കൊട്ടാരക്കര: ഏനാത്ത് മുത്തശ്ശിപാലം പൊളിച്ചുമാറ്റാതിരുന്നെങ്കില്‍ ഇന്ന് ഗതാഗതത്തിന് ഗുണകരമായേനെന്ന് നാട്ടുകാര്‍ പറയുന്നു. അത്രക്ക് വിശ്വാസമാണ് കുലംകുത്തിയൊഴുകി വരുന്ന വെള്ളപാച്ചിലിലും മറ്റും ഒരു അനക്കവുമില്ലാതെ 100 വര്‍ഷത്തോളം നിലനിന്ന ഇരുമ്പുപാലത്തെ കുറിച്ച്. പ്രകൃതിക്ഷോഭങ്ങള്‍ ഉണ്ടായപ്പോഴും വലിയ തടികള്‍ വെള്ളപാച്ചലില്‍ ഒഴുകി വന്ന് തട്ടിയിട്ടും കുലുക്കമില്ലാതെയായിരുന്നു പാലത്തിന്റെ നിലനില്‍പ്പ്.
1903ലാണ് ബ്രിട്ടീഷുകാര്‍ പണിതീര്‍ത്ത പാലം ഗതാഗതത്തിനായി തുറന്നു കൊടുത്തത്. പൂര്‍ണമായും ഇരുമ്പിലായിരുന്നു നിര്‍മ്മാണം. ഇതിന്റെ തൂണുകള്‍ ഉറപ്പിച്ചിരിക്കുന്ന രീതിയെപറ്റി പല തരത്തിലുള്ള കഥകളും നാട്ടില്‍ പരന്നിരുന്നു. ഇത് ശരിവയ്‌ക്കും തരത്തില്‍ ഇന്നും ഇതിന്റെ അടിസ്ഥാനഭാഗങ്ങള്‍ ആറ്റില്‍ ഒരു സ്മാരകം പോലെ കാണാം. മറ്റ് റോഡുകളൊന്നും ഇന്നത്തെ പോലെ ഗതാഗത യോഗ്യമല്ലാതിരുന്ന കാലത്ത് വലിയ ഭാരം കയറ്റിയ വാഹനങ്ങള്‍ പ്രധാനമായും ആശ്രയിക്കുന്നത് ഏനാത്ത് പാലത്തേയായിരുന്നു. വലിയ പ്രളയം ഉണ്ടാകുമ്പോള്‍ കൂറ്റന്‍തടികള്‍ വന്നിടിച്ചു നില്‍ക്കുന്നതും പതിവായിരുന്നുവെന്നും നാട്ടുകാര്‍ പറയുന്നു. എന്നാല്‍ ഈ പാലത്തിന് ബലക്ഷയമുണ്ടന്ന വാര്‍ത്തകളെ തുടര്‍ന്നാണ് ബലപ്പെടുത്താന്‍പോലും നില്‍ക്കാതെ ഗതാഗതം നിരോധിച്ച് പുതിയപാലം നിര്‍മ്മാണം ആരംഭിച്ചത്. പുതിയ പാലം തുടക്കം മുതല്‍ തന്നെ വിവാദത്തിലുമായി. ഏനാത്ത് ടൗണില്‍ നിന്ന് 100 മീറ്ററിലധികം മാറിയാണ് പുതിയ പാലത്തിന്റെ നിര്‍മ്മാണം ആരംഭിച്ചത്. ഇതിനെതിരെ പ്രതിഷേധമുയര്‍ന്നെങ്കിലും ഫലമുണ്ടായില്ല. ഒടുവില്‍ കോണ്‍ക്രീറ്റ് പാലം യാഥാര്‍ത്ഥ്യമയപ്പോള്‍ മുത്തശ്ശിപാലത്തെ പൈതൃകസ്വത്തായി സംരക്ഷിച്ചു നിര്‍ത്തണമെന്ന നാട്ടുകാരുടെ ആവശ്യം സുരക്ഷാകാരണങ്ങള്‍ പറഞ്ഞ് അധികൃതര്‍ തള്ളി. എതിര്‍പ്പുകളെ മുഴുവന്‍ അവഗണിച്ച് പാലം പൂര്‍ണമായും പൊളിച്ചു മാറ്റുകയായിരുന്നു.
തൂണുകള്‍ പിഴുതുമാറ്റാനുള്ള ശ്രമം നടന്നെങ്കിലും വിജയിച്ചില്ലെന്നും നാട്ടുകാര്‍ പറയുന്നു. അധികൃതരുടെ കൊലവിളി മുത്തശ്ശി പാലത്തിന് മേല്‍ പതിച്ചിരുന്നില്ലെങ്കില്‍ ഇന്നും അതവിടെ കാണുമായിരുന്നുവെന്നും ഇത്തരം സാഹചര്യത്തില്‍ വീണ്ടും സഞ്ചാരികള്‍ക്ക് സഹായമാകുമായിരുന്നുവെന്നും നാട്ടുകാര്‍ പറയുന്നു. 18 വര്‍ഷമായ പാലം നിര്‍മ്മാണത്തിലെ അപാകത കൊണ്ട് തകര്‍ന്നിട്ടും യാതൊരു നടപടിയും ഇനിയും ബന്ധപ്പെട്ടവര്‍ സ്വീകരിക്കുന്നില്ലന്ന ആക്ഷേപവും നാട്ടുകാര്‍ക്കുണ്ട്.
















