കൊടുങ്ങല്ലൂര്‍: ശ്രീനാരായണപുരത്ത് വീട്ടുകാരെ ആക്രമിച്ച് മോഷണപരമ്പര. വാതില്‍ പൊളിച്ച് വീട്ടുകാരെ ആക്രമിച്ച് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു. പതിയാശ്ശേരിയിലെ ആറ് വീടുകളില്‍ കഴിഞ്ഞദിവസം പുലര്‍ച്ചെയാണ് മോഷ്ടാക്കള്‍ ആക്രമണം നടത്തിയത്. മുഖംമൂടിയും അടിവസ്ത്രവും മാത്രം ധരിച്ച മോഷ്ടാക്കള്‍ ദേഹത്ത് എണ്ണപുരട്ടിയിരുന്നു. വീടുകളുടെ മുന്‍വശത്തേയും പിന്‍വശത്തേയും വാതിലുകള്‍ കമ്പിപ്പാര ഉപയോഗിച്ച് പൊളിച്ചാണ് വീടിനകത്ത് കയറിയിരിക്കുന്നത്. മൂന്ന് വീടുകളില്‍ നിന്നും അഞ്ച് പവന് സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടു.
വലപ്പാട് സ്റ്റേഷനിലെ പോലീസുകാരന്റെ ഭാര്യ മീനയുടെ രണ്ട്പവന്‍ തൂക്കംവരുന്ന സ്വര്‍ണം പൊട്ടിച്ചെടുത്തു. ഇത് ചെറുക്കാന്‍ ശ്രമിക്കുന്നതിനിടെ മോഷ്ടാക്കള്‍ ഇവരുടെ മുഖത്ത് ഇഷ്ടികകൊണ്ട് ഇടിച്ചു.
തൊട്ടടുത്ത് ശാന്തിപുരം എടശ്ശേരി ജോസഫിന്റെ ഒരുപവന്റെ മാലകവര്‍ന്നു. ഞറളക്കാട് സലാമിന്റെ ഭാര്യ ജോസ്മിയുടെ രണ്ട്പവന്റെ മാല മോഷ്ടാക്കള്‍ കവര്‍ന്നു. മോഷണം ചെറുക്കാന്‍ ശ്രമിച്ച ജാസ്മിയേയും വീട്ടിലുള്ളവരേയും മോഷ്ടാക്കള്‍ ആക്രമിച്ചു. സമീപത്തെ മൂന്നുവീടുകളില്‍ വാതില്‍തകര്‍ത്ത് മോഷ്ടാക്കള്‍ അകത്തേക്ക് പ്രവേശിച്ചെങ്കിലും ഒന്നുംകിട്ടാതെ മടങ്ങി. ഉറങ്ങും മുമ്പ് ആഭരണങ്ങള്‍ അഴിച്ചുവെച്ചവര്ക്കാണ് നഷ്ടം സംഭവിക്കാതിരുന്നത്. മതിലകം പോലീസും വിരലടയാളവിദഗ്ദ്ധരും സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: