വടകര: അഴിയൂര്‍ ഗ്രാമ പഞ്ചായത്തിലെ പൊതു സ്ഥലങ്ങളിലെ കൊടികളും, ബോര്‍ഡുകളും, ബാനറുകളും മറ്റും നീക്കാനുള്ള പോലിസ് നടപടികള്‍ പാളി. വടകര സി ഐ യുടെ സാന്നിദ്ധ്യത്തില്‍ ചേര്‍ന്ന സര്‍വ്വകക്ഷി യോഗമാണ് പൊതു സ്ഥലങ്ങളിലെ കൊടികളും മറ്റും നീക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും ഇക്കാര്യത്തില്‍ തുടര്‍നപടികളായില്ല. സര്‍വ്വ കക്ഷി യോഗത്തിനുശേഷം നേരത്തെ എടുത്ത തീരുമാനങ്ങള്‍ ലംഘിക്കുന്ന തരത്തില്‍ അഴിയൂര്‍ മുതല്‍ മുക്കാളി വരെ കൊടിമരങ്ങളും, പോസ്റ്ററുകളും വ്യാപകമായി സ്ഥാപിച്ചിട്ടുണ്ട്.
ഗതാഗത തടസ്സമുണ്ടാകുന്ന തരത്തില്‍ സ്ഥാപിച്ച കൊടിമരങ്ങളും മറ്റും നീക്കാന്‍ പോലീസിന്റെ ഭാഗത്തുനിന്ന് ഒരു നീക്കവും നടത്തിയില്ലെന്ന് ആക്ഷേപം ഉയരുകയാണ്.പഞ്ചായത്ത് പരിധിയിലെ കെ എസ് ഇ ബി പോസ്റ്റുകള്‍ക്ക് മുമ്പില്‍ പെയിന്റടിച്ച് വിവിധ സംഘടനകള്‍ എഴുത്തും തുടങ്ങിയിട്ടുണ്ട്. കെ എസ്ഇ ബി യുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി പോസ്റ്റുകള്‍ക്ക് മുകളില്‍ എഴുതിയ നമ്പര്‍ കോഡ് പോലും മായ്ച്ചാണ് എഴുത്ത് നടത്തിയത്. തീരുമാനമെടുത്ത രാഷ്‌ട്രീയ പാര്‍ട്ടികള്‍ തന്നെ ഇത് ലംഘിക്കുമ്പോള്‍ ചോമ്പാല്‍ പോലിസ് വെറും കാഴ്‌ച്ചക്കാരായി മാറുകയാണെന്ന് പരക്കെ പരാതിയുയര്‍ന്നു.പോസ്റ്ററുകളും ബാനറുകളും നശിപ്പിക്കുന്നത് സംബന്ധിച്ച് തര്‍ക്കങ്ങള്‍ ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു.
















