കല്‍പ്പറ്റ : കാട്ടിക്കുളത്ത് വീട്ടില്‍കയറി കുടുംബാംഗങ്ങളെ ആക്രമിച്ച സംഭവത്തില്‍ മര്‍ദനത്തിനിരയായവരെ പ്രതികളാക്കി അക്രമികള്‍ പോലീസിന് വ്യാജ പരാതി നല്‍കുകയായിരുന്നുവെന്ന് മര്‍ദനത്തിനിരയായവരുടെ മക്കള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
അയല്പക്കത്തു താമസിക്കുന്ന വിദ്യാഗോപുരം വീട്ടില്‍ രവി, ബാലന്, ഗോപകുമാര്‍, നിര്‍മ്മല, മകളായ നിഥുല, രമിഷ, ഉണ്ണി, വിനീത്, ആനന്ദ് എന്നിവരും ഇവരുടെ ബന്ധുക്കളായ ചിലരും ചേര്‍ന്നാണ് പ്ലാക്കുണ്ടില് കൃഷ്ണന്(85), ഭാര്യ അമ്മിണി(63), മകള്‍ സുലോചന(44) എന്നിവരെ ക്രൂരമായി മര്‍ദിച്ചത്. ഈ സംഭവത്തിന് അയല്‍വാസികള്‍ ദൃക്സാക്ഷികളാണ്. എന്നാല്‍ സംഭവത്തില്‍ തങ്ങളെ പ്രതികളാക്കിയാണ് പോലീസ് കേസെടുത്തത്. വസ്തു സംബന്ധമായ തര്‍ക്കമാണ് വിദ്യാഗോപുരം വീട്ടുകാര്‍ക്ക് തങ്ങളോടുള്ള വൈരാഗ്യത്തിന് കാരണമെന്നും പി.കെ. സുനീഷ്, സുലോചന, സുരേഷ്, മോഹനന് എന്നിവര്‍ പറഞ്ഞു.
എട്ടാംതീയതി വൈകിട്ട് 4.30നായിരുന്നു സംഭവം. അക്രമികള്‍ മാരകായുധങ്ങളുമായി വീട്ടിലേക്ക് കയറിയെത്തി അമ്മിണിയെ വെട്ടി. തലയ്ക്ക് വെട്ടേറ്റ ഇവരെ വീട്ടുമുറ്റത്തേക്ക് വലിച്ചിഴച്ച് കൊണ്ടുവന്ന് ഇടതു കൈ തല്ലിയൊടിക്കുകയും ചെയ്തു. തടയാന്‍ ശ്രമിച്ച ഭര്‍ത്താവ് കൃഷ്ണന്, മകള്‍ സുലോചന എന്നിവരെയും പരിക്കേല്‍പ്പിച്ചു. മാരകമായി പരിക്കേറ്റ ഇവരെ കാട്ടിക്കുളത്തുള്ള ഓട്ടോ ഡ്രൈവര്‍മാര്‍ പോലീസ് എയ്ഡ്പോസ്റ്റിലേക്കാണ് ആദ്യം കൊണ്ടുപോയത്. അമ്മിണിയുടെ തലയില്‍ നിന്നും രക്തംവാര്ന്നൊലിക്കുന്നതിന്റെയും തളര്‍ന്നിരിക്കുന്ന അവരുടെ ഭര്‍ത്താവായ കൃഷ്ണന്റെയും ദൃശ്യങ്ങള്‍ അവിടുത്തെ സിസിടിവിയില്‍ കാണാം.
ആക്രമിസംഘത്തിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കാം എന്ന പോലീസ് അധികാരികളുടെ ഉറപ്പില്‍ ജില്ലാ ഹോസ്പിറ്റലിലേക്ക് പോയി. ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തങ്ങളെ സന്ദര്‍ശിക്കാനെത്തിയ മക്കളെയും കുറ്റിയാടി, വടകര എന്നിവിടങ്ങളില്‍ നിന്നെത്തിച്ച ഗുണ്ടാസംഘങ്ങളെ കൊണ്ട് മര്‍ദിച്ചു. 15 അംഗ ഗുണ്ടാസംഘത്തില്‍നിന്ന് രണ്ടുപേരെ കീഴ്പ്പെടുത്തി തങ്ങള്‍ പോലീസിനുകൈമാറി. എന്നാല്‍ പോലീസ് ഇവരെ അറസ്റ്റു ചെയ്യാതെ വിട്ടയക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: