കോഴിക്കോട്: 5 ദിവസമായി പൂട്ടിക്കിടക്കുന്ന തിരുവണ്ണൂര്‍ കോട്ടണ്‍മില്‍ തുറന്നു പ്രവര്‍ത്തിപ്പിക്കണമെന്നും ജീവനക്കാര്‍ക്ക് ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ഉടന്‍ നല്‍കണമെന്നും ആവശ്യപ്പെട്ട് ബിഎംഎസ്-ഐഎന്‍ടിയുസി സംഘടനകളുടെ നേതൃത്വത്തില്‍ പന്നിയങ്കര വില്ലേജ് ഓഫീസിന് മുന്നില്‍ തൊഴിലാളികള്‍ ധര്‍ണ്ണ നടന്നു. ദിനേശ് പെരുമണ്ണ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. കോര്‍പ്പറേഷന്‍ ബിജെപി കൗണ്‍സില്‍ പാര്‍ട്ടി നേതാവ് നമ്പിടി നാരായണന്‍ അധ്യക്ഷത വഹിച്ചു. തൊഴിലാളി സംഘടനാ നേതാക്കളായ കെ.കെ. സുരേഷ്, ആര്‍. പുഷ്പരാജ്, കെ. ഉദയകുമാര്‍, പി.വി. രാജേഷ് കൗണ്‍സിലര്‍ നിര്‍മ്മല എന്നിവര്‍ സംസാരിച്ചു. രണ്ട് മാസക്കാലമായി കമ്പനി അടച്ചിട്ടിട്ടും സിഐടിയു നേതൃത്വത്തിലുള്ള തൊഴിലാളി സംഘടന സമരത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. കുടിശ്ശിക കാരണം കെഎസ്ഇബി വൈദ്യുതി ബന്ധം വിഛേദിച്ചതിനെ തുടര്‍ന്ന് ഒക്‌ടോബര്‍ 19 മുതല്‍ കമ്പനിയുടെ പ്രവര്‍ത്തനം പൂര്‍ണമായി നിലച്ചിരിക്കുകയാണ്. 2.19 കോടി രൂപ കുടിശ്ശികയാണ് കെഎസ്ഇബിക്ക് അന്ന് അടക്കാനുണ്ടായിരുന്നത്. മൂന്ന് തവണയായി കുടിശ്ശിക അടച്ചുതീര്‍ക്കാമെന്ന് കെഎസ്ഇബി നിര്‍ദ്ദേശിച്ചിട്ടും കുടിശ്ശിക അടക്കാന്‍ കമ്പനി തയ്യാറായിട്ടില്ല.
















