മുക്കം: കള്ളനോട്ടുമായി ബാങ്കിലെത്തിയ സ്ത്രീ അറസ്റ്റിലായി. മുക്കത്തിനടുത്ത വല്ലത്തായ്‌പാറയിലെ പാട്ടുകര ഹസീന (32 )യെയാണ് മുക്കം പൊലീസ് അറസ്റ്റ് ചെയ്തത്. നവംമ്പര്‍ 24 ന് ഹസീന സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ മുക്കം ശാഖയില്‍ നല്‍കിയ 49000 രൂപയില്‍5000 രൂപയാണ് വ്യാജമെന്ന് കണ്ടെത്തിയത്. 500 രൂപയുടെ 10 നോട്ടുകളില്‍ സംശയം തോന്നിയ ബാങ്ക് മനേജര്‍ നോഡല്‍ ഓഫീസര്‍ക്ക് കൈമാറുകയായിരുന്നു. തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് നോട്ടുകള്‍ വ്യാജമാണെന്ന് വ്യക്തമായത്.
ബാങ്കധികൃതര്‍ കോഴിക്കോട് ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് തുടര്‍ നടപടിക്ക് മുക്കം പൊലീസിനു കൈമാറുകയുമായിരുന്നു. ഹസീനയുടെ ഉടമസ്ഥതയില്‍ മുക്കം അങ്ങാടിയില്‍ പോസ്റ്റ് ഓഫീസ് പരിസരത്തുള്ള സീ വൈറ്റ് ഡ്രൈ വാഷ് ആന്റ് ലോങ് ഡ്രിംഗ് എന്ന സ്ഥാപനത്തില്‍ നിന്ന് ഇന്നലെ രാവിലെയാണ് ഇവരെ പിടികൂടിയത്. സബ് ഇന്‍സ്പക്ടര്‍ എം.സനല്‍രാജ്, എഎസ്‌ഐ വേണുഗോപാല്‍, വനിത സിവില്‍ പൊലീസ് ഓഫീസര്‍ രജനി എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. താമരശ്ശേരി സി.ജെ.എം. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
















