തൃശൂര്‍: കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച 425കോടി രൂപയുടെ തൃശൂര്‍-പൊന്നാനി സമഗ്ര കോള്‍നില വികസന പദ്ധതിയുടെ കാലാവധി അവസാനിക്കാന്‍ രണ്ടരമാസം മാത്രം ശേഷിച്ചിരിക്കെ പദ്ധതി ഉപ്പുവെള്ളത്തില്‍ മുങ്ങി. നാല്പതിനായിരം ഏക്കര്‍ കോള്‍ നിലങ്ങളിലേക്ക് ഉപ്പുവെള്ളം കയറാതിരിക്കാന്‍ സ്ഥിരം ബണ്ഡുകളുടെ നിര്‍മാണമാണ് ആദ്യഘട്ടത്തില്‍ പൂര്‍ത്തിയാക്കേണ്ടത്. ബണ്ടുനിര്‍മാണം പകുതിയിലേറെയും പൂര്‍ത്തിയാക്കി. പണം ലഭിക്കാത്തതിനാല്‍ കരാറുകാര്‍ പണിനിര്ത്തിവെച്ചിരിക്കുകയാണ്.
പദ്ധതി നടത്തിപ്പിനു കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ലോക്സഭാംഗത്തിന്റെ അധ്യക്ഷതയില്‍ രൂപീകരിച്ച കോള്‍ വികസന അതോറിറ്റി ഒരു വര്‍ഷത്തിലേറെയായി യോഗം ചേര്‍ന്നിട്ടില്ല. അതോറിറ്റിക്കു ചെയര്മാനുണ്ടെങ്കിലും അംഗങ്ങളെ സംസ്ഥാനസര്‍ക്കാര്‍ നിയോഗിച്ചിട്ടില്ല. കോള്‍നിലങ്ങളിലേക്കു ട്രാക്ടറുകള്‍, ടില്ലറുകള്‍, മോട്ടോറുകള്‍, കൊയ്ത്തുയന്ത്രങ്ങള്‍ തുടങ്ങിയ യന്ത്രോപകരണങ്ങള്‍ വാങ്ങാന്‍ 14കോടി രൂപ ചെലവാക്കി ഇതടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് 65.64കോടി രൂപയാണ് കോള്‍ വികസന അതോറിറ്റിക്കു കൈമാറിയത്. അതോറിറ്റി നല്കിയ കരാറനുസരിച്ച് ബണ്ട് നിര്‍മ്മിച്ചതിനു കരാറുകാര്‍ക്ക് 135കോടി രൂപ നല്‍കാനുണ്ട്. പണം ലഭിക്കാതെ പണിപൂര്ത്തിയാക്കില്ലെന്ന നിലപാടിലാണു കരാറുകാര്‍. ആവശ്യത്തിനു മണ്ണു ലഭ്യമല്ലെന്നും അനുമതി ലഭിക്കുന്നില്ലെന്നുമുള്ള തടസ്സവാദങ്ങളും അവര്‍ ഉന്നയിക്കുന്നുണ്ട്.
കാലാവധി കഴിയുന്ന രണ്ടരമാസത്തിനകം പദ്ധതി പൂര്‍ത്തിയാക്കാന്‍ എളുപ്പമല്ല. പണികള്‍ വേഗത്തിലാക്കുകയും പദ്ധതി നടത്തിപ്പിനുള്ള കാലാവധി നീട്ടിക്കിട്ടാന്‍ കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തില്ലെങ്കില്‍ തുകയും പദ്ധതിയും ഇല്ലാതാകുമെന്ന അവസ്ഥയിലാണു കാര്യങ്ങള്‍.
പദ്ധതി നടപ്പായാല്‍ നാല്പതിനായിരം ഏക്കര്‍ സ്ഥലത്തെ നെല്‍കൃഷി മെച്ചപ്പെടും. കോള്‍പാടങ്ങളിലെ ജലസംരക്ഷണം മൂലം സമീപ പ്രദേശങ്ങളിലെ പച്ചക്കറി കൃഷി അടക്കമുള്ള ഇതര കൃഷികളും മെച്ചപ്പെടും. കുടിവെള്ളക്ഷാമത്തിനും പരിഹാരമാകും. കാര്‍ഷികരംഗത്തു വന്‍ മുന്നേറ്റത്തിനു വഴിതുറക്കുന്ന കേന്ദ്രപദ്ധതിയാണു സംസ്ഥാന കൃഷിവകുപ്പിന്റെ അനാസ്ഥമൂലം പൂര്‍ത്തിയാക്കാന്‍ കഴിയാത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: