കൊടുങ്ങല്ലൂര്‍: ചന്തപ്പുര-കോട്ടപ്പുറം ബൈപ്പാസില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ട്രാവലര്‍ കാറുമായി കൂട്ടിയിടിച്ച് ഒരു അയ്യപ്പഭക്തന് മരിച്ചു. പതിനഞ്ച് പേര്‍ക്ക് പരിക്കേറ്റു. തമിഴ്നാട് ചെന്നൈക്ക് സമീപം തിരുവള്ളൂര്‍ തിരുമുളെവായില് സരസ്വതി നഗര്‍ പത്താംനമ്പര്‍ ക്രോസില്‍ താമസിക്കുന്ന സതീഷ് (18) ആണ് മരിച്ചത്.
പരിക്കേറ്റ തിരുമുളൈവായില് സ്വദേശികളായ പള്ളിപാണ്ഡ്യന് (25), വിഷ്ണു (13), കുമരേശന്‍ (53) എന്നിവരെ കൊടുങ്ങല്ലൂര്‍ താലൂക്ക് ഗവ. ആശുപത്രിയിലും ചെന്നൈ അമ്പത്തൂര്‍ സ്വദേശികളായ പ്രഭു (32), നാരായണന് (35), ശെല്‍വി (50), ഉമാപതി (43), കാര്ത്തികേയന് (28) എന്നിവര്‍ ഗൗരിശങ്കര്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
കാര്‍ യാത്രക്കാരായ അഴീക്കോട് മഞ്ഞളി ഫ്രാന്‍സിസിന്റെ മകന് എഡ്വിന് (25) കൊട്ടിക്കല്‍ പടപ്പുരക്കല്‍ റിച്ചാര്‍ഡ് (26) എന്നിവര്‍ കൊടുങ്ങല്ലൂര്‍ മോഡേണ്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഉച്ചക്ക് പന്ത്രണ്ടേകാലിന് പടാകുളം സിഗ്നല്‍ ജംഗ്ഷനിലായിരുന്നു അപകടം. കൊടുങ്ങല്ലൂര്‍ ശ്രീകുരുംബ ഭഗവതി ക്ഷേത്രദര്‍ശനത്തിന് ശേഷം ബൈപ്പാസ് റോഡിലേക്ക് കയറിയ ട്രാവലര്‍ പടാകുളം ജംഗ്ഷനില്‍ വെച്ച് മാരുതി സ്വിഫ്റ്റ് കാറിലിടിക്കുകയായിരുന്നു.
അപകടത്തെത്തുടര്‍ന്ന് നിയന്ത്രണം വിട്ട ട്രാവലര്‍ സിഗ്നല്‍ പോസ്റ്റിലിടിച്ച് റോഡില്‍ മൂന്നുതവണ മറിഞ്ഞു. നാട്ടുകാര്‍ ചേര്‍ന്ന് ട്രാവലര്‍ ഉയര്‍ത്തിയപ്പോഴേക്കും സതീഷ് മരിച്ചിരുന്നു. ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം ഞായറാഴ്ച വൈകീട്ടാണ് സതീഷ് ചെന്നൈയില്‍ നിന്നും ശബരിമല ദര്‍ശനത്തിനായി യാത്രപുറപ്പെട്ടത്. ഗവ. താലൂക്കാശുപത്രിയില്‍ സൂക്ഷിച്ചിട്ടുള്ള സതീഷിന്റെ മൃതദേഹം ഇന്ന് ബന്ധുക്കള്‍ക്ക് കൈമാറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: