തൃശൂര്‍: ഭൂരിപക്ഷം കൗണ്‍സിലര്‍മാരുടെ പിന്തുണയില്ലെന്ന് വ്യക്തമായതോടെ കോര്‍പ്പറേഷനിലെ ഇടതുഭരണസമിതി രാജിവെക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഡെപ്യൂട്ടിമേയര്‍ വര്‍ഗീസ് കണ്ടംകുളത്തിയും കൗണ്‍സിലര്‍ അനൂപ് കാടയും കള്ളയൊപ്പിട്ടു എന്ന് വ്യക്തമായതോടെ ഇവരുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഒറ്റക്കെട്ടായി പ്രമേയം പാസ്സാക്കിയതോടെയാണ് ഇടതുമുന്നണിയുടെ ഭരിക്കാനുള്ള അര്‍ഹത നഷ്ടമായത്. മേയറും ഡെപ്യൂട്ടിമേയറും ഉള്‍പ്പടെയുള്ളവര്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ്സും ബിജെപിയും പ്രമേയം പാസ്സാക്കിയതോടെ ഭൂരിപക്ഷപിന്തുണയില്ലെന്ന് വ്യക്തമായിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ തുടരാന്‍ മേയര്‍ക്കും ഡെപ്യൂട്ടി മേയര്‍ക്കും ധാര്‍മികമായ അവകാശമില്ല. കള്ളയൊപ്പ് വിവാദത്തില്‍ അന്വേഷണം നേരിടാന്‍ തയ്യാറാകാതെ കടുംപിടുത്തം തുടരുന്നപക്ഷം ഡെപ്യൂട്ടി മേയര്‍ക്കെതിരെ കൗണ്‍സില്‍ യോഗത്തില്‍ അവിശ്വാസപ്രമേയം വന്നേക്കും. നിലവിലെ സ്ഥിതിയില്‍ അവിശ്വാസപ്രമേയം വിജയിക്കാനാണ് സാധ്യത. അങ്ങിനെവന്നാല്‍ കോര്‍പ്പറേഷനില്‍ അത് ഭരണപ്രതിസന്ധി സൃഷ്ടിക്കും. കോണ്‍ഗ്രസ്സിനും ബിജെപിക്കും ഇടതുമുന്നണിക്കും തനിച്ച് ഭരിക്കാന്‍ ഭൂരിപക്ഷമില്ലാത്ത സാഹചര്യമാകും ഉണ്ടാവുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: