ഇന്ന് ക്രിസ്തുമസ്. ലോകമെമ്പാടുമുള്ള വിശ്വാസികള്‍ ഉണ്ണിയേശുവിന്റെ തിരുപ്പിറവിയെ സ്വാഗതം ചെയ്യുന്ന ദിവസം. ധന്യമായ ഒരു ജീവിതം സമാജത്തിനായി സമര്‍പ്പിച്ച അടല്‍ജിയുടെ ജന്മദിനവും ഇന്നു തന്നെ. വാക്കുകള്‍ വായില്‍ നിന്നും ഹൃദയത്തില്‍ നിന്നും ജനിക്കുന്നുവെന്ന് ഫ്രഞ്ച് ഭാഷയില്‍ ഒരു ചൊല്ലുണ്ട്. വായില്‍ നിന്നു പിറക്കുന്ന വാക്കുകള്‍ വായുവില്‍ അലിഞ്ഞുപോകുന്നു. നൈമിഷികമായ ശ്രവണ സുഖത്തിനപ്പുറം അതിനായുസ്സില്ല. എന്നാല്‍ ഹൃദയത്തില്‍ നിന്ന് ചുരന്നൊഴുകുന്ന വാക്കുകളുടെ കാര്യമതല്ല. അത് കേള്‍ക്കുന്നവന്റെ മനസ്സില്‍ അഗ്നിസ്ഫുലിംഗങ്ങള്‍ തീര്‍ക്കുന്നു. അവിടെ വാക്കുകള്‍ക്ക് ആയുധങ്ങളേക്കാള്‍ മൂര്‍ച്ചയേറും. ഈ ചൊല്ല് നമ്മെ വീണ്ടും വീണ്ടും ഓര്‍മ്മിപ്പിക്കുന്നതാണ് അടല്‍ജിയുടെ ശൈലി. ഒരിക്കല്‍ കണ്ടാല്‍, ഒരിക്കല്‍ കേട്ടാല്‍ ഒരിക്കലും മറക്കാത്ത വിസ്മയമായി അടല്‍ജി മാറുന്നതിന്റെ പൊരുളും ഇതുതന്നെ.
അടല്‍ജിയുടെ കവിതകള്‍ പ്രൊഫ.വി.എ. കേശവന് നമ്പൂതിരി മൊഴിമാറ്റം ചെയ്ത് സി.എം. കൃഷ്ണനുണ്ണി എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഹിന്ദിയില്‍ എഴുതിയ കവിതയുടെ മുഴക്കവും മാധുര്യവും മലയാളത്തിലേക്ക് പൂര്‍ണ്ണമായും ആവാഹിക്കാനായി എന്ന് പറഞ്ഞുകൂടാ. ഈ പ്രസരണ നഷ്ടം സ്വാഭാവികം മാത്രം. ഒരു ഭാഷയില്‍ ആവിഷ്കരിക്കുന്ന ആശയം വൈകാരികത ഒട്ടും ചോര്‍ന്നുപോകാതെ പുനരാവിഷ്കരിക്കുക എളുപ്പമല്ല. നാവിന്‍തുമ്പത്ത് സരസ്വതി കളിയാടുന്ന അടല്‍ജിയുടെ കവിതയാവുമ്പോള്‍ പ്രത്യേകിച്ചും, സങ്കല്പിക്കാനാവാത്ത തിരക്കുകള്‍ക്കിടയില്‍ വീണുകിട്ടുന്ന നിമിഷങ്ങളുടെ സൃഷ്ടിയാണ് അടല്‍ജിയുടെ കവിതകള്‍, അമൂര്‍ത്തമായ കാവ്യബിംബങ്ങള്ക്കുമേല് അടയിരിക്കാന്‍ അദ്ദേഹത്തിന് സമയമെവിടെ? അപ്പോഴും ആസ്വാദകന്റെ മനസ്സില്‍ സംവേദനത്തിന്റെ ഒരതീന്ദ്രീയതലം ഈ കവിത തുറന്നിടുന്നുണ്ട്.
സാധാരണക്കാരില്‍ നിന്ന് കവിയെ വ്യത്യസ്തനാക്കുന്നത് ആറാമിന്ദ്രിയം ആണെന്നാണ് പറയുക. ഇഴപിരിച്ചെടുക്കാനാവാത്തവണ്ണം സത്യവും മിഥ്യയും കൂടിക്കുഴഞ്ഞുക്കിടക്കുന്ന ഭ്രമാത്മകമായ ഒരു ലോകമാണത്. ഇവിടെ കവിക്ക് തന്റെ ചുറ്റുപാടുകളെ സത്യസന്ധമായി അഭിസംബോധനചെയ്യാനായെന്ന് വരില്ല.
ജീവിതയാഥാര്‍ത്ഥ്യങ്ങളില്‍ നിന്ന് ഒളിച്ചോടുന്നവര്‍, സ്വപ്നാടകര്‍ എന്നൊക്കെ എണ്ണം പറഞ്ഞ കവികള്‍ക്കു പോലും പഴി കേള്‍ക്കേണ്ടി വന്നത് ഇവിടെയാണ്. എന്നാല്‍ അടല്‍ജിയുടെ കവിതകള്‍ക്ക് ഒരേ നൂലില്‍ കോര്‍ത്ത പൂക്കള്‍ പോലെ പൊതുവായ ഒരന്തര്‍ധാര കാണാം. പച്ചയായ ജീവിതത്തിന്റെ നിലപാടുതറയില്‍നിന്ന് ഉര്‍ജ്ജം വലിച്ചെടുത്ത് വിരിയുന്നതാണ് അടല്‍ജി കവിതകള്‍. വിശ്വത്തോളം വിശാലമായ മാനവികതയുടെ ഉദാത്തമായ ദേശസ്നേഹത്തിന്റെ ഏതു പ്രതിസന്ധിയിലും രാജിയാവാത്ത ആത്മവിശ്വാസത്തിന്റെ ഭൂമികയില്‍ അത് ഊന്നി നില്ക്കുന്നു.
ഭുമിയില്‍ ഈശ്വരന്റെ ഏറ്റവും ശ്രേഷ്ഠമായ സൃഷ്ടിയാണ് മനുഷ്യന്. എന്നാല്‍ തിരിച്ചറിവെന്ന കവിതയില്‍ അടല്‍ജി മനുഷ്യനും മുകളില്‍ മനസ്സിനെ പ്രതിഷ്ഠിക്കുന്നു. വലിയവനും ചെറിയവനുമില്ല. ഉയര്‍ന്നവനും താഴ്ന്നവനുമില്ല. സ്ഥാനമാനങ്ങള്‍ക്കും വലുപ്പചെറുപ്പങ്ങള്ക്കുമപ്പുറം എല്ലാറ്റിനുമാധാരം മനസ്സിന്റെ നന്മയാണെന്ന് അദ്ദേഹം വിളംബരം ചെയ്യുന്നു. എതിരാളിയുടെ മനസ്സില്‍പോലും സ്നേഹത്തിന്റെ ധവളപതാക പാറിക്കാന്‍ അടല്‍ജിയെ പ്രാപ്തനാക്കുന്നതും ഈ തിരിച്ചറിവു തന്നെയല്ലെ? ഒരു ജനതയുടെ ഒരുവേള അതിനുമപ്പുറം അടല്‍ജി ആര്‍ദ്രമായ ഒരു വികാരമാണ്. അതെന്തെന്ന് ഉദീരണംചെയ്യുന്നു ഈ കവിത.
തിരിച്ചറിവിന്റെ അനുബന്ധമെന്ന് വിശേഷിപ്പിക്കാവുന്ന ‘ഔന്നത്യം’ എന്ന കവിതയില്‍ ഹൃദയത്തില്‍ വേരോട്ടമില്ലാത്ത- ഔന്നത്യം അന്യനെ ആലിംഗനം ചെയ്യാനാവാത്ത ഔന്നത്യം തനിക്ക് നല്കരുതേയെന്ന് കവി ഈശ്വരനോടു പ്രാര്‍ത്ഥിക്കുന്നുണ്ട്. വെളുത്ത ശവത്തുണി പുതച്ച മഞ്ഞുമൂടിയ ഉത്തുംഗ പര്‍വ്വതത്തില്‍ ചെടികളൊ വൃക്ഷങ്ങളോ വളരുന്നില്ല. തളര്‍ന്ന പാന്ഥന് തണലും കിളികള്‍ക്ക് കൂടും വെച്ചുനീട്ടാത്ത പര്‍വ്വതത്തിന്റെ ഈ ഔന്നത്യം മഹത്വമല്ലെന്ന തിരിച്ചറിവാണീ കവിതയുടെ കാതല്‍. ജീവിതത്തിന് അര്‍ത്ഥവും സുഗന്ധവും കൈവരുന്നത് സഹജീവികളോടൊപ്പം ഒരാളായി മാറുമ്പോഴാണ്. ഉത്തരവാദിത്തത്തിന്റെ ഉന്നതങ്ങളില്‍ വിരാജിക്കുമ്പോഴും അദ്ദേഹത്തിന്റെ മനസ്സ് താന്‍ സ്നേഹിക്കുന്ന, തന്നെ സ്നേഹിക്കുന്ന ജനസാമാന്യത്തിനൊപ്പമായിരുന്നു.
സ്ഥാനമാനങ്ങള്‍ക്കുവേണ്ടി ആരുടെ മൂര്‍ദ്ധാവും ചവുട്ടുപടിയാക്കുന്ന വര്‍ത്തമാനകാല രാഷ്ട്രീയത്തില്‍ ഇവിടെ ഒരാള്‍ തീര്‍ത്തും വ്യത്യസ്തനാകുന്നു. ഗഗനം ഗഗനം പോലവേ സാഗരം സാഗാരോപമം. ആകാശത്തെപ്പോലെ ആകാശം മാത്രം. സമുദ്രത്തെപ്പോലെ സമുദ്രംവും, രാഷ്ട്രീയനഭോമണ്ഡലത്തില്‍ അടല്‍ജിയെപ്പോലെ അടല്‍ജിയും.
ജന്മദിനത്തിലെഴുതിയ തന്നോടുതന്നെ തര്‍ക്കിക്കുന്ന തത്വചിന്താപരമായ ഒരു കവിതയെക്കുറിച്ചു കൂടി പരാമര്‍ശിച്ച് ഈ കുറിപ്പ് അവസാനിപ്പിക്കട്ടെ. ആള്‍ക്കൂട്ടത്തെ നിശ്ശബ്ദനാക്കുന്ന തനിക്ക് സ്വന്തം മനസാക്ഷിയെ നിശ്ശബ്ദനാക്കാനാവുന്നില്ലല്ലോയന്ന സത്യം കവിയെ ഞെട്ടിക്കുന്നു. ഈ മനസാക്ഷികുത്ത് എന്താവും? അദ്ദേഹം അത് നമ്മോട് പറയാതെ പറയുന്നുണ്ട്. വരികള്‍ക്കിടയിലൂടെ വായിക്കണമെന്ന് മാത്രം. ഇവിടെ കവിയുടെ മനസ്സ് സ്വന്തം കോടതിയില്‍ എതിര് വിസ്താരം ചെയ്യപെടുകയാണ്. ഒടുവില്‍ സ്വന്തം സത്യമാങ്മൂലം തനിക്കെതിരെ തിരിഞ്ഞ് പരാജയം ഏറ്റുവാങ്ങുന്നു. ഇത് ഒരേസമയം രാഷ്ട്രീയക്കാരനും കവിയുമാകുന്ന ധര്മ്മസങ്കടമാകാം.
ഒരു രാഷ്ട്രീയക്കാരന് അടുത്ത തിരഞ്ഞെടുപ്പിനെ ലക്ഷ്യമാക്കുമ്പോള്‍ ദേശീയവാദിയായ രാഷ്ട്രീയക്കാരന് ലക്ഷ്യമാക്കുന്നത് അടുത്ത തലമുറയെയാണ്. നൂറുശതമാനത്തില്‍ കുറഞ്ഞ ഒന്നും അയാളെ തൃപ്തനാക്കുന്നില്ല. ഇവിടെ അസ്വസ്ഥത അയാളുടെകൂടെപ്പിറപ്പാക്കുന്നു. നേടേണ്ടതെല്ലാം നേടിയില്ലല്ലോ എന്ന ചിന്ത അയാളെ സദാ വേട്ടയാടുന്നു. സ്വാതന്ത്ര്യ ദിനത്തില്‍ എഴുതിയ ഒരു കവിത അവസാനിക്കുന്നതിങ്ങനെയാണ്. കിട്ടിയതില്പ്പരിതൃപ്തിയെഴാതിനി നേടാനുള്ളത് നേടുക നാം. 1947 ആഗസ്റ്റ് 15 സ്വാതന്ത്ര്യ ലബ്ധിയില്‍ ഭാരതം മതിമറന്നിരിക്കുമ്പോള്‍ കവി പറയുന്നത് നേടാനുള്ളത് നാം നേടിയിട്ടില്ല. അതിനായുള്ള പേരാട്ടം തുടരണമെന്നാണ്. സ്വാതന്ത്ര്യം നേടി ആറ് പതിറ്റാണ്ട് പിന്നിട്ടിണ്ടും ഭാരതം സ്വാതന്ത്ര്യം നേടി. പക്ഷെ ഭാരതീയര്‍ സ്വാതന്ത്ര്യം നേടിയോ എന്ന ചോദ്യം പ്രസക്തമാവുന്നതിവിടെയാണ്.
അടിയന്തരാവസ്ഥയില്‍ എഴുതിയ തലകുനിക്കാന്‍ പറ്റില്ലെന്ന കവിത സ്വാതന്ത്ര്യത്തോടുള്ള തന്റെ രാജിയാവാത്ത നിലപാടുകളുടെ വാങ്മചിത്രം തന്നെയാണ്. തകര്‍ന്നുപോയേക്കാം പക്ഷേ തലകുനിക്കില്ലെന്ന പ്രഖ്യാപനം ഇവിടെ അംഗദന്റെ സുചിന്തിതമായ ചുവടുവെപ്പായി മാറുന്നു. എതിരാളി അസ്ത്രസജ്ജനാണെന്നും അതിനോട് നേര്ക്കുന്നവന് നിരസ്ത്രനാണെന്നുമുള്ള തിരിച്ചറിവ് മുന്നോട്ടുള്ള പ്രയാണത്തെ പുറക്കോട്ടു വലിക്കുന്നില്ലതന്നെ. വെട്ടിയിട്ടവഴിയിലൂടെയുള്ള പതിവുയാത്ര നമുക്ക് സമ്മാനിക്കുന്നത് ആവര്‍ത്തന വിരസമായ പതിവു കാഴ്ചകള്‍ മാത്രമാണല്ലൊ. ഇവിടെ സ്വന്തം വഴി വെട്ടുന്ന കവി ആരുംകാണാത്ത കാഴ്ചകളും അനുഭവങ്ങളും അനുപാചകരുമായി പങ്കുവെക്കുകയാണ്.
ഈ കവിതാസമാതഹാരം ഒരര്‍ത്ഥത്തില്‍ അടല്‍ജിയുടെ ജീവിത്തിന്റെ പരിഛേദംതന്നെയാണ്. തന്റെ ഒപ്പം നാടിന്റെ കുതിപ്പും കിതപ്പും ഇവിടെ മിന്നിമായുന്നു. തീക്കടല്‍ താണ്ടി നേടിയ സ്വാതന്ത്ര്യതതെകുറിച്ചും ഭാരതത്തിന്റെ ഭാസുരമായ ഭാവിയെകുറിച്ചുമെല്ലാം കറയറ്റ ദേശസ്നേഹത്തിന്റെ തുടുത്ത വര്‍ണ്ണങ്ങളില്‍ ചാലിച്ചെഴുതിയ വാങ്മയ ചിത്രങ്ങള്‍ മനസ്സില്‍ മായാതെ കിടക്കും. ജീവിതം നാളെ നാളെയെന്നു നീണ്ടതിനാല്‍ എല്ലാ ഇന്നുകളും കൈവിട്ടുപോയലോ എന്നോര്‍ത്ത് വേദനിക്കുമ്പോളും ജീവിതം ഒരുയജ്ഞമാണ്. ഞാന്‍ മടങ്ങിവരുമെന്ന് കവി പ്രാഖ്യാപിക്കുന്നു. ഏതു കൊടുങ്കാറ്റിലും അണയാത്ത പ്രത്രേ്യാശയുടെ ദീപം കൊളുത്തിവെച്ച്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: