില്‍ അടുത്തുണ്ട്. ഒരിക്കലും വറ്റാത്ത ജലസ്രോതസ്സില്‍ എന്നും ഒരേ നിരപ്പും വടക്കേ മലബാറിലെങ്ങും ഇത്തരം കുളങ്ങള്‍ ഉണ്ടെങ്കിലും അവയില്‍ ഭൂരിപക്ഷവും ഇടിഞ്ഞുതകര്ന്നുകിടക്കുന്നു. 14 ഏക്കര്‍ വരുന്ന ചിറയ്ക്കല്‍ ചിറ തന്നെ ഏറ്റവും വലിയ ഉദാഹരണമാകുന്നു. കോലത്തുനാട് രാജാവിന്റെ ചിറപോലെ തന്നെ കോഴിക്കോട് സാമൂതിരിയുടെ ആയിരുന്ന തിരവഞ്ചിറയും ദയനീയാവസ്ഥയിലാണ്.
അന്നപൂര്‍ണേശ്വരീ ദര്‍ശനം കഴിഞ്ഞ് തളിപ്പറമ്പില്‍ പോയി പഴയ സ്വയംസേവകന് കെ.സി.കണ്ണേട്ടനെ കണ്ടു. അദ്ദേഹവുമൊരുമിച്ച് കണ്ണൂരില്‍ ചാലാട്ടുള്ള ശ്രീമൂകാംബികാ ബാലികാസദനത്തില്‍ വന്നു. സര്വമംഗളാട്രസ്റ്റിന്റെ പ്രമുഖ സേവാപ്രകല്പമാണ് ആ ബാലികാസദനം. 16 വര്‍ഷങ്ങള്‍ക്ക് മുമ്പ് ‘മാനവസേവ മാധവസേവ’യെന്ന സ്വാമി വിവേകാനന്ദന്റെ ആഹ്വാനത്താല്‍ പ്രചോദിതരായ കണ്ണൂരിലെ സ്വയംസേവകരും സംഘബന്ധുക്കളും മുന്‍കൈയെടുത്താരംഭിച്ച സ്ഥാപനമാണത്. അവിടത്തെ അന്തേവാസിനികളോടൊപ്പം ഉച്ചഭക്ഷണം കഴിക്കണമെന്നുദ്ദേശിച്ചാണ് ആ സന്ദര്‍ശനം ഏര്‍പ്പാട് ചെയ്തത്. അന്‍പതോളം കുട്ടികളാണ് അവിടെയുള്ളത്.
ഒന്നു മുതല്‍ ബിരുദതലം വരെ പഠിക്കുന്നവര്‍ അവിടെയുണ്ട്. ഞങ്ങള്‍ പോയത് സാധ്യായ ദിനത്തിലാകയാല് ഹയര്‍ സെക്കന്ററി വിഭാഗത്തിലെ ഒരു ഡസനോളം പേരെ ഉണ്ടായിരുന്നുള്ളൂ. ധര്‍മത്തിന്റേയും സംസ്കാരത്തിന്റേയും അന്തരീക്ഷത്തില്‍ ജീവിതം നയിക്കുവാനുള്ള അന്യഥാ നിസ്സഹായരായ ആ പെണ്‍കുട്ടികള്‍ക്ക് ലഭിക്കുന്ന അവസരം അമൂല്യം തന്നെ. സ്വന്തമായി സമ്പാദിച്ച 40 സെന്റ് സ്ഥലത്ത് എല്ലാവിധ സൗകര്യങ്ങളുമുള്ള മൂന്നുനില സൗധം ഉയര്‍ന്നുകഴിഞ്ഞു. സമീപത്ത് പള്ളിക്കുന്നിലെ പഴയ വിദ്യാലയം രാധാവിലാസം യുപി സ്കൂളും ട്രസ്റ്റ് ഏറ്റെടുത്തിട്ടുണ്ട്.
ലളിതവും സ്വാദിഷ്ടവുമായ ഭക്ഷണം കഴിഞ്ഞ് ബാലികാസദനത്തിലെ കുട്ടികളും മറ്റു ഭാരവാഹികളുമൊത്ത് കഴിഞ്ഞ ആഹ്ലാദകരമായ നാഴികകള്‍ക്കുശേഷം ഞാനും ഭാര്യയും ശശി മാസ്റ്ററുമൊപ്പം മടങ്ങി.അതിനിടെ 11-ാം തീയതി മാസ്റ്ററുടെ വാരത്തെ വീട്ടില്‍ താമസിക്കുമ്പോള്‍ അവിടെയടുത്ത് ശാസ്താംകോട്ട ശിവക്ഷേത്രത്തില്‍ ഉത്സവം നടക്കുന്ന വിവരം അറിഞ്ഞു. അന്നുരാത്രി അവിടെ തിടമ്പു നൃത്തം ഉണ്ടായിരുന്നു. തൃച്ചംബരത്തുത്സവത്തിന്റെ പൂക്കോത്തു നടയില്‍ നടന്നുവരുന്ന തിടമ്പുനൃത്തം നേരത്തെ കണ്ടിട്ടുണ്ടെങ്കിലും അതില്‍നിന്ന് വ്യത്യസ്തമായ നൃത്തമാണ് വാരത്തേതെന്നറിഞ്ഞു. തൃച്ചംബരത്തേത്ത് ശ്രീകൃഷ്ണനും ബലരാമനും കൂടിപ്പിരിയുന്ന വിടവാങ്ങല്‍ നൃത്തമാണ്. ശാസ്താംകോട്ട ക്ഷേത്രത്തിലെ നൃത്തം കണ്ട് തൃപ്തിയടഞ്ഞു.
പുരാതനകാലത്ത് സത്യപരീക്ഷ നടത്തിവന്ന ക്ഷേത്രമാണിത്. സമീപത്തുള്ള വാരംപുഴയില് വാരത്തുകൂനന് എന്ന മുതല പാര്‍ത്തുവന്നു. തര്‍ക്കമുള്ളവര്‍ ക്ഷേത്രത്തില്‍ തൊഴുതുവന്ന് സത്യം തെളിയിക്കാന്‍ പുഴയിലിറങ്ങിമുങ്ങണം. മുങ്ങുന്നയാള്‍ സത്യലംഘകനാണെങ്കില് മുതല പിടിക്കും. അല്ലെങ്കില്‍ സുരക്ഷിതനായി കയറിവരാന്‍ കഴിയുമെന്നായിരുന്നു വിശ്വാസം. ശുചീന്ദ്രത്ത് തിളച്ച നെയ്യില്‍ ഇട്ട ഗണപതി വിഗ്രഹം പുറത്തെടുത്താണ് സത്യം തെളിയിച്ചത്. കൈമുക്ക് എന്ന ഇല്ലത്തിനും ആ പേര് സത്യപരീക്ഷയില്‍ നിന്ന് ലഭിച്ചതാവാം. ഇന്നത്തെ സത്യപരീക്ഷ പോലീസ് മുറയിലുള്ള പരിപാടിയാണല്ലോ.
അതിവിശിഷ്ടമായൊരു സദസ്സില്‍ വച്ച് കണ്ണൂരിലെ പ്രശസ്ത സാംസ്കാരിക പ്രവര്‍ത്തകനും സാഹിത്യകാരനുമായ പി. ജനാര്ദ്ദനന് ഏഴാമത് പ്രൊഫ.ടി.ലക്ഷ്മണന് സ്മാരക സര്‍വമംഗള പുരസ്കാര സമര്‍പ്പണം നടത്താനായി എന്നെ നിയോഗിച്ചത് ഏറ്റവും വലിയ ബഹുമതിയായി. വടക്കേ മലബാറിന്റെ സാഹിത്യ, സാംസ്കാരിക, ധാര്‍മിക, അക്കാദമിക രംഗങ്ങളില്‍ മായാത്ത മുദ്രണം സൃഷ്ടിച്ച പ്രൊഫസര്‍ ടി.ലക്ഷ്മണന്റെ പേരിലാണ് പുരസ്കാരം. അറുപതുവര്‍ഷം മുമ്പ് പൊതുപ്രവര്‍ത്തനത്തിന്റെ ബാലപാഠങ്ങളുമായി കണ്ണൂരിലെത്തിയ ആറേഴുവര്‍ഷക്കാലം അവിടത്തെ സഹപ്രവര്‍ത്തകരില്‍നിന്ന് ഒട്ടേറെ വിലപ്പെട്ട സംഗതികള്‍ ഗ്രഹിച്ച എനിക്ക് വീണ്ടും കണ്ണൂരില്‍ നിന്ന് ഈ ബഹുമതി ലഭിച്ചതില്‍ തികച്ചും കൃതജ്ഞനാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: