പുതുക്കാട് : ഉത്തരവില്ലാതെ പാലിയേക്കര ടോള്‍ പ്ലാസക്ക് അഞ്ച് വര്‍ഷത്തിലേറെ പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയതില്‍ ദുരൂഹതയേറുന്നു.
തൃശൂര്‍ ഏ.ആര് ക്യാമ്പിലെ എസ്ഐ ഉള്‍പ്പടെ പത്ത് പോലീസ് ഉദ്യോഗസ്ഥരും പുതുക്കാട് സ്റ്റേഷനിലെ പോലീസുകാരുമാണ് വര്‍ഷങ്ങളായി ടോള്‍ പ്ലാസക്ക് കാവല്‍ നിന്നിരുന്നത്. കോടതിയുടെയോ സര്‍ക്കാരിന്റെയോ ഉത്തരവ് ഇല്ലാതെയാണ് ടോള്‍ പ്ലാസക്ക് വേണ്ടി പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയതെന്ന ആരോപണമുണ്ട്. ടോള്‍ പ്ലാസക്ക് പോലീസ് സംരക്ഷണം വേണമെന്നാവശ്യപ്പെട്ട് ടോള്‍ കമ്പനി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി കോടതി ഇതുവരെ പരിഗണിക്കാത്ത സാഹചര്യത്തിലാണ് ഇത്രയും കാലം പോലീസ് കാവല്‍ നിന്നിരുന്നത്.ആമ്പല്ലൂര്‍ സ്വദേശി സമര്‍പ്പിച്ച വിവരാവകാശത്തിനുള്ള മറുപടിയിലാണ് ടോള്‍ പ്ലാസക്ക് പോലീസ് സംരക്ഷണം നല്‍കിയിട്ടില്ലെന്ന വിവരം അറിയാനായത്. ടോള്‍ പ്ലാസയുടെ പ്രവര്‍ത്തനത്തിന് പോലീസ് സംരക്ഷണം നല്‍കുന്നതിനുള്ള രേഖകള്‍ തന്റെ ഓഫീസില്‍ ഇല്ലെന്ന് പുതുക്കാട് സി.ഐ എസ്.പി.സുധീരന് വിവരാവകാശത്തിനുള്ള മറുപടിയില്‍ അറിയിച്ചു.
കോടതി ഉത്തരവുണ്ടെന്ന മറവിലാണ് ടോള്‍ കമ്പനി വര്‍ഷങ്ങളായി പോലീസിനെ ദുരുപയോഗം ചെയ്തിരുന്നത്. കമ്പനി നടത്തുന്ന ജനദ്രോഹ നടപടികളില്‍ പ്ലാസയില്‍ ഉണ്ടായിരുന്ന പോലീസും കൂട്ടുനില്ക്കുകയായിരുന്നുവെന്ന ആരോപണം ഇതോടെ ശക്തമാകുകയാണ്.
വര്‍ഷങ്ങളായി ടോള്‍ പ്ലാസക്ക് കാവല്‍ നില്ക്കാന് പോലീസിന് നിര്‍ദ്ദേശം നല്‍കിയത് ആരാണെന്നത് ഇപ്പോഴും ദുരൂഹമാണ്. ടോള്‍ കമ്പനി പറയുന്ന കോടതി ഉത്തരവിന്റെ രേഖകള്‍ പരിശോധിക്കാതെ പോലീസിനെ കാവല്‍ നിര്‍ത്തിയതില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരും കമ്പനിയും തമ്മിലുള്ള ഒത്തുകളി ഇപ്പോള്‍ മറനീക്കി പുറത്തു വന്നിരിക്കുകയാണ്. അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രം ടോള്‍ പ്ലാസക്ക് കാവല്‍ ഏര്‍പ്പെടുത്തേണ്ട സാഹചര്യത്തില്‍ തുടര്‍ച്ചയായി പോലീസ് സംരക്ഷണം നല്‍കിയതില്‍ അഴിമതി ഉണ്ടെന്നാണ് ആരോപണം. വിവരാവകാശ പ്രകാരം പോലീസ് സംരക്ഷണത്തെകുറിച്ച് ചോദിച്ചപ്പോള്‍ പോലീസിനെ പിന്‍വലിച്ചതിലും ദുരൂഹതയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: