ഓക്‌സിജന്‍ ജീവവായുവാണ്. ശ്വസനത്തിനുമാത്രല്ല ചികിത്സയ്‌ക്കും ഓക്‌സിജന്‍ ഫലപ്രദമെന്ന് തെളിയിക്കുകയാണ് ഹൈപ്പര്‍ ബാറിക് ഓക്‌സിജന്‍ തെറാപ്പി. അതിവേഗത്തില്‍ വളര്‍ന്നു കൊണ്ടിരിക്കുന്നതും പരമ്പരാഗത രീതികളില്‍ നിന്ന് വ്യത്യസ്തവുമായ ഈ ചികിത്സ, അമേരിക്കയില്‍ വൈദ്യരംഗത്ത് പുതിയ ജീവവായുവും തരംഗവുമായി മാറുമ്പോള്‍ മലയാളിക്കും കേരളത്തിനും അഭിമാനിക്കാം. അമേരിക്കയില്‍ അതീവ നൂതന ശുശ്രൂഷാരംഗത്തിന് നേതൃത്വം നല്‍കുന്നവരില്‍ ഒരാള്‍ മലയാളിയാണ്. അറ്റിങ്ങല്‍ സ്വദേശി ഡോ.സുനിത നായര്‍.
അമേരിക്കയിലെ യൂണിവേഴ്‌സിറ്റി ഓഫ് ഇല്ലിനോയിയില്‍ നിന്ന് ബിരുദാനന്തരബിരുദം കരസ്ഥമാക്കിയശേഷം, മുറിവ് ശുശ്രൂഷയിലും വായു ചികിത്സയിലും വൈദഗ്ധ്യം നേടിയ ഡോ. സുനിത, ചിക്കാഗോയിലെ ഇവാന്‍സ്റ്റസ് സെന്റ് ഫ്രാന്‍സിസ് ഹോസ്പിറ്റല്‍ വൂണ്ട് സ്‌പെഷ്യാലിറ്റി ക്ലിനിക്കില്‍ മെഡിക്കല്‍ ഡയറക്ടറാണ്. അമേരിക്കയുടെ മധ്യപടിഞ്ഞാറന്‍ മേഖലയിലെ ആറു സംസ്ഥാനങ്ങളുടെ റീജിയണല്‍ മെഡിക്കല്‍ ഡയറക്ടര്‍, നൂറിലേറെ സ്‌പെഷ്യാലിറ്റി ക്ലിനിക്കുകളുടെ ഡോക്ടര്‍മാര്‍ അടങ്ങുന്ന സംഘത്തിന്റെ മേധാവി, അമേരിക്കയില്‍ 900 സെന്ററുകള്‍ക്ക് നേതൃത്വം നല്‍കുന്ന മെഡിക്കല്‍ അഡൈ്വസറി ബോര്‍ഡ് അംഗം എന്നീ ചുമതലകളും വഹിക്കുന്നു.
മാസ്റ്റര്‍ ഓഫ് അമേരിക്കന്‍ കോളേജ് ഓഫ് ഫിസിഷ്യന്‍സ്(MACP), ഫെല്ലോ ഓഫ് അമേരിക്കന്‍ കോളേജ് ഓഫ് ഹൈപ്പര്‍ മെഡിസിന്‍(FACHM), ഫെല്ലോ ഓഫ് അമേരിക്കന്‍ പ്രൊഫഷണല്‍ വൂണ്ട് കെയര്‍(FAPWCA) എന്നീ ബിരുദങ്ങളും മറ്റ് അംഗീകാരങ്ങളും നേടിയിട്ടുണ്ട്. അടുത്തിടെ ഇറ്റലിയില്‍ നടന്ന വേള്‍ഡ് യൂണിയന്‍ ഓഫ് വൂണ്ട് ഹീലിങ് സൊസൈറ്റി സമ്മേളനം, കോപ്പന്‍ഹേഗനില്‍ നടന്ന നെഗറ്റീവ് പ്രഷര്‍തെറാപ്പി യൂറോപ്യന്‍ കോണ്‍ഫറന്‍സ് തുടങ്ങിയ ആഗോള വൂണ്ട്‌കെയര്‍ ഉച്ചകോടികളില്‍ ക്ഷണിക്കപ്പെട്ട പ്രഭാഷകയായിരുന്നു പല വൂണ്ട് കെയര്‍ അന്താരാഷ്‌ട്ര കമ്പനികള്‍ക്കും കണ്‍സള്‍ട്ടന്റും ലക്ച്ചറുമായ ഡോ. സുനിത
തീപ്പൊള്ളല്‍, ഉണങ്ങാത്ത മുറിവുകള്‍, റേഡിയേഷന്‍ മൂലം കോശങ്ങള്‍ നശിക്കല്‍ എന്നിവകൊണ്ട് ബുദ്ധിമുട്ടുന്ന രോഗികള്‍ക്ക് വേദനാരഹിതമായ ചികിത്സയാണ് ഹൈപ്പര്‍ ബാറിക് ഓക്‌സിജന്‍ തെറാപ്പി. മനുഷ്യശരീരത്തിലെ ഓക്‌സിജന്റെ അളവു കൂട്ടി രോഗങ്ങള്‍ക്ക് ശമനം നല്‍കുന്നതാണ് ചികിത്സ. വായുമര്‍ദ്ദം ക്രമീകരിച്ച ചേംബറില്‍ സാധാരണ അന്തരീക്ഷത്തിലുള്ളതിനേക്കാള്‍ രണ്ടിരട്ടി മര്‍ദ്ദത്തില്‍ ഓക്‌സിജന്‍ കയറ്റി നൂറു ശതമാനം ശുദ്ധമായ ഓക്‌സിജന്‍ ശരീരത്തില്‍ ആഗിരണം ചെയ്ത,് നശിച്ചു കിടക്കുന്ന കോശങ്ങളെ ഉത്തേജിപ്പിക്കുന്ന ചികിത്സയാണിത്. ഒന്നരമണിക്കൂര്‍ വീതം ദിവസേന ആറാഴ്ച തെറാപ്പിക്ക് വിധേയമാകണം. പരിക്കുകളോ മുറിവുകളോ സംഭവിക്കുന്ന ഭാഗത്ത് കൂടുതല്‍ ഓക്‌സിജന്‍ നല്‍കി മുറിവ് പെട്ടെന്നു ഉണക്കും.
പാശ്ചാത്യ-പൗരസ്ത്യ വൈദ്യശാഖകളേ സംയോജിപ്പിക്കുന്നതില്‍ ഏറെ സാദ്ധ്യതകളുള്ളതാണ് വൂണ്ട് കെയര്‍ ആന്‍ഡ് ഹൈപ്പര്‍ ബാറിക് ഓക്‌സിജന്‍ തെറാപ്പി എന്ന് സുനിതാ നായര്‍ പറയുന്നു. പ്രകൃതിയുമായി ബന്ധപ്പെട്ട വൈദ്യ സിദ്ധാന്തങ്ങളെ പാശ്ചാത്യ വൈദ്യശാഖ ഉള്‍ക്കൊള്ളാന്‍ തയ്യാറാകുന്നു. പ്രത്യേക മെഡിക്കല്‍ ഗ്രേഡിലുള്ള തേനും ഉപ്പും കൊണ്ടുള്ള ഡ്രസ്സിങ്ങുകള്‍ അമേരിക്കയില്‍ വ്യാപകമാകുന്നതുതന്നെ ഉദാഹരണം. യൂറോപ്പിലും അമേരിക്കയിലും കൂടുതല്‍ ഗവേഷണങ്ങള്‍ നടന്നതോടെ വൂണ്ട് കെയര്‍ വൈദ്യശാസ്ത്ര സ്‌പെഷ്യാലിറ്റിയായി രൂപം കൊണ്ടു.
വര്‍ഷങ്ങളായി ഉണങ്ങാത്ത മുറിവുകളും പൊള്ളലുകളും ഉള്ള രോഗികള്‍ക്ക് ശസ്ത്രക്രിയയും അവയവങ്ങള്‍ മുറിച്ചുമാറ്റലും അല്ലാതെ മറ്റു നിര്‍വാഹമില്ലായിരുന്നു. പ്രമേഹം അമിത കൊളസ്‌ട്രോള്‍ ശിരോധമനികളില്‍ രക്തചംക്രമണ പ്രശ്‌നങ്ങള്‍ എന്നിവ ഉള്ളവര്‍ക്കും പുകവലിക്കാര്‍ക്കും പൂര്‍ണമായും ഉണങ്ങാത്ത ബാഹ്യആന്തരിക വ്രണങ്ങള്‍ പ്രശ്‌നം തന്നെ ആണ്. ശരീരത്തിന് മുറിവ് ഉണക്കാന്‍ കഴിയാതെ വരുന്നത് അമിത അളവിലുള്ള ബ്ലഡ് ഷുഗര്‍, രക്ത ചംക്രമണ തകരാറുകള്‍, വ്രണം പഴുക്കല്‍ എന്നിങ്ങനെ പല കാരണങ്ങള്‍ കൊണ്ടാണ്. ഈ കാരണങ്ങള്‍ കണ്ടെത്തി ആധുനിക ചികിത്സാ രീതികള്‍ ഉപയോഗിച്ച് മുറിവുകള്‍ ഭേദമാക്കുകയാണ് വൂണ്ട് കെയര്‍ ആന്‍ഡ് ഹൈപ്പര്‍ ബെറിക് ഓക്‌സിജന്‍ തെറാപ്പി ചെയ്യുന്നത് .
‘ചീഞ്ഞെടം വച്ച് മുറിച്ചു കളയുക’ എന്ന പഴമൊഴിയെ ഓര്‍മ്മിപ്പിക്കും വിധമായിരുന്നു ഇതുവരെ കിട്ടാവുന്ന ഏകചികിത്സാ. ഹൈപ്പര്‍ബെയറിക് തെറാപ്പിയുടെ ആഗമനത്തോടെ വ്രണങ്ങള്‍ ഉണക്കി ആമ്പ്യുറ്റേഷനുകളില്‍ നിന്ന് കരകയറുന്നവര്‍ പതിനായിരങ്ങളാണ്. പ്രമേഹം കൊണ്ട് പഴുത്ത പാദ വ്രണങ്ങള്‍, റേഡിയേഷന്‍ തെറാപ്പി കൊണ്ടുണ്ടായ മുറിവുകള്‍, കേള്‍വിക്കുറവ്, എല്ലു പഴുപ്പ്, കാലിലുള്ള ആന്റീരിയല്‍ സര്‍ക്കുലേഷന്‍ രോഗം എന്നിവയ്‌ക്ക് ഈ ചികിത്സകൊണ്ട് അവയവ ഛേദനത്തിനുള്ള സാധ്യതകള്‍ കുറയുമെന്നാണ് ഡോ.സുനിതയുടെ അനുഭവങ്ങള്‍.
ഹൈപ്പര്‍ബാരിക് ഓക്‌സിജന്‍ തെറാപ്പി കേരളത്തിലും വ്യാപകമാക്കാനാകും എന്നാണ് ഡോ.സുനിത പറയുന്നത്. ആയപര്‍വേദവുമായി സമന്വയിപ്പിക്കാന്‍ കഴിയുമോ എന്നതില്‍ കൂടുതല്‍ ഗവേഷണങ്ങളും ഉണ്ടാകണം. ഇതിന്റെ പ്രാധാന്യത്തെക്കുറിച്ച് അറിവും വൈദഗ്ധ്യവും പകരുക എന്ന ലക്ഷ്യത്തോടെ കേരളത്തിലെ ആശുപത്രികളുമായി ബന്ധപ്പെടുത്തി ബൃഹദ് സംരംഭത്തിന് തയ്യാറെടുക്കുകയാണ് ഡോ. സുനിതാ നായര്‍.
ചങ്ങനാശ്ശേരി പായിപ്പാട് വെള്ളാപ്പള്ളി വീട്ടില്‍ അപ്പുകുട്ടന്‍ നായരുടേയും ആറ്റിങ്ങല്‍ അവനവഞ്ചേരി വേലവിളാകം വീട്ടില്‍ സുകുമാരിയുടേയും മകളായ സുനിത, തൃപ്പൂണിത്തുറ ഏരൂര്‍ സ്വദേശി ജയദേവ് നായരുടെ ഭാര്യയാണ്.വര്‍ഷങ്ങളായി ചിക്കാഗോയില്‍ താമസിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: