തനി നാട്ടിന്‍പുറത്തുകാരനായ മോഴികുന്നം ദാമോദരന്‍മാഷിന്റെ നേര്‍ക്കാഴ്ചകളാണ് വഴിയോരക്കാഴ്ചകള്‍ എന്ന പുസ്തകത്തിലൂടെ കാണാന്‍ കഴിയുക. മൂന്നു ഭാഗമായി എഴുതിയ ഈ ഗ്രന്ഥത്തില്‍ യാത്രകളെക്കുറിച്ച്, അനുഭവങ്ങളെക്കുറിച്ച്, കളിയരങ്ങിലെ സര്ഗ്ഗധനരെക്കുറിച്ചെല്ലാം തുറന്നെഴുതിയിട്ടുണ്ട്. യാത്രക്കായി കാല്‍നട ശീലിച്ച കാലത്തു കണ്ട നാട്ടുകാഴ്ചയും അനുഭവങ്ങളും നന്നായി ചിത്രീകരിച്ചിട്ടുണ്ട്.
വള്ളുവനാടിന്റെ തിരിനാളമായ ചെറുപിള്ള ചേരി(ചെര്‍പ്പുളശ്ശേരി)യെകുറിച്ചും അവിടെനിന്ന് മൊട്ടിട്ട നിരവധി കലാകാരന്മാരെക്കുറിച്ചും ഈ ഗ്രന്ഥത്തില്‍ പ്രതിപാദിച്ചിട്ടുണ്ട്. സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തതിന് അറസ്റ്റുവരിച്ച മോഴികുന്നം ബ്രഹ്മദത്തന് നമ്പൂതിരിയുടെ പിന്തലമുറക്കാരനായ ദാമോദരന്‍ തിരുപ്പതി, തിരുവയ്യാര്‍, കേദാര്‍നാഥ്, കാശി, ഹരിദ്വാര്‍, ഗംഗോത്രി എന്നീ യാത്രകളെ കുറിച്ചും വയനാടിന്റെ പ്രകൃതിയെപ്പറ്റിയും ഈ പുസ്തകത്തില്‍ വര്‍ണ്ണിച്ചിട്ടുണ്ട്.
കഥകളിയെ നന്നായി വിലയിരുത്തി വന്ന ബാല്യം മുതല്‍ നേടിയ അരങ്ങു പരിചയം ഇതില്‍ മാറ്റുകൂട്ടുന്നു. അടുത്ത നാട്ടില്‍ നിന്നും വളര്‍ന്ന മികച്ച കഥകളി കലാകാരന്മാരെക്കുറിച്ചും വര്‍ണ്ണിച്ചിട്ടുണ്ട്. സംഗീതജ്ഞരായ കലാമണ്ഡലം ഉണ്ണികൃഷ്ണക്കുറുപ്പ്, എമ്പ്രാന്തിരി, വെണ്മണി ഹരിദാസ്, പാലനാട് ദിവാകരന് തുടങ്ങിയവരും കഥകളി അരങ്ങിലെ പ്രതിഭാശാലികളായ കീഴ്പ്പടം കുമാരന് നായരാശാന്, രാമന്‍കുട്ടി നായര്‍, കോട്ടക്കല്‍ ശിവരാമന്, വാസു പിഷാരടി എന്നിവര്‍ നിറഞ്ഞുനിന്ന അരങ്ങുകളെ അയവിറക്കുകയാണ് ലേഖകന്‍.
ഇതിനുപുറമെ കഥകളിയില്‍ നിലനില്ക്കേണ്ട വസ്തുതകളേയും വിലയിരുത്തുന്നുണ്ട്. കാലത്തിന്റെ കഥകള്‍ ചൊല്ലുന്ന ഋതുഭേദങ്ങളിലൂടെ, മായന്നൂരിനെ നവോഢയാക്കിയ പുഴയ്ക്ക് കുറുകെയുള്ള പാലം നിര്‍മ്മിച്ചത് വലിയ മഹോത്സവമാക്കിത്തീര്ത്ത സംഭവത്തെ നന്നായി വിവരിച്ചിട്ടുണ്ട്. ചിത്രകലയുടെ ചരിത്രത്തേയും ആര്‍ട്ടിസ്റ്റ് നമ്പൂതിരിയെക്കുറിച്ചും ഭംഗിയായി മോഴികുന്നം വര്‍ണ്ണിച്ചിരിക്കുന്നു. അടയ്ക്കാപ്പുത്തൂര്‍ ഹൈസ്ക്കൂളില്‍ നിന്ന് വിരമിച്ചതോടെ പുസ്തക രചനയും പൊതുപ്രവര്‍ത്തനവുമായി മുന്നോട്ടുപോവുകയാണ് മോഴിക്കുന്നം ദാമോദരന്‍ മാഷ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: