തൃശൂര്‍: കൊച്ചിന്ദേവസ്വംബോര്ഡിന്റെ ഭൂമി അന്യാധീനപ്പെട്ടിട്ടുണ്ടെങ്കില്‍ തിരിച്ചുപിടിക്കുക തന്നെ ചെയ്യുമെന്ന് ദേവസ്വംബോര്‍ഡ് പ്രസിഡന്റ് ഡോ.എം.കെ സുദര്ശന്. 1225 ഏക്കര്‍ ഭൂമിയാണ് ദേവസ്വം ബോര്ഡിനുളളതെന്നും അതിന്റെ കണക്കെടുപ്പു തുടങ്ങിയെന്നും അദ്ദേഹം വ്യക്തമാക്കി. ഭരണസമിതി കാലാവധി പൂര്‍ത്തിയാക്കും മുമ്പ് നിലവിലെ സ്ഥിതിഗതി വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് പരസ്യമാക്കും.
ചോറ്റാനിക്കരയിലും ചേറ്റുവയിലുമായി ദേവസ്വത്തിന്റെ മൂന്ന് ഏക്കറോളം ഭൂമി തിരികെപിടിച്ചു.എന്നാല്‍ പല കാരണങ്ങളാല്‍ 55 ഏക്കര്‍ ഭൂമിയുടെ അളവെടുപ്പുമാത്രമാണ് പൂര്‍ത്തിയായത്. തൃശൂരിലെ സ്വകാര്യകഌബ് ഭൂമി കൈയേറിയതുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതിയിലാണ്. അതിലും നടപടികള്‍ ഊര്‍ജിതമാക്കും.
403 ക്ഷേത്രങ്ങളും 10 കണ്ട്രോള്ഡ് ക്ഷേത്രങ്ങളുമാണ് ദേവസ്വത്തിനു കീഴിലുളളത്.ദേവസ്വംഉദ്യോഗസ്ഥര് അടക്കമുളളവര്‍ക്ക് എതിരേയുളള വിജിലന്‍സ് കേസുകളടക്കം പരിശോധിക്കുമെന്നും പത്രസമ്മേളനത്തില്‍ പറഞ്ഞു. ക്ഷേത്രഭൂമി ചുറ്റുമതില്‍ കെട്ടി സംരക്ഷിക്കാന്‍ ചെലവേറുമെന്നതിനാല്‍ അതിനു ബദല്‍വഴി തേടും. നിലവില്‍ ദേവസ്വത്തിനു നഷ്ടക്കണക്കില്ല. വരുമാനം കൂട്ടാനുളള വഴികള്‍ തേടും. സര്‍ക്കാര്‍ നടപ്പിലാക്കുന്ന ഹരിതകേരളം പദ്ധതിയില്‍ ബോര്‍ഡും പങ്കാളികളാകുമെന്ന് പ്രസിഡന്റ് അറിയിച്ചു. പരിസരശുചീകരണം, ജലസംരക്ഷണം, കൃഷിവികസനം എന്നീ മേഖലകളില്‍ ഊന്നല്‍ നല്‍കും.
10 ദേവസ്വം കുളങ്ങള്‍ ഇതിനകം ശുചിയാക്കി. ക്ഷേത്രഭൂമി സംരക്ഷിക്കാനും കൈയേറ്റങ്ങള്‍ തടയാനും കൃഷി വ്യാപിപ്പിക്കാനും കഴിയുന്നവിധത്തിലാണ് പദ്ധതി രൂപീകരിക്കുന്നത്. ക്ഷേത്രഭൂമികളില്‍ ജൈവകൃഷിയും പൂജാപുഷ്പങ്ങളും നക്ഷത്രവൃക്ഷങ്ങളും വെച്ചുപിടിപ്പിക്കും. മാവ്, പ്ലാവ്, മഹാഗണി, തേക്ക്, ഈട്ടി, അയിനിപ്ലാവ്, മരുത് എന്നീ വൃക്ഷങ്ങള്‍ വെച്ചുപിടിപ്പിക്കും. ദേവസ്വംബോര്‍ഡ് അംഗങ്ങളായ കെ.എന്‍. ഉണ്ണികൃഷ്ണന്, ടി.എന്‍ അരുണ്‍കുമാര്‍, സെക്രട്ടറി വി.എ ഷീജ, ഡെപ്യൂട്ടിസെക്രട്ടറി പി.രാജേന്ദ്രപ്രസാദ് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: