പേരാമ്പ്ര: കായണ്ണ വില്ലേജിലെ കക്കാഞ്ചേരി താഴെ വയല്‍ നികത്തിയ സ്ഥലം ഡെപ്യൂട്ടി കലക്ടര്‍ ഹേമയുടെ നേതൃത്വത്തില്‍ സന്ദര്‍ശിച്ചു. വയല്‍ പൂര്‍വ്വസ്ഥിതിയിലാക്കാന്‍ നിര്‍ദ്ദേശം നല്‍കുമെന്ന് അവര്‍ അറിയിച്ചതായി നെല്‍ വയല്‍ നീര്‍ത്ത സംരക്ഷണ സമിതി പ്രവര്‍ത്തകന്‍ കൈപ്പാഞ്ചേരി അനീഷ് അറിയിച്ചു. കക്കാഞ്ചേരി താഴെ മുതല്‍ കൊമ്പത്തത്ത് താഴെ വരെയുള്ള 50 ഏക്കറോളം വരുന്ന വയല്‍ തരം മാറ്റി തെങ്ങ്, കവുങ്ങ് തൈകള്‍ വെച്ചുപിടിപ്പിക്കുകയാണ് ചെയ്യുന്നത്.
ഇതിനെതിരെ നാട്ടുകാര്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് ഡെപ്യൂട്ടി കലക്ടറുടെ നേതൃത്വത്തിലുള്ള സംഘം പരിശോധനക്കെത്തിയത്. ഇതിന് മുമ്പ് താഹ്‌സില്‍ദാര്‍, വില്ലേജ് ഓഫീസര്‍ എന്നിവരും സ്ഥലം സന്ദര്‍ശിച്ചിരുന്നു.
കായണ്ണ, നൊച്ചാട് വില്ലേജ് പരിധിയിലെ നിരവധി ഏക്കര്‍ നെല്‍വയലും തണീര്‍ത്തടങ്ങളും നികത്തുകയാണ്. കനാലില്‍ നിന്ന് വയലിലേക്ക് വെള്ളമിറങ്ങുന്നത് സ്വകാര്യ വ്യക്തി തടസ്സപ്പെടുത്തിയിരുന്നു.
















