പുതുക്കാട് : ടോള്‍ പ്ലാസയിലെ ഗതാഗതകുരുക്ക് കാരണം യഥാസമയം ആശുപത്രിയില്‍ എത്തിക്കാനാകാതെ പൊലിഞ്ഞത് ഒരു യുവാവിന്റെ ജീവന്. ടോള്‍ പ്ലാസയിലെ ഗതാഗത കുരുക്കില്‍ പോയത് ജീവിതത്തിനും മരണത്തിനുമിടയിലുള്ള വിലപ്പെട്ട സമയം. ദേശീയപാത നന്തിക്കരയില്‍ ബസിന് പുറകില്‍ ബൈക്ക് ഇടിച്ച് പരിക്കേറ്റ രണ്ടുപേരെ കൊണ്ടുപോയ വാഹനം 15 മിനിറ്റിലധികം ഗതാഗത കുരിക്കില്പെട്ടു.
ആശുപത്രിയില്‍ എത്തിയപ്പോഴേയ്ക്കും ഒരു യുവാവ് മരണത്തിന് കീഴ്പ്പെട്ടു. ദേശീയപാതയിലെ ആറ് വരിയിലും വാഹനങ്ങള്‍ നിറഞ്ഞു കിടന്നതിനാല്‍ എമര്‍ജന്‍സി ട്രാക്ക് തുറന്നുകൊടുക്കാനും കഴിഞ്ഞില്ല. അവസാനം വാഹനങ്ങളില്‍ നിന്നിറങ്ങിയ യാത്രക്കാരാണ് ഗതാഗതം നിയന്ത്രിച്ച് ടോള്‍ ബൂത്ത് തുറന്നുകൊടുത്തത്. അപകടവിവരം അറിഞ്ഞ് ഗതാഗതം നിയന്ത്രിക്കാനോ ട്രാക്കുകള്‍ തുറന്ന് കൊടുത്ത് അപകടത്തില്‍പെട്ട വാഹനം കടത്തി വിടാനോ അധികൃതര്‍ തയ്യാറായില്ല. അഞ്ച് വാഹനങ്ങളില്‍ കൂടുതല്‍ ഒരു ട്രാക്കില്‍ വന്നാല്‍ ആ ട്രാക്ക് തുറന്ന് വിട്ട് ഗതാഗതം സുഗമമാക്കണമെന്ന നിയമം കാറ്റില്‍ പറത്തിയാണ് പാലിയേക്കരയില്‍ ടോള്‍ പിരിക്കുന്നത്. ഒരു അപകടം ഉണ്ടായാല്‍ പരിക്കേറ്റയാളെ കൊണ്ട് പോകാനുള്ള എമര്‍ജന്‍സി ട്രാക്കിലേക്ക് സുഗമമായി പ്രവേശിക്കാനുള്ള ഒരു സംവിധാനവും ടോള്‍ പ്ലാസ അധികൃതര്‍ കൈക്കൊണ്ടിട്ടില്ല. ഓരോ വശത്തേയും ഏഴ് ട്രക്കുകളുള്ളതില് എമര്‍ജന്‍സി ട്രാക്ക് ഏതാണെന്ന് വ്യക്തമായി രേഖപ്പെടുത്താതുമൂലം അത്യാസന്ന നിലയിലായ രോഗികളെ കൊണ്ടുപോകുന്ന വാഹനങ്ങളിലെ െ്രെഡവര്‍മാര്‍ക്ക് ആശയകുഴപ്പം ഉണ്ടാകുന്നു.
വാഹന തിരക്ക് നിയന്ത്രണാതീതമാകുന്ന സമയം ടോള്‍ബൂത്ത് തുറന്നുകൊടുക്കുന്നതിനു പകരം ടോള്‍പിരിവ് സുഗമമാക്കാന്‍ പോലീസ് സഹായിക്കണമെന്നാണ് ടോള്‍ കമ്പനിയുടെ ആവശ്യം. ടോള്‍ പ്ലാസ അധികൃതരുടെ ജനദ്രോഹപരമായ നടപടികള്‍ക്കെതിരെ അധികാരികള്‍ കണ്ണുതുറക്കണമെന്നാണ് നാട്ടുകാര്‍ പറയുന്നത്. അപകടത്തില്‍ ചെങ്ങാലൂര്‍ എസ്.എന്‍.പുരം തോട്ട്യാന്‍ ജോണിന്റെ മകന് ജിതിനാ(26)ണ് മരിച്ചത്. ഇയാളോടൊപ്പം ബൈക്കില്‍ സഞ്ചരിച്ചിരുന്ന ചെങ്ങാലൂര്‍ ചിറ്റിയേത്ത് സുബ്രന്റെ മകന് സലീഷി(22)ന് നിസ്സാര പരിക്കുണ്ട്.
ഇയാള്‍ തൃശ്ശൂര്‍ ജൂബിലി മിഷന് ആസ്പത്രിയില്‍ ചികിത്സയിലാണ്. വ്യാഴാഴ്ച രാത്രി എട്ടിനായിരുന്നു അപകടം. നെല്ലായി ആനന്ദപുരം റോഡിനു സമീപം നിര്‍ത്തിയ ബസ്സിനു പിറകില്‍ ഇവര്‍ സഞ്ചരിച്ച ബൈക്ക് ഇടിക്കുകയായിരുന്നു. ആസ്പത്രിയില്‍ എത്തുമ്പോള്‍ ജിതിന് മരിച്ചിരുന്നു എന്നാണ് ആസ്പത്രി അധികൃതര്‍ പറയുന്നത്. അയല്‍ക്കാരും കാറ്ററിങ് തൊഴിലാളികളുമാണ് ജിതിനും സലീഷും. ജിതിന്റെ അമ്മ: ലീന. സഹോദരന്മാര്: ലിനിത്ത്, ജോസഫ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: