കഥകളിയുടെ ഈറ്റില്ലമായ പാലക്കാടുനടന്ന നാട്യകൈരളിയുടെ കഥകളിയുത്സവം ആസ്വാദകര്‍ക്ക് നല്ല അനുഭവമായി. ഒരാഴ്ച്ച നീണ്ടുന്നിന്ന ഈ ഉത്സവം സംഗീത നാടക അക്കാദമി നേരിട്ടാണ് നടത്തിയത്. പ്രഗത്ഭരായ കലാകാരന്മാര് അരങ്ങിലെത്തിയ കഥകളിയും, അതിന്റെ എല്ലാവിഷയങ്ങളേയും പറ്റി വിസ്തരിച്ചുനടന്ന ചര്‍ച്ചകളും പ്രഭാഷണങ്ങളും ദിനങ്ങളെ ധന്യമാക്കി. സാധാരണക്കാര്‍ക്കുവരെ ഇതില്‍ നിന്ന് ധാരാളം മനസ്സിലാക്കാന്‍ സാധിച്ചു. തുടക്കക്കാരായ ആസ്വാദകര്‍ക്ക് വേണ്ടിനടത്തിയ പരിചയ ക്ലാസുകള്‍ ഏറെ പ്രയോജനപ്പെട്ടു.
കഥകളി വരേണ്യ വര്ഗ്ഗത്തിന്റേതെന്ന് മുദ്രകുത്തുന്ന കാലമെല്ലാം മാറി എന്നു വിളിച്ചോതുന്നതായിരുന്നു അവിടെക്കൂടിയവരുടെ പ്രതികരണം. കഥകളിയുടെ പ്രയോക്താക്കള്‍ക്കും ആസ്വാദകര്‍ക്കുമായി ആ കലാരൂപത്തെ വിട്ടുകൊടുക്കണം. പുതുതലമുറയ്ക്ക് കൈരളിയുടെ സമ്പന്നമായ ആ കലാരൂപത്തെകുറിച്ച് അവബോധമുണ്ടാക്കണം. അതുസംരക്ഷിക്കാനും അര്‍ത്ഥപൂര്‍ണ്ണമായ ഇടപെടലുകളോടെ അതിന്റെ അഴകും കരുത്തും വര്‍ദ്ധിപ്പിക്കാനുള്ള ശ്രമങ്ങളില്‍ മുഴുകുവാനുമുള്ള മനസ്സുള്ളവരായി നമ്മുടെ പുതിയ തലമുറമാറണം. ഈ കാഴ്ച്ചപ്പാടുകളുമായിട്ടാണ് കേരള സംഗീതനാടക അക്കാദമി ബ്രഹത്തായ കഥകളി മേളയ്ക്ക് വിളക്കുവെച്ചത്.
കഥകളിയെന്ന പേരു ചൊല്ലിയാല്‍ ഓര്‍മ്മവരുന്ന മുഖമാണ് കലാമണ്ഡലം കൃഷ്ണന് നായരുടേത്. ആ പദ്മശ്രീ കലാമണ്ഡലം കൃഷ്ണന് നായരുടെ സ്മരണയില്‍ അരങ്ങേറിയ കഥകളിയുത്സവം പാലക്കാടിനെ എന്നല്ല എവിടെയും നിറഞ്ഞുനില്ക്കുന്ന മുഴുവന്‍ കഥകളി പ്രേമികളേയും മറക്കാനാവാത്ത അനുഭവം തന്നെയാക്കി തീര്‍ത്തു. അനുപമമായ സിദ്ധി വിശേഷത്താലും പഠനത്തിന്റെ പ്രൗഢിയാലും എവിടേയും അറിയപ്പെടുന്ന അദ്ദേഹത്തിന്റെ ദീപ്ത സ്മരണയുമായി അരങ്ങേറിയ ഈ ഉത്സവം മനോഹരം തന്നെയായി. കലാകാരന്മാരും കലാമര്മ്മജ്ഞരും ഒരേ മനസ്സോടെയാണ് ഇതില്‍ പങ്കെടുത്തത്. അതാണിതിന്റെ വിജയം വിളിച്ചോതുന്നത്.
ശൈലീകൃതമായ കഥകളിയുടെ നാട്യധര്‍മ്മി സ്വഭാവത്തിന് ഊന്നല്‍ നല്‍കുന്നതും അതോടൊപ്പം കഥകളിയിലുള്ച്ചേര്ന്നതുമായ നാടോടിവഴക്കങ്ങളേയും സാമാന്യ ജീവിത ഗന്ധിയായ നാടകീയതകളേയും പരിചയപ്പെടുത്തുന്നതുമായ ആട്ടക്കഥാരംഗങ്ങളാണ് രംഗാവതരണത്തിന് തിരഞ്ഞെടുത്തിട്ടുള്ളത്. കഥകളിയുടെ വ്യാകരണമെന്ന് പുകള്‍പെറ്റ നാലു കോട്ടയം കഥകളും രത്നം പോലെ ശോഭിക്കുന്ന നളചരിതവും, ഇരയിമ്മന്‍ തമ്പിയുടെ കീചകവധവും, രാവണന് നിറഞ്ഞുനില്ക്കുന്ന ബാലിവിജയവും രാവണവിജയവും മന്ത്രേടത്തു നമ്പൂതിരിയുടെ സുഭദ്രാഹരണവും തെക്കന്‍ കേരളത്തിലെ പ്രസിദ്ധമായ നിഴല്‍ക്കുത്തും കഥകളിയുടെ സമസ്തമേഖലയിലും ഒരുപോലെ പ്രശസ്തനായ ഡോ. സദനം ഹരികുമാറിന്റെ അഭിമന്യുവും ചെമ്പൈ കോളേജിലെ എം. ഡി. രാമനാഥന് ഹാളില്‍ ഏഴുദിനരാത്രങ്ങളിലായി അരങ്ങേറി.
ഗോപിയാശാന്റെ നാലാംദിവസം കഥയിലെ ബാഹുകനും, മടവൂരാശാന്റെ രംഭാപ്രവേശത്തിലെ രാവണനും, നെല്ലിയോടു തിരുമേനിയുടെ ബകവധം കഥയിലെ ആശാരിയുടെ ഭാഗവും, മാത്തൂര്‍ ഗോവിന്ദന് കുട്ടിയാശാന്‍ ആടിത്തകര്‍ത്ത ബാലിവിജയത്തിലെ നാരദനും, സദനം കൃഷ്ണന് കുട്ടിയുടെ ബാലിവിജയത്തിലെ രാവണനും, രാമചന്ദ്രന് ഉണ്ണിത്താനും ഓയൂര്‍ രാമചന്ദ്രനും ചേര്‍ന്നവതരിപ്പിച്ച നിഴല്‍ക്കുത്തിലെ മലയനും മലയത്തിയും, കോട്ടക്കല്‍’ചന്ദ്രശേഖരവാരിയരുടെ കീചകനും, നന്ദകുമാരന് നായരുടെ സൗഗന്ധികത്തിലെ ഹനുമാന് തുടങ്ങി നിരവധി കഥാപാത്രങ്ങള്‍ മറക്കാത്ത അനുഭവങ്ങള്‍ അരങ്ങിന് സമ്മാനിച്ചു.
ആട്ടക്കഥാസാഹിത്യത്തിന്റെ സവിശേഷതകള്‍ തുടങ്ങി കഥകളിയുടെ രൂപഭാവശില്പങ്ങളുടെ നിയാമക ഘടകങ്ങള്‍ വരെ ചര്‍ച്ചചെയ്യുന്ന എട്ടു പ്രഭാഷണങ്ങള്‍ നാട്യകൈരളിയുടെ മികച്ചഭാഗങ്ങളായിരുന്നു. പ്രബന്ധാവതരണമെന്ന രീതി മാറ്റി സോദാഹരണ പ്രഭാഷണവും സംവാദവുമായിട്ടായിരുന്നു അവതരണങ്ങള്‍. നാട്യശാസ്ത്രസങ്കല്പ്പത്തെപ്പറ്റി ഡോ. സി. പി. ഉണ്ണികൃഷ്ണന്, കഥകളിയുടെ പശ്ചാത്തല സംഗീതത്തെപ്പറ്റി കെ. ശശി ആട്ടക്കഥാ സാഹിത്യത്തെകുറിച്ച് കെ.ബി. രാജാനന്ദ്, ആധുനിക തീയ്യറ്ററിന്റെ സങ്കല്‍പ്പത്തെപ്പറ്റി ഡോ. എം. വി നാരായണന്, കളരിപ്പയറ്റും കഥകളിയും എന്ന വിഷയം എസ്. ആര്.ഡി പ്രസാദും, പീശപ്പിള്ളി രാജീവും ചേര്‍ന്നവതരിപ്പിച്ചു. കഥകളിയുടെ രൂപശില്പത്തെകുറിച്ച് ഡോ. സദനം ഹരികുമാര്‍ തുടങ്ങിയ നിരവധി പണ്ഡിതന്മാര് ഇതില്‍ ഭാഗഭാക്കായിത്തീര്‍ന്നു. കോട്ടക്കല്‍ പി.ഡി. നമ്പൂതിരി, പത്തിയൂര്‍ ശങ്കരന്‍കുട്ടി, കോട്ടക്കല്‍ മധു, ബാബു നമ്പൂതിരി, ജയപ്രകാശ്, നെടുമ്പള്ളി രാം മോഹന്‍ തുടങ്ങി സംഗീത രംഗത്തെ പ്രതിഭകള്‍ അരങ്ങിനെ സാന്ദ്രലയ സമ്പുഷ്ടമാക്കി.
കുറൂര്‍ വാസുദേവന്‍ നമ്പൂതിരി, ബലരാമന്, ഉണ്ണികൃഷ്ണന്, കൃഷ്ണദാസ്, പ്രസാദ്, പനമണ്ണ ശശി, എന്നിവര്‍ ചെണ്ടയിലും, ശങ്കരവാരിയര്‍, കോട്ടക്കല്‍ രവി, സദനം രാജന്, രാജ് നാരായണന് തുടങ്ങിയവര്‍ മദ്ദളനിരയുമായി കഥകളി ഉത്സവത്തില്‍ നിരന്നു. പ്രശസ്തരായ ചുട്ടിക്കാരും അണിയറയിലെ പഴമക്കാരും ആഹാര്യശോഭയ്ക്ക് മിഴിവേകി. യുവതലമുറയിലെ കൃഷ്ണ പ്രവീണിന്റെ ഉത്സാഹത്തെ സ്മരിക്കാതെ വയ്യ. സദനം സദാനന്ദന്, പനയൂര്‍ കുട്ടന്, ആര്. എല്‍. വി പ്രമോദ്, ജിഷ്ണു നമ്പൂതിരിപ്പാട്, കലാനിലയം പ്രകാശന് എന്നിവരും നിത്യേന ഉത്സവ അരങ്ങില്‍ സജീവമായി നിന്നിരുന്നു. കേരള സംഗീത നാടക അക്കാദമി അധ്യക്ഷ കെ.പി.എ.സി ലളിത, സെക്രട്ടറി എന്‍. രാധാകൃഷ്ണന്, മാര്‍ഗി വിജയകുമാര്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ. നാരായണദാസ്, കളക്ടര്‍ മേരിക്കുട്ടി തുടങ്ങിയവര്‍ വിവിധ ദിവസങ്ങിളിലായി ഇവിടെ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: