കാലടി: തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തില്‍ നടതുറപ്പ് മഹോത്സവത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ജനുവരി 11ന് രാത്രി 8നാണ് ചരിത്രപ്രസിദ്ധമായ നടതുറക്കല്‍. വര്‍ഷത്തില്‍ ധനുമാസത്തിലെ തിരുവാതിര നാള് മുതല്‍ 12 ദിവസങ്ങള്‍ മാത്രമാണ് മംഗല്യവരദായിനിയായ ശ്രീപാര്‍വതീദേവിയുടെ നട തുറക്കുക. കേരളത്തിലും പുറത്തനിന്നും ലക്ഷക്കണക്കിന് പേര് വന്നെത്തുന്ന ഉത്സവമാണ് നടതുറപ്പ്.
50000 പേര്‍ക്ക് സുരക്ഷിതമായി കാത്തിരിക്കാന്‍ സാധിക്കുന്ന രീതിയിലാണ് ഇപ്രാവശ്യം നടപ്പന്തല്‍ ഒരുക്കിയിരിക്കുന്നതെന്ന് ക്ഷേത്രഭാരവാഹികള്‍ അറിയിച്ചു. 20000 ചതുരശ്രമീറ്ററാണ് വിസ്തീര്‍ണം.
പന്ത്രണ്ട് ദിവസവും ക്ഷേത്ര ട്രസ്റ്റിന്റെ വകയായി അന്നദാനം നടത്തും. അരവണ പായസവും അവില് നിവേദ്യവും ഉണ്ണിയപ്പവും പ്രസാദമായി നല്‍കുന്നതിന് പ്രത്യേക കൗണ്ടറുകള്‍ ഒരുക്കും. ക്യൂവില്‍ നില്ക്കുന്ന ഭക്തജനങ്ങള്‍ക്ക് കുടിവെള്ളം നല്‍കുന്നതിനുള്ള ക്രമീകരണങ്ങളും ക്ഷേത്രം ചെയ്തിട്ടുണ്ട്.
ഉത്സവത്തോടനുബന്ധിച്ച് ആലുവയില്‍ അഞ്ച് ട്രെയിനുകള്‍ക്ക് പ്രത്യേക സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. കെഎസ്ആര്‍ടിസിയുടെ ആലുവ, പെരുമ്പാവൂര്‍, അങ്കമാലി, പറവൂര്‍, ചാലക്കുടി, എറണാകുളം, ആലപ്പുഴ, കൊല്ലം ഡിപ്പോകളില്‍ നിന്ന് പ്രത്യേക സര്‍വീസ് നടത്തും. ക്ഷേത്രപരിസരത്ത് രണ്ട് താത്കാലിക ബസ് സ്റ്റേഷനുകള്‍ പ്രവര്‍ത്തിക്കും. ആലുവ റൂറല്‍ എസ്പിയുടെയും പെരുമ്പാവൂര്‍ ഡിവൈഎസ്പിയുടെയും നേതൃത്വത്തില്‍ മുന്നൂറോളം പോലീസുകാര്‍ക്കാണ് ഉത്സവത്തിന്റെ സുരക്ഷാ ചുമതല. കൂടാതെ 250 സ്വകാര്യ ഗാര്‍ഡുകളും ഇരുന്നൂറിലധികം വോളണ്ടിയര്‍മാരുമുണ്ടാകും. ഒരേസമയം ആയിരത്തഞ്ഞൂറിലധികം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ സൗകര്യമുണ്ട്.
ക്ഷേത്രവും പരിസരവും മുഴുവന്‍ സമയം സിസിടിവി ക്യാമറകളുടെ നിരീക്ഷണത്തിലായിരിക്കും. ആലുവ തഹസീല്‍ദാറിന്റെ നേതൃത്വത്തില്‍ സര്‍ക്കാരിന്റെ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ടുള്ള കണ്ട്രോള് റൂം പ്രവര്ത്തസജ്ജമായിരിക്കും.
ആതുരശുശ്രൂഷയ്ക്കായി എറണാകുളം ലക്ഷ്മി ആശുപത്രിയുമായി സഹകരിച്ചുള്ള ഗൗരി ലക്ഷ്മി മെഡിക്കല്‍ സെന്ററിന്റെ സേവനവും ലഭ്യമാക്കിയിട്ടുണ്ട്. സൗജന്യ ഹോമിയോ, ആയുര്‍വ്വേദ ക്ലിനിക്കുകളുടെ സേവനവുമുണ്ടാകും. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധനയും മേല്‍നോട്ടവുമുണ്ടാകും. ഏത് അടിയന്തര സാഹചര്യവും നേരിടുന്നതിന് ഫയര്‍ ആന്‍ഡ് റെസ്ക്യൂ യൂണിറ്റുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും.
ജനുവരി 11ന് വൈകുന്നേരം 4ന് അകവൂര്‍ മനയില്‍ നിന്ന് തിരുവാഭരണ രഥഘോഷയാത്ര തുടങ്ങും. തങ്കഗോള, തങ്കചന്ദ്രക്കല, തങ്കക്കിരീടം, തിരുമുഖം തുടങ്ങിയ തിരുവാഭരണങ്ങള്‍ ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികള്‍ ഏറ്റുവാങ്ങും.
താലം, പൂക്കാവടി, വാദ്യഘോഷങ്ങള്‍ എന്നിവയുടെ അകമ്പടിയോടെയാണ് ഘോഷയാത്ര. തിരുവാഭരണ ഘോഷയാത്ര ക്ഷേത്രത്തില്‍ എത്തി ആചാരപരമായ ചടങ്ങുകള്‍ക്കുശേഷം രാത്രി എട്ടു മണിയോടെ നട തുറക്കും.
ക്ഷേത്ര ട്രസ്റ്റ് രൂപീകരിച്ച മംഗല്യനിധി ഉപയോഗപ്പെടുത്തി കഴിഞ്ഞ നാല് വര്‍ഷങ്ങളിലായി 49 പെണ്‍കുട്ടികളുടെ വിവാഹം നടത്തിയിട്ടുണ്ടെന്ന് ക്ഷേത്ര ട്രസ്ററ് ഭാരവാഹികള്‍ അറിയിച്ചു.
ട്രസ്റ്റ് പ്രസിഡന്റ് അകവൂര്‍ കുഞ്ഞനിയന് നമ്പൂതിരിപ്പാട്, വൈസ് പ്രസിഡന്റ് എന്‍. ശ്രീകുമാര്‍, സെക്രട്ടറി പി.ജി. സുധാകരന്, ജോയിന്റ് സെക്രട്ടറി ഉണ്ണി മാടവന, ക്ഷേത്രം മാനേജര്‍ പി.കെ. നന്ദകുമാര്‍, അസി. മാനേജര്‍ എം.കെ. കലാധരന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികളാണ് നടതുറപ്പ് മഹോത്സവത്തിനുള്ള ഒരുക്കങ്ങള്‍ നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: