തൃശൂര്‍:ഗവ.മെഡിക്കല്‍ കോളേജില്‍ ജലവിനിയോഗ മാനേജ്മെന്റ് സമിതി രൂപീകരിക്കാനും ജല ബഡ്ജറ്റ് തയ്യാറാക്കാനും ജില്ലാ കളക്ടര്‍ ഡോ.എ.കൗശിഗന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ആശുപത്രി വികസന സൊസൈറ്റി എക്സിക്യുട്ടീവ് കമ്മിറ്റി തീരുമാനിച്ചു. ജനുവരി 7ന് ഉച്ചയ്ക്ക് 3 ന് വികസനസമിതി മെഡിക്കല്‍ കോളേജ് സന്ദര്‍ശിക്കും. പദ്ധതി പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തുവാന്‍ ജനുവരി 19 രാവിലെ 11ന് ജില്ലാ ഉദേ്യാഗസ്ഥരുടെ യോഗം വിളിച്ചു ചേര്‍ക്കും.
പ്രതിദിനം 17 ലക്ഷം ലിറ്റര്‍ വെളളമാണ് മെഡിക്കല്‍ കോളേജില്‍ ആവശ്യം. എന്നാല്‍ 16.50 ലക്ഷം ലിറ്റര്‍ വെളളം മാത്രമാണ് ഇപ്പോള്‍ വിതരണം ചെയ്യുന്നത്. അര ലക്ഷം ലിറ്റര്‍ കുറവ്. ഇത് പരിഹരിക്കുന്നതിന് സീതാറാം മില്ലിന്റെ പമ്പ് ഹൗസില്‍ നിന്ന് പെരിങ്ങണ്ടൂര്‍ കനാല്‍ വഴി വെളളം ലഭ്യമാക്കാന്‍ കഴിയുമോ എന്ന് സാദ്ധ്യതാപഠനം നടത്താനും സമിതി വാട്ടര്‍ അതോറിറ്റിയെ ചുമതലപ്പെടുത്തി. മെഡിക്കല്‍ കോളേജ് കോമ്പൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ കരാര്‍ പുതിയ ടെണ്ടര്‍ നിലവില്‍ വരുന്നതുവരേയോ പരമാവധി രണ്ടു മാസത്തേക്കോ ഏതാണോ ആദ്യം അതുവരെ നീട്ടി നല്‍കാനും സമിതി തീരുമാനിച്ചു. കാന്റീന് നടത്തിപ്പില്‍ കുടുംബശ്രീകള്‍ തമ്മില്‍ തര്‍ക്കം ഉണ്ടായ സാഹചര്യത്തില്‍ നിലവില്‍ കുടുംബശ്രീയ്ക്കുണ്ടായിരുന്ന സംവരണം അവസാനിപ്പിക്കുമെന്നും സമിതി അറിയിച്ചു.
പി.കെ.ബിജു, എം.പി.,അനില്‍ അക്കര എം.എല്‍.എ.,മേയര്‍ അജിത ജയരാജന്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല വിജയകുമാര്‍, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.എം.കെ.ജയകുമാര്‍,സൂപ്രണ്ട് ഡോ.എ.നിസാമുദ്ദീന്‍,ചെസ്റ്റ് ഹോസ്പിറ്റല്‍ സൂപ്രണ്ട് ഡോ.ഷഹ്ന എ. ഖാദര്‍;പി.ഡബ്ല്യു.ഡി.,വാട്ടര്‍ അതോറിറ്റി തുടങ്ങിയ വകുപ്പുകളിലെ ഉദേ്യാഗസ്ഥരും യോഗത്തില്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: