ചാലക്കുടി: ദേശീയപാത നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്റെ വാക്കുകളും പാഴായി. ഡിസംബര്‍ 31 ഓടെ എല്ലാം ശരിയാവുമെന്ന് മന്ത്രി പറഞ്ഞിരുന്നെങ്കിലും പ്രധാന പ്രവൃത്തികള്‍ ഒന്നും തന്നെ പൂര്‍ത്തിയാക്കിയിട്ടില്ല.
മന്ത്രി ജി.സുധാകരന് വിളിച്ചു ചേര്‍ത്ത എംഎല്‍എമാരുടേയും,നിര്‍മ്മാണ കമ്പനി,ദേശീയ പാത അധികൃതരുടേയും യോഗത്തിലാണ് തീരുമാനം എടുത്തിരുന്നത്. കരാറില്‍ ഇല്ലാത്ത നിര്‍മ്മാണ പ്രവൃത്തികള്‍ കരാര്‍ കമ്പനി തന്നെ ഏറ്റെടുക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചിരുന്നു. ടോള്‍ കൃത്യമായി പിരിക്കുന്ന കമ്പനിക്ക് നിര്‍മ്മാണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കുവാന്‍ ഉത്തരവാദിത്വം ഉണ്ടെന്നാണ് യോഗത്തില്‍ മന്ത്രി പറഞ്ഞിരുന്നത്.
എന്നാല്‍ പേരാമ്പ്ര മുതല്‍ ജില്ലാ അതിര്‍ത്തിയായ പൊങ്ങം വരെയുള്ള ഭാഗത്ത് പറഞ്ഞത് പ്രകാരം ചുരുക്കം ചില കാര്യങ്ങള്‍ മാത്രമാണ് ചെയ്തിട്ടുള്ളത്. മന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം ജനപ്രതിനിധികള്‍,ജില്ലാ കളക്ടര്‍, ദേശീയ പാത അധികൃതര്‍, നിര്‍മ്മാണ കരാര്‍ കമ്പനി പ്രതിനിധികള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രസിഡണ്ടുമാര്‍ അടക്കമുള്ളവരുടെ സാന്നിധ്യത്തില്‍ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചാണ് തീരുമാനം എടുത്തിരുന്നത്.മുരിങ്ങൂര്‍ കൊരട്ടി വരെയുള്ള സര്‍വ്വീസ് റോഡുകള്‍,ബസ്ബേകള്‍,മുരിങ്ങൂര്‍ ജംഗ്ഷനില്‍ ബെല്‍മൗത്ത്,ബസ് സ്റ്റോപ്പുകള്‍,അഴക്കു ചാല് നിര്‍മ്മാണം,വഴി വിളക്കുകള്‍, തുടങ്ങി നിരവധി നിര്‍മ്മാണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കുമെന്നായിരുന്നു പ്രഖ്യാപനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: