കാസര്‍കോട്: കാസര്‍കോട് നഗരസഭയിലെ ഭവന പദ്ധതിയില്‍ അഴിമതി നടത്തിയ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ഉള്‍പ്പെടെയുള്ള ലീഗ് കൗണ്‍സിലര്‍മാരെ സംരക്ഷിക്കുന്നത് മുസ്ലിംലീഗ് നേതൃത്വമാണെന്ന് ബിജെപി സംസ്ഥാന സമിതിയംഗം രവീശതന്ത്രി കുണ്ടാര്‍ പറഞ്ഞു. ബിജെപി കാസര്‍കോട് മുനിസിപ്പല്‍ കമ്മറ്റി സംഘടിപ്പിച്ച സായാഹ്ന ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അഴിമതിയുമായി ബന്ധപ്പെട്ട് നിരവധി തവണ വിജിലന്‍സ് സംഘം നഗരസഭാ ഓഫീസിലെ രേഖകള്‍ പരിശോധിക്കുകയും, പ്രഥമ ദൃഷ്ട്യാ തെളിവുകള്‍ ശേഖരിച്ചിട്ടും വികസന സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍പേഴ്സണെ സംരക്ഷിക്കുകയാണ് അവര്‍ ചെയ്യുന്നത്. ആരോപണമുയര്‍ന്ന് ദിവസങ്ങളായിട്ടും സംഭവവുമായി ബന്ധപ്പെട്ട രേഖകള്‍ ഒന്നും തന്നെ കൗണ്‍സിലര്‍മാരെ കാണിക്കാന്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ തയ്യാറായിട്ടില്ല. അവരും അഴിമതിക്ക് കൂട്ടുനിക്കുന്ന സമീപനമാണ് സ്വീകരിച്ചിട്ടുള്ളത്. ബിജെപി നഗരസഭാ അംഗങ്ങള്‍ രേഖകളാവശ്യപ്പെട്ടിട്ടു പോലും അവരുമായി ചര്‍ച്ച ചെയ്യാനോ ആരോപണങ്ങളിലെ നിജസ്ഥിതി ബോധ്യപ്പെടുത്തുവാനോ തയ്യാറാകാത്തത് അഴിമതി നടന്നിട്ടുണ്ടെന്നതിനുള്ള തെളിവാണെന്നും അദ്ദേഹം പറഞ്ഞു.
ധര്‍ണ്ണയില്‍ ബിജെപി മുനിസിപ്പല്‍ പ്രസിഡന്റ് സതീശന് അണങ്കൂര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി പി.രമേശ്, കെ.ടി.ജയറാം, സജിത്ത് തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: