മുണ്ടൂര്‍ സേതുമാധവനെന്ന ചെറുകഥാകൃത്തിന്റെ മനസില്‍ ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഒരു കഥയെഴുതുവാനുണ്ടായ സാഹചര്യം സൃഷ്ടിച്ച ക്രാഫ്റ്റ് അധ്യാപകന് മുഹമ്മദ് മാസ്റ്ററെ ഒരിക്കലും മായ്ച്ചുകളയാന്‍ കഴിയില്ല. ദാരിദ്ര്യത്തിന്റെയും വിശപ്പിന്റെയും വിളികള്‍ക്കിടയില്‍ വായനമാത്രമായിരുന്നു ആശ്വാസം. വായനശാലയില്‍ നിന്നു കിട്ടുന്ന പുസ്തകങ്ങള്‍ കൊതിതീരാതെ വായിക്കുന്ന സ്വഭാവമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. കിട്ടുന്നതെന്തും വായിക്കുക, അതൊരു ആര്‍ത്തിയായിരുന്നു. അവിടെ വിശപ്പിന് ഒരു സ്ഥാനമുണ്ടായിരുന്നില്ല. അങ്ങനെ പതിമൂന്നാമത്തെ വയസിലാണ് സേതുവില്‍ നിന്ന് കഥ ഉരുത്തിരിയുന്നത്. പിന്നെ അതൊരു ഒഴുക്കായിരുന്നു. മനുഷ്യരുടെ ജീവിതകഥ വ്യഥകളായി പുറത്തുവന്നു. തലയില്‍ സാഹിത്യം മാത്രമായിരുന്നു. അതിനപ്പുറം മറ്റൊരു ചിന്തയുണ്ടായിരുന്നില്ല. തനിക്ക് വാക്കുകള്‍ തന്ന മനുഷ്യവിലാപത്തിനുവേണ്ടിയുള്ള സമര്‍പ്പണമായിരുന്നു കഥകള്‍.
ദാരിദ്ര്യത്തിനും വിശപ്പിനുമപ്പുറം കഥകള്‍ക്കുവേണ്ടിയുള്ള പരക്കംപാച്ചില്‍ അദ്ദേഹത്തിനുണ്ടായിരുന്നുവെന്നു പറഞ്ഞാല്‍ തെറ്റില്ല. അരനൂറ്റാണ്ടുമുമ്പ് മലബാറില്‍ വറുതിയുടെ കാലമായിരുന്നു. പലവീടുകളിലും പുകയുയരുന്നുണ്ടായിരുന്നില്ല. വെള്ളം മാത്രം കുടിച്ച് വിശപ്പ് അകറ്റിയ കാലം. ഇന്നത്തെ തലമുറക്ക് അത്തരമൊരു കാര്യത്തെക്കുറിച്ച് ചിന്തിക്കാന്‍ പോലും കഴിയില്ല. അങ്ങനെ മനുഷ്യജീവിതത്തിന്റെ പ്രാരാബ്ദങ്ങളും ദൈന്യതകളും കഥകളില്‍ ഇഴുകിചേര്ന്നുകിടന്നു. മനുഷ്യവേദനയെ വാക്കുകളിലൂടെ അദ്ദേഹം പുറത്തുകൊണ്ടുവന്നു. മാസ്റ്ററെ എഴുതാന്‍ പ്രേരിപ്പിച്ചതും ഇവയായിരുന്നു. മൗലികമായി മാസ്റ്റര്‍ 75-ാം വയസിലും ഒരു അധ്യാപകന് തന്നെ. ഇന്നും വായന അദ്ദേഹത്തിന് ഒരു ഹോബിയാണ്.
മുണ്ടൂരിലെ തറവാട്ട് വീട്ടില്‍ കോലായിലിരിക്കുമ്പോള്‍ അങ്ങുദൂരെ കാണുന്ന കല്ലടിക്കോടന്‍ മലകളാണ് ഏതു വെല്ലുവിളിയേയും നേരിടുവാന്‍ മനസിനെ പക്വമാക്കിക്കൊടുത്തത്.കൈ ചൂണ്ടാതെ തന്നെ പറഞ്ഞുകൊടുത്ത ഒരു മിത്തായിരുന്നു അത്. ചിരിക്കുന്ന, കരയുന്ന ,നിഷ്കളങ്കരായ മനുഷ്യരെക്കുറിച്ചാണ് മാസ്റ്റര്‍ക്ക് എഴുതുന്നതിനുള്ള പ്രേരണാസ്രോതസ്സ്. മുണ്ടൂരും പാലക്കാടും , കല്ലടിക്കോടന്‍ മലയും പാലക്കീഴ്ക്കാവും ഭഗവതിയും എന്നും അദ്ദേഹത്തിന്റെ മനസില്‍ തത്തിക്കളിക്കുന്നവയാണ്. കഥകളില്‍ ഇവയെക്കുറിച്ച് സ്പര്‍ശിക്കാതെ പോകാന്‍ കഴിഞ്ഞില്ല. കഴിഞ്ഞിട്ടില്ല. ഇതൊരു വീണ് വാക്കല്ല.തന്നെത്തന്നെ തിരിച്ചറിയാനുള്ള ,മനസിലാക്കാനുള്ള ഒരു ഇടം മാത്രം. മനുഷ്യവേദനയെ എന്നും തിരിച്ചറിയാന്‍ മാസ്റ്റര്‍ക്ക് കഴിഞ്ഞു. കല്മഷമില്ലാത്ത, ആരോടും വിദ്വേഷമില്ലാത്ത ഒരു നിറഞ്ഞ മനസിന്റെ സൗഹൃദമാണ് എന്നും ആഗ്രഹിച്ചത്. അതാണ് മുണ്ടൂര്‍ സേതുമാധവന്റെ പ്രത്യേകതയും. ആത്മബന്ധമുള്ള സുഹൃദ് സാന്നിധ്യമാണ് എന്നും നിലനിര്‍ത്തുന്നതും.
1962-ല്‍ 20-ാ മത്തെ വയസിലാണ് അദ്ദേഹത്തിന്റെ ആദ്യകഥയായ ‘തെറ്റ്’ മനോരമ ആഴ്ചപ്പതിപ്പിലൂടെ പുറത്തുവന്നത്. എന്‍. വി. കൃഷ്ണവാര്യര്‍, എം. ടി. വാസുദേവന്‍ നായര്‍ തുടങ്ങിയ പ്രമുഖര്‍ കഥാപ്രസിദ്ധീകരണകാലത്ത് നല്കിയ കത്തുകള്‍ ഇന്നും ഒരു അമൂല്യനിധിപോലെ അദ്ദേഹം സൂക്ഷിച്ചുവെച്ചിട്ടുണ്ട്. ഒരു കാലത്ത് നിരവധി കഥാകൃത്തുക്കളെയും എഴുത്തുകാരേയും സൃഷ്ടിച്ച മലയാള നാട് വാരികയും വിബിസി നായരും എസ.് കെ. നായരും ജനയുഗത്തിലെ കാമ്പിശേരി കരുണാകരനും അദ്ദേഹത്തിന്റെ സാഹിത്യ ജീവിതത്തിലെ മറക്കാനാവാത്ത ഓര്‍മ്മകളാണ്. മലയാള നാടിലൂടെ പുറത്തുവന്ന കഥകളെക്കുറിച്ച് മലയാളസാഹിത്യത്തിലെ കൊടുങ്കാറ്റായിരുന്ന പി. കേശവദേവ് വിമര്‍ശിച്ചതും വിലയിരുത്തിയതും ഒരിക്കലും വിസ്മരിക്കാനാവില്ല.
കേരളത്തിലെ മിക്ക പ്രസിദ്ധീകരണങ്ങളിലൂടെയും മുണ്ടൂരിന്റെ കഥകള്‍ പുറത്തുവന്നിട്ടുണ്ട്. അവധിക്കാലത്ത് മലയാളനാടില്‍ നിന്ന് മുന്‍കൂര്‍ ലഭിക്കുന്ന അഞ്ഞൂറ് രൂപ പിന്നീട് പത്തുകഥകളായാണ് അദ്ദേഹം കടം തീര്‍ത്തിരുന്നത്. സിനിമാ നിര്‍മാണരംഗത്തെ പ്രമുഖരായിരുന്ന മഞ്ഞിലാസ- തകഴിയുടെ ചുക്ക്, മലയാറ്റൂര്‍ രാമകൃഷ്ണന്റെ പൊന്നി എന്നിവ മാറ്റി നിര്‍ത്തിയാണ് മുണ്ടൂരിന്റെ ‘കലിയുഗം’ നോവല്‍ ചലച്ചിത്രമാക്കുവാന്‍ കെ.എസ്. സേതുമാധവന് തീരുമാനിച്ചത്. സത്യനെ നായകനാക്കുവാനായിരുന്നു ശ്രമമെങ്കിലും അദ്ദേഹം മരിച്ചതിനെ തുടര്‍ന്ന് സുധീര്‍ നായകനായി സിനിമ പുറത്തുവന്നു.
പ്രസിദ്ധ സിനിമാ സംവിധായകന് പി. പത്മരാജന് ഒരിക്കല്‍ പാലക്കാട്ട് വന്നപ്പോള്‍ ചിറ്റൂരില്‍ വെച്ച് അദ്ദേഹത്തെ കണ്ടതും കെട്ടിപ്പിടിച്ചുകൊണ്ട് ‘മരണഗാഥ’-യെന്ന നോവലിനെക്കുറിച്ച് പറഞ്ഞതും അവിസ്മരണീയമാണ്. താന്‍ അത് സിനിമയാക്കാന്‍ പോവുന്നുവെന്ന കാര്യം. എന്നാല്‍ നിര്‍ഭാഗ്യകരമെന്ന് പറയട്ടെ പത്മരാജന് താമസിയാതെ ഈ ലോകത്തോട് വിടപറഞ്ഞു. അത് പിന്നീട് കലാകൗമുദി വാരികയില്‍ മകന് അനന്തപത്മനാഭന് സൂചിപ്പിക്കുകയും ചെയ്തിരുന്നു.എഴുപതിലെഴുതിയ കേവലം എട്ട് അധ്യായം മാത്രമുള്ള മരണഗാഥയെന്ന നോവല്‍ ഒരു വേറിട്ട കഥയായിരുന്നു പറഞ്ഞത്. അതൊരു താത്വികനോവലായിരുന്നുവെന്നു പറഞ്ഞാല്‍ തെറ്റില്ല.
അഞ്ച് പതിറ്റാണ്ടിനിടെ അഞ്ച് നോവലുകള്‍ മാത്രമേ അദ്ദേഹം എഴുതിയിട്ടുള്ളുവെങ്കിലും അവ എണ്ണം പറഞ്ഞവയായിരുന്നു. എഴുത്തു തുടങ്ങിയ ശേഷം ചെറുകഥക്കപ്പുറത്തേക്ക് കൂടുതല്‍ ചിന്തിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇതിനകം അഞ്ഞൂറ് കഥകളെങ്കിലും പുറത്തുവന്നു. കുട്ടികള്‍ക്കുള്ള ഒരു നോവലും. അല്പസ്വല്പം നാടകമെഴുത്തും അഭിനയവും.
‘അമ്മകൊയ്യുന്നു ‘ എന്ന കഥ ഏഴുകൊല്ലം ഏഴാം ക്ലാസില്‍ പാഠപുസ്തകമായി ഉണ്ടായിരുന്നു. സെന്‍ട്രല്‍ സിലബസില്‍ മയില്‍പീലിയെന്ന കഥയും.
1942-ല്‍ മുണ്ടൂരില്‍ ആണ് അദ്ദേഹത്തിന്റെ ജനനം. അമ്മ വാഴയില്‍ ദേവകിയമ്മയും അച്ഛന് മാരാത്ത് ഗോവിന്ദന്‍നായരും. പറളി ഹൈസ്കൂളിലും മുണ്ടൂരിലുമായി വിദ്യാഭ്യാസത്തിനുശേഷം 1961-ല്‍ ടി ടി സി പൂര്‍ത്തിയാക്കി ഓടനൂര് ജിഎല്‍പി സ്കൂളില്‍ അധ്യാപകനായിക്കൊണ്ടാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. പിന്നീട് പറളി ഹൈസ്കൂളില്‍ അധ്യാപകനുമായി. രണ്ടുപതിറ്റാണ്ട് നീണ്ടുനിന്ന പിഎംജി ഹൈസ്കൂളിലെ അധ്യാപക ജീവിതത്തില്‍ നൂറ് കണക്കിന് ശിഷ്യരുണ്ടായി. ഇലക്ട്രിസിറ്റി ബോര്‍ഡില്‍ അക്കൗണ്ട്സ് ഓഫീസറായി വിരമിച്ച എലപ്പുള്ളി പള്ളത്തേരി കപ്പടത്ത് അംബികയാണ് ഭാര്യ. മകള്‍ കെ. ശ്യാമ.മഞ്ചേരിയില്‍ പോസ്റ്റല്‍ വകുപ്പില്‍ ജോലിചെയ്യുന്നു. മരുമകന് സി.കെ. ബിജുവും പോസ്റ്റല്‍വകുപ്പില്‍ തന്നെ. ചെറുമകള്‍ ഗാഥ.
സാഹിത്യജീവിതത്തില്‍ അമ്പത് വര്‍ഷം പിന്നിടുന്ന മുണ്ടൂര്‍ സേതുമാധവനെ ‘സേതുമാധവം’ എന്ന പേരില്‍ ഇന്ന് ആഘോഷിക്കാന്‍ ഒരുങ്ങുകയാണ് ആസ്വാദകര്‍. 69 തെരഞ്ഞെടുക്കപ്പെട്ട കഥകളുടെ സമാഹാരം സി. രാധാകൃഷ്ണന് പ്രകാശനം ചെയ്യും. കോഴിക്കോട്ടെ ഹരിതം ബുക്സാണ് പ്രസാധകര്.
യാതൊരു തരത്തിലുള്ള കൊട്ടിഘോഷവുമില്ലാതെ എന്തിനും ഏതിനും പിന്നാലെ പോകുന്നതിനാലായിരിക്കാം അദ്ദേഹത്തിന് സ്ഥാനങ്ങള്‍ കൂടുതല്‍ ലഭിക്കാതെ പോയത്. എന്നാല്‍ അതിലൊന്നും അദ്ദേഹത്തിന് വിഷമമില്ല. കിട്ടേണ്ടത് കിട്ടും, വരേണ്ടത് വരും. ഗീതയില്‍ പറയുന്നതുപോലെ സ്ഥിത പ്രജ്ഞയാണീ ജീവിതം. കാലത്തിന്റെ പാതയിലൂടെ സവിനയം ഈ എഴുത്തുകാരന് യാത്രചെയ്യുന്നു. അവാര്‍ഡുകള്‍ക്കുപിന്നില്‍ പായാതെ തന്റെ കഥകളുമായി മുണ്ടൂര്‍ മുന്നോട്ട് പോകുന്നു. അതൊരു ഏകാന്ത യാത്ര.
പ്രതികരിക്കാൻ ഇവിടെ എഴുതുക: