വടകര: കേരളത്തിന്റെ പരമ്പരാഗത കരകൗശല ഉല്‍പ്പന്നങ്ങളും, കൈത്തറിയും ഉള്‍പ്പെടുത്തി ടൂറിസത്തിന് പ്രോത്സാഹനം നല്‍കിയാല്‍ മാത്രമേ ടൂറിസം മേഖലയില്‍ സംസ്ഥാനത്തിന് പുരോഗതി കൈവരിക്കാന്‍ സാധിക്കുകയുള്ളൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇരിങ്ങല്‍ സര്‍ഗാലയില്‍ ആരംഭിച്ച ദേശീയ കരകൗശല മേള ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നമ്മുടെ നാട്ടിലെത്തുന്ന ടൂറിസ്റ്റുകളെ കേരളത്തിന്റെ തനത് ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന കേന്ദ്രങ്ങളില്‍ എത്തിക്കണം. അതിലൂടെ നമ്മുടെ ജനങ്ങളുമായി അവര്‍ക്ക് ഇടപെടാന്‍ കഴിയുമ്പോഴാണ് യഥാര്‍ത്ഥ ടൂറിസത്തിന്റെ ഗുണം ലഭിക്കുകയുള്ളൂ. പൈതൃകത്തെ ടൂറിസവുമായി ബന്ധപ്പെടുത്തിയാല്‍ മാത്രമേ നമ്മുടെ നാടിന്റെ സംസ്‌കാരത്തെ ലോകത്തിനു മുന്നിലെത്തിക്കാന്‍ സാധിക്കുകയുള്ളൂ.
ടൂറിസം മേഖല ഏറ്റവും കൂടുതല്‍ ഉപയോഗപ്പെടുത്തുന്നത് മധ്യകേരളവും, തെക്കന്‍ കേരളവുമാണ്. വടക്കന്‍ മലബാറിലെ ടൂറിസം മേഖലയിലെ പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ ശ്രമങ്ങള്‍ നടത്തേണ്ടതുണ്ട്. പൊതുനിക്ഷേപങ്ങളും, സ്വകാര്യ നിക്ഷേപങ്ങളും ടൂറിസം മേഖലക്ക് ആവശ്യമാണ്. ടൂറിസം മേഖലയില്‍ സുരക്ഷ ഒരുക്കാന്‍ നമുക്ക് കഴിയണം. അതിനുതകുന്ന സംസ്‌കാരം വളര്‍ത്തിയെടുക്കാനും, ഉത്തരവാദിത്വ ടൂറിസം ശക്തിപ്പെടുത്താനുമുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
സംസ്ഥാന ടൂറിസം വകുപ്പ് വിവിധ മേഖലയിലെ പ്രവര്‍ത്തങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ അവാര്‍ഡ് വിതരണവും മുഖ്യമന്ത്രി നിര്‍വ്വഹിച്ചു. സഹകരണ ടൂറിസം വകുപ്പ് മന്ത്രി കടകമ്പള്ളി സുരേന്ദ്രന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ടൂറിസം ഡയറക്ടര്‍ യു.വി. ജോസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. തൊഴില്‍ എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന്‍, പയ്യോളി നഗരസഭ ചെയര്‍പേഴ്‌സണ്‍ അഡ്വ. പി. കുല്‍സു, വാര്‍ഡ് മെമ്പര്‍ ഉഷ വളപ്പില്‍, കെഎസ്‌ഐഡിസി എക്‌സിക്യുട്ടീവ് ഡയറക്ടര്‍ പി.ടി. ഗിരീഷ്, ടൂറിസം സെക്രട്ടറി വി. വേണു, കെ. ദാസന്‍ എംഎല്‍എ, പി.പി. ഭാസ്‌കരന്‍ എന്നിവര്‍ സംസാരിച്ചു.
















