സിനിമ പോലെ തന്നെ ജനങ്ങള്‍ക്കിടയില്‍ സ്വീകാര്യതയുണ്ട് ഹ്രസ്വചിത്രങ്ങള്‍ക്കും. നവമാധ്യമങ്ങളിലൂടെയും മറ്റും നിരവധി ആളുകളിലേക്ക് അവ എത്തുമ്പോള്‍ അതിന് പിന്നില്‍ പ്രവര്‍ത്തിച്ച അണിയറപ്രവര്‍ത്തകര്‍ക്കും സമൂഹത്തില്‍ അംഗീകാരം ലഭിക്കുന്നു. അതുകൊണ്ടുതന്നെയാണ് പ്രതിഭയുള്ള നിരവധി ചെറുപ്പക്കാര്‍ ഹ്രസ്വചിത്രങ്ങളിലൂടെ തങ്ങളുടെ ആശയങ്ങളും ഭാവനകളും ആവിഷ്കരിക്കാന്‍ ശ്രമിക്കുന്നതും. ‘മങ്ങിയൊരന്തി വെളിച്ചത്തില്‍’ എന്ന പേരില്‍ ബിബിന്‍ പോള്‍ സാമുവല്‍ ഒരുക്കിയ ഹ്രസ്വ ചിത്രവും അത്തരത്തിലൊരു പരീക്ഷണമാണ്.
മുന്നൂറോളം പരസ്യ ചിത്രങ്ങള്‍ക്കും ദേശീയ പുരസ്കാരം നേടിയ സിദ്ധാര്‍ത്ഥ് ശിവയുടെ 101 ചോദ്യങ്ങള്‍ക്കും എഡിറ്റിങ് നിര്‍വഹിച്ചിട്ടുള്ള ബിബിന്റെ തട്ടകം സിനിമ തന്നെയാണ്. പരസ്യചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുമുണ്ട്.
ഹൊറര്‍ വിഭാഗത്തിലാണ് ‘മങ്ങിയൊരന്തി വെളിച്ചത്തില്‍’ ഉള്‍പ്പെടുന്നത്. നിരവധി ഷോര്‍ട്ട് ഫിലിം ഫെസ്റ്റുകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കണ്ണൂര്‍ നിഴലാട്ടം ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍ മികച്ച സംവിധായകനുള്ള സ്പെഷ്യല്‍ ജൂറി പുരസ്കാരം, മികച്ച ഛായാഗ്രഹണ പുരസ്കാരം, കൊച്ചി സൈന്‍ ഇന്‍ മീഡിയ ഫെസ്റ്റില്‍ മികച്ച ഹൊറര്‍ ഷോര്‍ട്ട് ഫിലിം പുരസ്കാരവും ലഭിച്ചു. ലോസ്ആഞ്ചല്‍സിലെ ഹോളിവുഡില്‍ നടന്ന സിനി ഫെസ്റ്റില്‍ സെമി ഫൈനലില്‍ എത്തിയെന്നതും നേട്ടമായി കാണുന്നതായി ബിബിന്‍ പറയുന്നു.
സംവിധായകന് ലോഹിതദാസിന്റെ മകന് ഹരികൃഷ്ണന് ലോഹിതദാസാണ് ‘മങ്ങിയൊരന്തി വെളിച്ചത്തി’നുവേണ്ടി ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. 101 ചോദ്യങ്ങള്‍ എന്ന ചിത്രത്തിലൂടെ മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്കാരം നേടിയ മിനോണ്‍ ജോണ്‍, രാധാകൃഷ്ണന് ചാക്യാട്ട്, പ്രമോദ് വെളിയനാട്, ലൗലി, മരിയ സി.ആന്റണി, ഷയന സെന്തില്‍ തുടങ്ങിയവരാണ് ഇതില്‍ അഭിനയിച്ചിരിക്കുന്നത്. കഥയും തിരക്കഥയും രചിച്ചിരിക്കുന്നത് ജിസണ് വര്‍ഗ്ഗീസ്. ഷിയാദ്, എല്വിന് എന്നിവര്‍ ചേര്‍ന്നാണ് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. 20 മിനിട്ടാണ് ഈ ഹ്രസ്വചിത്രത്തിന്റെ ദൈര്‍ഘ്യം. 2.30 ലക്ഷം രൂപയായിരുന്നു നിര്‍മാണ ചെലവ്. സിബിന് ജോണ്‍, രതീഷ് രാജു, മറിയം അന്ന കുര്യന് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. യൂട്യൂബിലൂടെ മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് ബിബിന്‍ പറയുന്നു.
തിരുവല്ല വേങ്ങല്‍ സ്വദേശിയാണ് ബിബിന്‍ പോള്‍ സാമുവല്‍. ചങ്ങനാശ്ശേരി മീഡിയ വില്ലേജില്‍ നിന്ന് ബിഎ മള്‍ട്ടിമീഡിയ നേടിയ ശേഷമാണ് ചലച്ചിത്ര മേഖലയിലെത്തുന്നത്. സിനിമ സംവിധാനം ചെയ്യണമെന്നതാണ് ഇനിയുള്ള ആഗ്രഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: