ബാഗ്മതിയുടെ തീരത്തുള്ള പശുപതിനാഥ ക്ഷേത്രത്തില്‍ തൊഴാന്‍ പുലര്‍ച്ചയ്ക്ക് എത്തി. നീണ്ട ക്യൂ അപ്പോഴേക്കും രൂപംകൊണ്ടുകഴിഞ്ഞിരുന്നു. അകത്ത് പ്രഭാതപൂജ നടക്കുകയായിരുന്നതുകൊണ്ട് ക്ഷേത്രദര്‍ശനത്തിനെത്തിയ ഭക്തന്മാരെ ശ്രീകോവിലിന് മുമ്പിലേക്ക് കടത്തിവിട്ടിരുന്നില്ല. ഹിന്ദുക്കള്‍ക്ക് മാത്രം പ്രവേശനം എന്നെഴുതിയ ബോര്‍ഡ് ഒന്നിലേറെ സ്ഥലങ്ങളില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. പാശ്ചാത്യരായ ടൂറിസ്റ്റുകള്‍ അതുകൊണ്ട് ക്ഷേത്രനടവരെ വന്ന് ഫോട്ടോ എടുത്തു മടങ്ങി.
പ്രഹരികള് എന്നറിഞ്ഞിരുന്ന യൂണിഫോറം ധരിച്ച വനിതാ പോലീസുകാര്‍ക്കാണ് ക്യൂവിന്റെ നിയന്ത്രണം. വൃദ്ധന്മാര്ക്ക് കുടിവെള്ളം കൊടുത്തും പെണ്‍കുട്ടികളോട് സൗഹൃദം പങ്കിട്ടും, അച്ചടക്കം കാണിക്കാത്തവരെ ശാസിച്ചും അവര്‍ ഭക്തന്മാരുടെ മനസ്സ് കവര്‍ന്നു.
ക്യൂവില്‍ നില്ക്കുമ്പോള് നേപ്പാളിനെക്കുറിച്ചും അവരുടെ കുലദൈവമായ പശുപതിനാഥനെക്കുറിച്ചും ആലോചിച്ചു. രണശൂരന്മാരായ ഗൂര്‍ഖകളുടെ നാടായാണ് നേപ്പാളിനെക്കുറിച്ച് പാശ്ചാത്യവിവരണങ്ങള്. ഭാരതത്തോട് ചേര്‍ന്നുള്ള തെറായി പ്രദേശങ്ങളിലും കുന്നിന്‍പ്രദേശങ്ങളിലും പര്‍വതപ്രദേശങ്ങളിലും താമസിക്കുന്ന നേപ്പാളികള്‍ക്ക് പ്രത്യേകം പ്രത്യേകം പേരുകളുണ്ടെങ്കിലും മറുനാട്ടുകാര്‍ക്ക് നേപ്പാളികളെന്നാല് ഗൂര്‍ഖകളാണ്. രണ്ടാംലോകമഹായുദ്ധകാലത്തെ നേപ്പാളി പട്ടാളക്കാരുടെ ശൗര്യപ്രകടനങ്ങളാണ് ഗൂര്‍ഖകളെ ലോകപ്രശസ്തരാക്കിയത്.
ഭൂമിശാസ്ത്ര സവിശേഷതകളാല്‍ ഭാരതത്തിനും ചൈനയ്ക്കും ഇടയില്‍ ഞെരുങ്ങിക്കിടക്കുന്നതാണ് നേപ്പാള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ക്ക് കാരണം. തുറമുഖങ്ങള്‍ വഴി ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യാന്‍ കഴിയാത്തതിനാല്‍ നേപ്പാളിന് വേണ്ടിവരുന്ന അധികച്ചെലവാണ് രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിക്ക് മുഖ്യകാരണം. കൊല്‍ക്കത്തയില്‍ ഇറക്കുമതി ചെയ്യുന്ന ക്രൂഡ് ഓയില്‍ കണ്ടെയ്നറുകളില്‍ 500 കി.മീ. പിന്നിട്ട് കാഠ്മണ്ഡുവില്‍ എത്തുമ്പോഴേക്കും വില എത്രയോമടങ്ങ് അധികമാവും.
വ്യവസായ വല്ക്കരണത്തില് തീരെ ശ്രദ്ധിക്കാത്ത നേപ്പാള്‍, ടൂറിസംകൊണ്ട് എല്ലാം പരിഹരിക്കാമെന്ന വ്യാമോഹത്തിലാണ്. ഗോമാതാവിനെ പൂജിക്കുന്നവരാണ് നേപ്പാളികളെങ്കിലും, ക്ഷീരവ്യവസായത്തിന്റെ സാധ്യതകള്‍ സ്വിറ്റ്സര്ലന്റിനെപ്പോലെ ഉപയോഗപ്പെടുത്താന്‍ ഇനിയും കഴിഞ്ഞിട്ടില്ല. അവസാനിക്കുകയും ജനാധിപത്യ സംവിധാനം, കൂട്ടുകക്ഷി ഭരണസംവിധാനത്തിലേക്കും അതിന് സഹജമായ അരാജകത്വത്തിലേക്കും നീങ്ങിയതോടെ നേപ്പാളിന്റെ ഭാവിയെക്കുറിച്ച് മുമ്പെങ്ങുമില്ലാത്ത ആശങ്കയിലാണ് സാധാരണക്കാര്‍.
എയര്‍പോര്‍ട്ടുകളിലും ബസ് സ്റ്റേഷനുകളിലും മാത്രമല്ല, വഴിയോരങ്ങളിലും ടൂറിസ്റ്റ് കേന്ദ്രങ്ങളിലും അട്ടിയട്ടിയായി വച്ചിരിക്കുന്ന മണല്‍ച്ചാക്കുകള്‍ക്ക് പിന്നില്‍ യന്ത്രത്തോക്കുമായി നില്ക്കുന്ന പട്ടാളക്കാരെക്കാണാം. ടൂറിസ്റ്റ്ബസ്സുകള്‍ തടഞ്ഞുനിര്‍ത്തി ഗുണ്ടാപ്പിരിവ് നടത്തുന്ന ചെറുപ്പക്കാരെക്കാണാം. ചെക്ക്പോസ്റ്റിലെ പരിശോധനയെന്ന വ്യാജേന കൈക്കൂലി വാങ്ങുന്ന പോലീസുകാരെക്കാണാം.
സാമൂഹികരംഗത്തെ പിരിമുറുക്കവും തൊഴിലില്ലായ്മയും മുതലെടുക്കുന്നത് കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാള്‍ (മാര്‍ക്സിസ്റ്റ്- ലെനിനിസ്റ്റ്) ആണ്. ചൈനയില്‍നിന്ന് നിര്‍ലോഭമായി ലഭിക്കുന്ന പണവും അവരുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തി. ഭഗവതിമന്ദിറുകളില് മാത്രമല്ല, പശുപതിനാഥ ക്ഷേത്രത്തിലേക്കുള്ള തീര്‍ത്ഥാടകരുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്. മുക്തിധാമാണ് ഏറ്റവും പ്രധാന വൈഷ്ണവക്ഷേത്രം. പോഖറായില്നിന്ന് ആരംഭിക്കുന്ന ക്ലേശകരമായ യാത്ര കഴിഞ്ഞേ മുക്തിധാമില്‍ എത്താന്‍ കഴിയൂ. 108 തിരുപ്പതികളിലൊന്നായ മുക്തിധാം ഗണ്ഡകിയുടെ തീരത്താണ്. മഹാവിഷ്ണുവിന്റെ പ്രതീകമായി വൈഷ്ണവര്‍ കരുതുന്ന സാളഗ്രാമങ്ങള്‍ തരുന്ന നദി കൂടിയാണ് ഗണ്ഡകി. തമിഴ്നാട്ടില്നിന്നെത്താറുള്ള ശ്രീവൈഷ്ണവരെ മുക്തിധാമത്തിനടുത്തുള്ള എയര്‍പോര്‍ട്ടില്‍ എത്തിക്കാനും മടക്കിക്കൊണ്ടുവരാനും പൊഖറാ എയര്‍പോര്‍ട്ടില്‍ എയര്‍ക്രാഫ്റ്റുകളുണ്ട്. പതിനായിരം രൂപയാണ് നിരക്ക്.
ക്ഷേത്രത്തിലേക്കുള്ള ക്യൂ ചലിക്കാത്തതില് അസ്വസ്ഥത തോന്നി. ശ്മശാനഭസ്മം ഉപയോഗിച്ചുള്ള ഗ്രഹപൂജ അകത്ത് നടക്കുന്നതിനാലാണ് ക്യൂ ചലിക്കാത്തതെന്ന് ആരോ പറഞ്ഞു. ശ്മശാനഭസ്മം ഉപയോഗിച്ചുള്ള ഗ്രഹപൂജ അകത്ത് നടക്കുന്നതിനാലാണ് ക്യൂ ചലിക്കാത്തതെന്ന് ആരോ പറഞ്ഞു. ക്ഷേത്രത്തിലെ പൂജാരികള്‍ കര്‍ണാടകത്തില്‍നിന്നുള്ള ബ്രാഹ്മണരാണ്. ഇവര്‍ക്കു പകരം നേപ്പാളില്നിന്നുള്ളവരെ നിയമിക്കാന്‍ മാവോവാദികള്‍ നിയമം കൊണ്ടുവന്നു. സര്‍ക്കാര്‍ നിയന്ത്രണങ്ങളോടെ കര്ണാടകബ്രാഹ്മണര് തന്നെ പൂജ തുടരട്ടെ എന്നായിരുന്നു സുപ്രീംകോടതി വിധി.
പാശുപതന്മാര് എന്നറിഞ്ഞിരുന്ന അവൈദികശൈവര് ആരാധിച്ചിരുന്ന ശിവലിംഗമാണ് ബാഗ്മതി തീരത്തുള്ള ക്ഷേത്രത്തിലെ പ്രതിഷ്ഠ. (വാഗമതിയാണ് നേപ്പാളി ഉച്ചാരണത്തില്‍ ബാഗ്മതി ആയത്). നദീതീരത്തുള്ള ശ്മശാനത്തിലെ ചുടലച്ചാരം പൂശിക്കൊണ്ടാണ് ശിവലിംഗത്തിന് ഇവിടെ ആദ്യപൂജ നടത്തുന്നത്. നാലു മുഖങ്ങളുള്ള ശിവലിംഗത്തെ നാലു നടകളില്നിന്നും ഭക്തന്മാര്ക്ക് തൊഴാം.
കലമാന്കൊമ്പോടുകൂടിയ വിഗ്രഹമായിരുന്നു മുമ്പിവിടെ പ്രതിഷ്ഠിച്ചിരുന്നതെന്നും ശങ്കരാചാര്യരാണ് ഇപ്പോള്‍ കാണുന്ന ചതുര്മുഖശിവലിംഗം പ്രതിഷ്ഠിച്ചതെന്നും ഐതിഹ്യം പറയും. കാഠ്മണ്ഡു പ്രദേശം വിശാലമായൊരു തടാകമായിരുന്നെന്നും ബോധിസത്വമഞ്ചുശ്രീയെന്ന പുരാണപുരുഷന്‍ തന്റെ ദിവ്യശക്തികൊണ്ട് തടാകത്തെ കരയാക്കി രൂപാന്തരപ്പെടുത്തിയതാണെന്നും പുരാവൃത്തമുണ്ട്. മഞ്ജുശ്രീ ദേവദാരുവില്‍ നിര്‍മിച്ച മണ്ഡപത്തില്‍നിന്നാണ് കാഷ്ടമണ്ഡമെന്ന പേരും ഈ പ്രദേശത്തിന് ലഭിച്ചതെന്ന് പഴമ ഓര്‍മിപ്പിക്കും.
ശൈവ-ശാക്തേയ മതങ്ങളെ പിന്തള്ളി വജ്റായന ബുദ്ധമതം നേപ്പാളില്‍ പ്രചരിച്ച കാലത്താണ് കാഠ്മണ്ഡുവിന്റെ ഉദയമെന്ന സൂചനയാണ് പുരാവൃത്തങ്ങള്‍ നല്‍കുന്നത്. ഗോരക്നാഥന്റെ അനുയായികളാണ് 12-ാം നൂറ്റാണ്ടില്‍ ബുദ്ധമതത്തെ പിന്തള്ളി ശൈവമതത്തെ നേപ്പാളില്‍ പുനഃപ്രതിഷ്ഠിച്ചത്. ഗുജറാത്തില്‍നിന്നെത്തിയ വൈഷ്ണവമതവും വൈകാതെ നേപ്പാളിന് സ്വീകാര്യമായി.
ശ്മശാനഭസ്മം ചാര്‍ത്തിയുള്ള പൂജ തീര്‍ന്നതോടെ ശിവലിംഗം വീണ്ടും കഴുകി. സാത്വികപൂജ നടക്കുമ്പോള്‍ ഭക്തന്മാര്ക്ക് പ്രവേശനാനുമതിയും ലഭിച്ചു. നേപ്പാളിലെ ക്ഷേത്രങ്ങളില്‍വച്ച് ഏറ്റവും സമ്പന്നം പശുപതിനാഥക്ഷേത്രം തന്നെയാണ്. സ്വര്ണത്തകിടുകള്കൊണ്ട് പൂശിയിരുന്നു ക്ഷേത്രത്തിന്റെ മേല്‍ക്കൂരകള്‍.
രുദ്രാക്ഷമാലകളും സാളഗ്രാമങ്ങളും വില്‍ക്കുന്ന കടകളാണ് ക്ഷേത്രത്തിന് നാലുചുറ്റും. ജ്യോതിഷ പ്രവചനങ്ങള്‍ നടത്താന്‍ സന്നദ്ധരായ ദൈവജ്ഞരുടെ ഇരിപ്പുമുറികളും ടൂറിസ്റ്റ് ബുക്കിങ് സെന്ററുകളും കൂട്ടത്തില്‍ കണ്ടു.
ബൗദ്ധനാഥ്
കാഠ്മണ്ഡുവിലെ താമസത്തിനിടയില്‍ ഒരേസമയം മനസ്സിനെ അസ്വസ്ഥമാക്കുകയും ശാന്തമാക്കുകയും ചെയ്ത രണ്ട് തീര്ത്ഥാടനസ്ഥാനങ്ങളായിരുന്നു ബൗദ്ധനാഥും സ്വയംഭൂനാഥും. ഏഴ് കി.മീ. അകലെയുള്ള ബൗദ്ധനാഥിലേക്കാണ് ആദ്യം പോയത്.
യോദ്ധാ എന്ന മലയാളസിനിമയുടെ ലൊക്കേഷനുകളില്‍ ഉള്‍പ്പെടുന്നതിനാല്‍ ബൗദ്ധനാഥിലേക്കുള്ള പടികള്‍ കയറുമ്പോള്‍ ഇവിടം തീരെ അപരിചിതമായി തോന്നിയില്ല. യോദ്ധയ്ക്ക് മാതൃകയായ ലിറ്റില്‍ബുദ്ധ എന്ന ഹോളിവുഡ് ചിത്രത്തിന്റെ ഷൂട്ടിങ്ങും 1992 ല്‍ നടന്നത് ഇവിടെയാണ്.
പര്വതപ്രദേശങ്ങളില്നിന്നുള്ള ഷെര്‍പ്പകളും ഉള്‍നാടുകളില്‍നിന്നുള്ള ഭോട്ടിയകളുമാണ് ബൗദ്ധനാഥിലേക്കുള്ള തീര്‍ത്ഥാടകരില്‍ ഏറെയും. യൂറോപ്പില്‍നിന്നുള്ള ടൂറിസ്റ്രുകളും കുറവായിരുന്നില്ല.നിലയ്ക്കാത്ത ഇരമ്പലിനെയും ചിലപ്പോള്‍ മലങ്കാറ്റിന്റെ ഗംഭീരമായ മുഴക്കത്തെയും ഓര്‍മിപ്പിക്കുന്ന തിബത്തന്‍ മന്ത്രാലാപനങ്ങള് വഴിയോരത്തെ കടകളിലെ സി.ഡി. പ്ലെയറുകളില്നിന്ന് മുഴങ്ങിക്കൊണ്ടിരുന്നു. തിബത്തില്നിന്നെത്തിയ പ്രവാസികളുടെയും പിന്മുറക്കരുടെയും നേപ്പാളിലെ ഏറ്റവും പ്രധാന വാസസ്ഥലങ്ങളിലൊന്നാണ് 1960 മുതല്‍ ബൗദ്ധനാഥ്.
നടന്ന് നടന്ന് സ്തൂപത്തിന് മുന്നിലെത്തി. നൂറ് മീറ്ററോളം വ്യാസമുണ്ടായിരുന്നു സ്തൂപത്തിന്. (അധിഷ്ഠാനം, മകുടം, ഹര്മ്മിക, ശിഖരം, സ്തൂപിക എന്നിങ്ങനെ അഞ്ച് ഭാഗങ്ങളുണ്ട് ബൗദ്ധനാഥിലെ സ്തൂപത്തിന്). പഞ്ചഭൂതങ്ങളുടെ പ്രതീകമായി അഞ്ച് ഭാഗങ്ങളുണ്ടായിരുന്നു എ.ഡി.അഞ്ചാം നൂറ്റാണ്ടില്‍ നിര്‍മിച്ച സ്തൂപത്തിന്. ആദിബുദ്ധന്റെ ശിരസ്സ് ആലേഖനം ചെയ്ത സമചതുരശിഖരങ്ങളാണ് നേപ്പാളിലെ സ്തൂപങ്ങളുടെ സവിശേഷത. അറ്റംകൂര്‍ത്ത മകുടങ്ങള്‍ ഇതിന് മുകളിലാണ്.
തീര്‍ത്ഥാടകരും സന്ദര്‍ശകരും സ്തൂപത്തെ പ്രദക്ഷിണം വയ്ക്കുകയും ചുറ്റമുള്ള ചെറുക്ഷേത്രങ്ങളും വിഹാരങ്ങളും സന്ദര്‍ശിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. ഭണ്ഡാരപ്പെട്ടിയിലിടാനായി കറന്‍സികള്‍ക്ക് പകരം നാണയങ്ങള്‍ തരുന്നവരെ ബൗദ്ധനാഥിനു ചുറ്റും കാണാനുണ്ടായിരുന്നു.
തിബത്തിലെ നാല് വിഭാഗത്തില്‍പ്പെട്ടവര്‍ക്കും ഇവിടെ പ്രത്യേകം പ്രത്യേകം വിഹാരങ്ങളുണ്ട്. ഗോമ്പകള്‍ എന്നാണ് വിഹാരങ്ങള്‍ തിബത്തന്‍ ഭാഷയില്‍ പറയുന്നത്. അവലോകിതേശ്വരന്, ബുദ്ധന്, മൈത്രേയന് എന്നിവരുടെ വിഗ്രങ്ങളാണ് ചൗക്കി ന്വിമാ റിംബോച്ച അധ്യക്ഷനായുള്ള തിബത്തന്‍ വിഹാരത്തില്‍ കണ്ടത്. ചുവപ്പും പച്ചയും മഞ്ഞയും ഇടകലര്‍ന്ന കടുംനിറങ്ങളുടെ ധാരാളിത്തത്തില്‍ ഈ ആരാധനാലയം വിവിധവര്ണങ്ങളോടുകൂടിയ പൂക്കള്‍ നിറഞ്ഞ ഒരു ഹിമാലയന്‍ ഉദ്യാനത്തെയാണ് ഓര്‍മിപ്പിച്ചത്.
കുട്ടികളെയും കൗമാരപ്രായത്തിലുള്ളവരെയും നാലുവരികളിലായി ഇരുത്തി വജ്റയാന മന്ത്രങ്ങള്‍ പഠിപ്പിക്കുകയായിരുന്നു ഇവിടത്തെ ലാമമാര്‍.ജപ്പാനില്‍നിന്നും സിംഗപ്പൂരില്‍നിന്നും അമേരിക്കയില്‍നിന്നും ലഭിക്കുന്ന സംഭാവനകള്‍ ഉപയോഗിച്ച് ദാരിദ്ര്യത്തില്‍നിന്ന് മോചിതരായ തിബത്തന്‍ അഭയാര്‍ത്ഥികളെയാണ് ബൗദ്ധനാഥില് കണ്ടത്. വരുംകാല ശുഭപ്രതീക്ഷകളെക്കുറിച്ചുള്ള സ്വപ്നങ്ങളില്‍ അവര്‍ തങ്ങളുടെ ജീവിതത്തിന്റെ ഉടയാടകള്‍ നെയ്യുകയാണ്.
മൊണാസ്ട്രിയില്‍നിന്ന് പുറത്തേക്ക് കടക്കുമ്പോള്‍ സ്പര്‍ശനമാത്രയില്‍ നാദതരംഗങ്ങള്‍ സൃഷ്ടിക്കുന്ന കുടുവന്കിണ്ണങ്ങള് വില്ക്കാന് വച്ചിരിക്കുന്ന കടകള്‍ കണ്ടു. ശില്‍പ്പങ്ങളോടുകൂടിയ ഈ ലോഹപ്പാത്രങ്ങളില്‍ മരത്തില്‍ നിര്‍മിച്ച കൈപ്പിടികള്കൊണ്ട് മൃദുവായി ഉരസിയാണ് നാദവീചികള്‍ സൃഷ്ടിക്കുന്നത്. മുഴങ്ങുന്ന ഓങ്കാരങ്ങളുടെ സംഖ്യാതീതമായ നാദപ്രപഞ്ചത്തെ പ്രത്യാനയിക്കുന്ന സംഗീതചഷകങ്ങളിലൊന്ന് ഞാനും വാങ്ങി. ഹിമാലയത്തിന്റെ ദിവ്യസംഗീതത്തിനുള്ള ഒരു എളിയ സമര്‍പ്പണമെന്ന സങ്കല്‍പ്പത്തില്‍.ബുദ്ധനാഥസ്തൂപത്തില്നിന്ന് മടങ്ങുമ്പോള്‍ കാഠ്മണ്ഡുവിന്റെ ഒരു വിഹഗവീക്ഷണം ലഭിച്ചു. എണ്ണിയാല്‍ തീര്‍ക്കാനാവാത്ത സൗധങ്ങളുടെ ആകാരപ്രൗഢിയില് ഊര്‍ജസ്വലമായിരുന്നു നഗരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: