കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയയായ യുവതി മരിച്ചു. ചികിത്സാപിഴവ് മൂലമാണ് മരണം സംഭവിച്ചതെന്ന് ആരോപണവുമായി യുവതിയുടെ ബന്ധുക്കള്‍ രംഗത്തെത്തി. ബന്ധുക്കളുടെ പരാതിയെത്തുടര്‍ന്ന് നടക്കാവ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുക്കുകയും ചെയ്തു.
അമ്പലത്തുകുളങ്ങര വടക്കാട്ട് വിനോദ്കുമാറിന്റെ ഭാര്യ ഷീന(42)യാണ് ശസ്ത്രക്രിയയെത്തുടര്‍ന്ന് മരിച്ചത്. ഇക്കഴിഞ്ഞ 23 നാണ് കോഴിക്കോട് ഇംഗ്ലീഷ്പള്ളിയ്‌ക്ക് സമീപത്തെ ഷിബ ഹോസ്പിറ്റലില്‍ ഗര്‍ഭപാത്രത്തിലെ മുഴ നീക്കം ചെയ്യുന്നതിനായി ഷീനയെ പ്രവേശിപ്പിച്ചത്.
24 ന് ശസ്ത്രക്രിയ നടത്തി മുഴ നീക്കം ചെയ്യുകയും തുടര്‍ന്ന് വാര്‍ഡിലേക്ക് മാറ്റുകയുമായിരുന്നു. പിന്നീട് കടുത്ത വേദന അനുഭവപ്പെടുകയായിരുന്നുവത്രേ. തുടര്‍ന്ന് നഴ്‌സുമാര്‍ വേദനസംഹാരി കുത്തിവെച്ചു. അബോധാവസ്ഥയിലായ ഷീനയെ ആശുപത്രി അധികൃതര്‍ ഐസിയുവിലേക്ക് മാറ്റുകയായിരുന്നു.
പിന്നീട് ഹൃദയാഘാതത്തെത്തുടര്‍ന്ന് ഷീന മരിച്ചെന്ന വിവരമാണ് ആശുപത്രി അധികൃതര്‍ അറിയിച്ചതെന്ന് ബന്ധുക്കള്‍ പറയുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്ത മൃതദേഹം പിന്നീട് ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. ശസ്ത്രക്രിയ കഴിഞ്ഞ രോഗിയെ വേണ്ടവിധം പരിചരിച്ചില്ലെന്നും വെറും വേദനസംഹാരി മാത്രമാണ് നല്‍കിയതെന്നും കാണിച്ച് ബന്ധുക്കള്‍ പരാതിയുമായി രംഗത്തെത്തി. തുടര്‍ന്നാണ് നടക്കാവ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തത്.
















