ഇരിങ്ങാലക്കുട : സ്കൂളുകളും കോളേജുകളും കേന്ദ്രീകരിച്ചു വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ കഞ്ചാവും മയക്കു ഗുളികയും വില്‍പ്പന നടത്തിയിരുന്ന രണ്ടു യുവാക്കളെ ഇരിങ്ങാലക്കുട സിഐ എം കെ സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു.
കാട്ടൂര്‍ സ്വദേശികളായ അട്ട എന്ന് വിളിക്കുന്ന അമല്‍(21), അക്ഷയ്(19) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പാക്കറ്റ് ഒന്നിന് അറുനൂറ് രൂപ നിരക്കില്‍ വില്‍പ്പന നടത്തിയിരുന്ന 24 ഓളം കഞ്ചാവ് പാക്കറ്റുകള്‍ ഇവരില്‍ നിന്ന് ആന്റി നാര്‍ക്കോട്ടിക് സ്ക്വാഡ് അംഗങ്ങള്‍ പിടിച്ചെടുത്തു. ഇരിങ്ങാലക്കുട എസ് എന്‍ സ്കൂള്‍ പരിസരങ്ങളില്‍ കഞ്ചാവ് വില്‍പ്പന നടക്കുന്നതായി സി ഐ ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആന്റി നാര്‍ക്കോട്ടിക് സ്ക്വാഡ് അംഗങ്ങള്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. ബാംഗ്ലൂര്‍, സേലം എന്നിവിടങ്ങളില്‍ നിന്നും കഞ്ചാവ് മൊത്തമായി കൊണ്ടുവന്ന് 600 രൂപയുടെ ചെറുപൊതികളിലാക്കിയാണ് വില്‍പ്പന നടത്തിയിരുന്നത്.
ജോയിന്റ്, മരുന്ന്, സ്വാമി എന്നീ ഓമനപ്പേരുകളിലാണ് കഞ്ചാവ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ എത്തിച്ചിരുന്നത്. ഒന്നാം പ്രതിയായ അമല്‍ കാട്ടൂര്‍, റെയില്‍വേ പോലീസ് സ്റ്റേഷനുകളില്‍ കഞ്ചാവ് വില്‍പ്പനയ്ക്ക് നിരവധി തവണ പിടിയിലായിട്ടുള്ള ആളാണ്.
അമിത ലഹരി ആവശ്യപ്പെടുന്ന പ്രത്യേക ഉപഭോക്താക്കള്‍ക്ക് വട്ട് ഗുളികകള്‍ പൊടി രൂപത്തിലാക്കി പ്രത്യേകം പോളിത്തീന്‍ കവറുകളിലാക്കി കൊക്കെയ്നിന്റെ കോഡ് ഭാഷയായ കോക്ക് എന്ന പേരില്‍ ഒരു പാക്കറ്റിനു 1250 രൂപ നിരക്കില്‍ വിതരണം നടത്തിയിരുന്നതായി പ്രതികള്‍ പോലീസിനോട് സമ്മതിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: