കോഴിക്കോട്: പെട്രോള്‍ പമ്പുകളില്‍ പണം നല്‍കാതെ ഇന്ധനം നിറയ്‌ക്കാനുള്ള സാങ്കേതിക വിദ്യയുമായി യുവസംരംഭകര്‍. സൈ്വപ്പിങും നോട്ടിടപാടുമില്ലാത്ത കാഷ്‌ലസ് ഫ്യുവല്‍ പേമെന്റ്(സിഎഫ്പി) സംവിധാനമാണ് ഇവര്‍ മുന്നോട്ടുവെക്കുന്നത്. സംസ്ഥാനത്തെ വിവിധ കോളേജുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളാണ് ഇത്തരമൊരു കണ്ടുപി ടുത്തത്തിന് പിന്നില്‍. ഇതിനായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ കീഴില്‍ സെസ്‌ക് ടെക്‌നോളജീസ് എന്ന പേരില്‍ സംരംഭവും തുടങ്ങിയിട്ടുണ്ട്.
പെട്രോള്‍പമ്പുകളും വാഹനങ്ങളുമായി തമ്മില്‍ ബന്ധിപ്പിക്കുന്ന റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫികേഷന്‍ ചിപ്പ് വഴിയാണ് സിഎഫ്പി നടപ്പാക്കുന്നത്. അതിവേഗത്തില്‍ പ്രവര്‍ത്തിക്കുന്ന നാനോചിപ്പ് വാഹനങ്ങളുടെ ഇന്ധനടാങ്കിനോട് ചേര്‍ന്ന് ഘടിപ്പിക്കും. പമ്പിലെ നോസില്‍ പിടിപ്പിക്കുന്ന റീഡര്‍ ചിപ്പിലെ വിവരങ്ങള്‍ സെര്‍വറില്‍ എത്തിക്കും. ഇന്ധനം നിറയ്‌ക്കുന്നത് പൂര്‍ത്തിയായാല്‍ പമ്പിലെ മെഷീനില്‍ രേഖപ്പെടുത്തിയ തുക ചിപ്പുമായി ബന്ധിപ്പിച്ചിരിക്കുന്ന അക്കൗണ്ടില്‍ നിന്ന് പമ്പിന്റെ അക്കൗണ്ടിലെത്തും. ഈ സാങ്കേതികവിദ്യയുടെ പേറ്റന്റിനായി അപേക്ഷിച്ചിരിക്കുകയാണെന്ന് സിഇഒ ഹഫാന്‍ മുഹമ്മദ് മുഹമ്മദ് റാഫി പറഞ്ഞു. ഫെബ്രുവരിയില്‍ ഉല്‍പന്നം പുറത്തിറക്കാനാണ് ഉദ്ദേശിക്കുന്നത്. ആദ്യം ബെംഗലൂരുവിലെ പമ്പിലായിരിക്കും സംവിധാനം ഒരുക്കുക. ഷംനാദ് ബക്കര്‍, വിഘ്‌നേഷ് ആര്‍. കൃഷ്ണന്‍, സി. അനുപ്രിയ, അഖില്‍, നിഷാം, സഫ്‌വാ ന്‍ റാഷിദ് തുടങ്ങിയവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
















