നവംബര്‍ അഞ്ച് ഓരോ ഭാരതീയന്റേയും അഭിമാനം വാനോളം ഉയര്‍ത്തിയ ദിനമാണ്. അന്നാണ് ബഹിരാകാശ ചരിത്രത്തില്‍ പുതിയ ഏടുകള്‍ കൂട്ടിച്ചേര്‍ത്തുകൊണ്ട് ഭാരതത്തിന്റെ ചൊവ്വ ദൗത്യ പദ്ധതിയായ മംഗള്യാന് കുതിച്ചുയര്‍ന്നത്. മോം (മാര്‍സ് ഓര്‍ബിറ്റര്‍ മിഷന്) എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന മംഗള്‍യാന്റെ വിക്ഷേപണം വിജയകരമാക്കുന്നതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ അനവധിയാണ്.
അവരില്‍ ശ്രദ്ധേയരായ മൂന്ന് വനിതകളുടെ അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ എമിലി ഡ്രിസ്കോള്‍ സംവിധാനം ചെയ്ത ഹ്രസ്വചിത്രമാണ് ബ്രേക് ത്രൂ: സ്നാപ്ഷോട്ട്സ്് ഫ്രം എഫാര്‍. വനിതാ ശാസ്ത്രജ്ഞരായ സീത സോമസുന്ദരം, നന്ദിനി ഹരിനാഥ്, മിനല്‍ റോഹിത് എന്നിവരാണ് 10 മിനിട്ടുള്ള ഹ്രസ്വചിത്രത്തിലൂടെ അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നത്. മംഗള്യാന് യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള പരിശ്രമങ്ങളെക്കുറിച്ചോര്ക്കുമ്പോള് അഭിമാനവും സന്തോഷവുമാണിവര്ക്ക്.
ശാസ്ത്ര-സാങ്കേതിക മേഖലകള്‍ പുരുഷന്മാര് മേധാവിത്വം പുലര്‍ത്തുന്ന രംഗങ്ങളായിട്ടാണ് കരുതിപ്പോന്നിരുന്നത്. എന്നാല്‍ ഇന്ത്യന്‍ സ്പേസ് റിസേര്‍ച്ച് ഓര്‍ഗനൈസേഷനില്‍ അങ്ങനൊരു വേര്‍തിരിവില്ല. അതിനുദാഹരണമാണ് സീതയേയും നന്ദിനിയേയും മിനലിനേയും പോലുള്ള വനിത ശാസ്ത്രജ്ഞര്‍. ഐഎസ്ആര്‍ഒ സ്പേസ് സയന്‍സ് പ്രോഗ്രാം ഓഫീസിന്റെ പ്രോഗ്രാം ഡയറക്ടറാണ് സീത സോമസുന്ദരം. മിഷന് ഡിസൈന്‍ പ്രോജക്ട് മാനേജരും മാര്‍സ് ഓര്‍ബിറ്റര്‍ മിഷന് ഡപ്യൂട്ടി ഓപ്പറേഷന്‍സ് ഡയറക്ടറുമാണ് നന്ദിനി ഹരിനാഥ്. മീഥേയ്ന്‍ സെന്‍സര്‍ ഫോര്‍ മാര്‍സിന്റെ പ്രൊജക്ട് മാനേജരും ശാസ്ത്രജ്ഞയും എഞ്ചിനീയറുമാണ് മിനാല്‍ രോഹിത്.
മംഗള്യാന് യാഥാര്‍ത്ഥ്യമാക്കാനുള്ള വേളയില്‍ ഇവര്‍ അനുഭവിച്ച ആത്മസംഘര്‍ഷങ്ങളും ഉദ്വേഗനിമിഷങ്ങളും എല്ലാം വിവരിക്കുന്നുണ്ട് ഈ ഹ്രസ്വചിത്രത്തില്‍. ഐഎസ്ആര്‍ഒയിലാണ് ജോലി ചെയ്യുന്നതെങ്കില്‍ സയന്‍സ് ഫിക്ഷന്‍ സിനിമകളൊന്നും കാണേണ്ട ആവശ്യമില്ലെന്നാണ് നന്ദിനി പറയുന്നത്. രണ്ട് പെണ്‍കുട്ടികളാണ് നന്ദിനിക്ക്. മംഗള്യാന് ദൗത്യത്തിലേര്‍പ്പെട്ടിരുന്ന സമയത്ത് മൂത്തപെണ്‍കുട്ടി പന്ത്രണ്ടാം ക്ലാസ് പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പിലായിരുന്നു. 20 വര്‍ഷത്തോളമായി നന്ദിനി ഐഎസ്ആര്‍ഒയില്‍. ഇതിനോടകം 14 ദൗത്യങ്ങളില്‍ സഹകരിച്ചു.
എല്ലാ ദൗത്യവും വളരെ പ്രാധാന്യമുള്ളതാണെന്ന തോന്നലാണ് ഉടനീളം. പക്ഷെ മംഗള്യാന് ദൗത്യം എല്ലാത്തില്‍ നിന്നും പ്രത്യേകതയുള്ളതായിരുന്നു. കാരണം ഭാരതീയര്‍ ഒന്നാകെയാണ് ആ ദൗത്യത്തെ ഉറ്റുനോക്കിയിരുന്നത്. കാര്യക്ഷമതയുടേയും വൈദഗ്ധ്യത്തിന്റേയും പേരില്‍ അറിയപ്പെടുകയെന്നത് മഹത്തായ കാര്യമാണെന്നും നന്ദിനി പറയുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ടെത്തി അഭിനന്ദിച്ചതും മറക്കാനാവാത്ത അനുഭവമാണ്. നാസയുടെ അഭിനന്ദനത്തിന് പുറമെ ഐസ്ആര്ഒയ്ക്കൊപ്പം സഹകരിക്കുന്നു എന്നതും നേട്ടം തന്നെ.
മംഗള്യാന് യാഥാര്‍ത്ഥ്യമാക്കുക എന്നത് ഓരോരുത്തരുടേയും ആവശ്യമായിരുന്നു. അതിനുവേണ്ടി എത്ര ബുദ്ധിമുട്ടാനും അക്ഷീണം പ്രയത്നിക്കാനും തയ്യാറായിരുന്നു. തുടര്‍ച്ചയായി 20 മണിക്കൂര്‍ വരെ അധ്വാനിച്ചു. മംഗള്യാന് വിക്ഷേപിക്കുന്നതിന് ഒരുമാസം മുമ്പേ നന്ദിനിയുടെ അമ്മ ആന്ധ്രാപ്രദേശില്‍ നിന്ന് ബെംഗളൂരുവില്‍ എത്തി, പേരക്കുട്ടികളെ നോക്കാന്‍. അത്രയേറെ ആത്മാര്പ്പണത്തോടെയായിരുന്നു നന്ദിനി തന്റെ പങ്ക് നിര്‍വഹിച്ചത്.
മോമിലെ നിശ്ചയദാര്‍ഢ്യവും ചുറുചുറുക്കുമുള്ള പ്രൊജക്ട് മാനേജറാണ് മിനാല്‍ രോഹിത്. ആറ് വയസ്സുള്ള മകന് ഉള്‍പ്പെടുന്ന കുടുംബത്തിന്റെ കാര്യങ്ങളും ജോലിയും വിട്ടുവീഴ്ചയില്ലാതെ നിര്‍വഹിക്കുന്ന പ്രകൃതം. ഉപഗ്രഹങ്ങളേയും മറ്റും സ്വന്തം കുഞ്ഞുങ്ങളെപ്പോലെയാണ് കരുതിയിരുന്നതെന്ന് അവര്‍ പറയുന്നു. ഓഫീസിലേയും വീട്ടിലേയും നിയമങ്ങള്‍ ഏതാണ്ടെല്ലാം സമാനം. ക്ഷമ, പ്രവര്‍ത്തനം, മുന്‍ഗണന ഇതെല്ലാം രണ്ടിടങ്ങളിലും ഒരേപോലെ ബാധകം. ക്ഷമയുണ്ടെങ്കില്‍ പാതി വിജയിച്ചു. തോല്‍വി എന്ന ചിന്തയേ പാടില്ല. എല്ലായിടങ്ങളിലും ഒരിക്കലെങ്കിലും നോട്ടമെത്തണം. മുന്‍ഗണന ഏതിനെന്ന് നിശ്ചയിച്ചു നല്‍കണം. മനസ്സും ഹൃദയവും ഒരേ അവസ്ഥയിലെത്തണം. നമ്മളോടുതന്നെ സത്യസന്ധത പുലര്‍ത്തണം. മിനാലിന് പറയാനുള്ളത് ഇതാണ്.
പ്രോഗ്രാം ഡയറക്ടറായ സീത സോമസുന്ദരം പറയുന്നത് മറ്റൊരു ചരിത്ര മുഹൂര്‍ത്തത്തെ കുറിച്ചാണ്. 2014 സപ്തംബര്‍ 24 നാണ് മംഗള്യാന് ഭ്രമണപഥത്തില്‍ പ്രവേശിച്ചത്. ജീവിതത്തിലൊരിക്കലും അത് മറക്കാനാവില്ല. മംഗള്യാന് ഭ്രമണപഥത്തില്‍ പ്രവേശിച്ചു എന്ന വാക്കാണ് ആ ദിവസം ഏറ്റവും മധുരതരമായിരുന്നതെന്ന് സീത പറയുന്നു.
ശാസ്ത്രമേഖലയിലെ വനിതാ സാന്നിധ്യത്തെക്കുറിച്ചാണ് ബ്രേക് ത്രൂവിലൂടെ സംവിധായിക പറയുന്നത്. ഭാവിയില്‍ നിരവധി പെണ്‍കുട്ടികള്‍ക്ക് ഇവര്‍ പ്രചോദനമാവും. ശാസ്ത്രലോകത്തേക്ക് മിടുക്കികള്‍ കടന്നുവരികയും വിജയിക്കുകയും ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: